Link copied!
Sign in / Sign up
5
Shares

വാവേ.., ദേ അങ്ങോട്ട് നോക്കിയേ..,

വാവേ.., ദേ അങ്ങോട്ട് നോക്കിയേ.., കാക്കയെ കണ്ടോ?? ഇപ്പൊ മാമമുണ്ടില്ലേൽ ഇത് കാക്ക കൊണ്ടോകും..!!  നമ്മുക്ക് മുട്ടനാകണ്ടേ? പോലീസിനെ ഇടിക്കണ്ടേ?? കുഞ്ഞുങ്ങൾ ഉള്ള നാട്ടിൻ പുറങ്ങളിലെ വീടുകളിൽ സ്ഥിരമായി കേൾക്കുന്ന ചില ഡയലോഗുകൾ ആണ് മുകളിൽ പറഞ്ഞത്. കുട്ടികളെ പ്രസവിക്കുന്നതിനേക്കാൾ കഷ്ടപ്പാടാണ് അവരെക്കൊണ്ടു ആഹാരം കഴിപ്പിക്കാൻ എന്നാണ് മിക്ക അമ്മമാരുടെയും അഭിപ്രായം. മുത്തശ്ശന്മാരും മുത്തശ്ശിമാരും മറ്റു മുതിർന്നവരുമുള്ള വീടാണെങ്കിൽ പിന്നെ കുഞ്ഞുങ്ങളെ ആഹാരം കഴിപ്പിക്കുന്നതും ഉറക്കുന്നതുമെല്ലാം അവർ നോക്കിക്കോളും. അല്ലാത്തവർക്കാണ് ഏറ്റവും ബുദ്ധിമുട്ട്. എന്നുകരുതി അവർക്ക് ഭക്ഷണം കൊടുക്കാതിരിക്കാനാവുമോ? അതൊട്ടുമില്ല.ആറുമാസം മുതൽ രണ്ടു വയസുവരെ പ്രായമുള്ള കുഞ്ഞുങ്ങളെകൊണ്ട് ഭക്ഷണം കഴിപ്പിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്. ഏതു സമയത്തു അവർക്കു എന്തൊക്കെയാണ് ഇഷ്ടമാവുക എന്നറിയാത്തത് തന്നെയാണ് പ്രശ്നം. ഇതിനായി കുറച്ചധികം ദിവസം ചെലവഴിച്ചു ഓരോ ഭക്ഷണവും നൽകി അവ എത്ര അളവ് വരെ അവർ കഴിക്കുന്നുണ്ട് എന്ന് നിരീക്ഷിക്കേണ്ടി വരും. കൊടുക്കുന്ന ആഹാരത്തിന്റെ ഗുണമേന്മയും നോക്കണം.കുഞ്ഞിന് ജങ്ക് ഫുഡ് ന്റെ രുചി ഇഷ്ടപ്പെട്ടാൽ അവ വാങ്ങി നല്കാൻ കഴിയില്ലല്ലോ...അപ്പോൾ പിന്നെ എന്താണ് മാർഗം?

ചില കുട്ടികൾക്ക് ചില ആഹാരം ഇഷ്ടമല്ല എന്നാണെകിൽ ചിലർക്ക് ഒരു ആഹാരവും കഴിക്കാൻ ഇഷ്ടമുണ്ടാകില്ല. എന്ത് വച്ച് നീട്ടിയാലും അവർ അത് നിരസിക്കുകയാണ് പതിവ്. ചില മടിയന്മാർക്ക് ആഹാരം ചവയ്ക്കാൻ മടിയായിരിക്കും. ഈ സമയത്തു അടിച്ചോ ഭീഷണിപ്പെടുത്തിയോ ആഹാരം കഴിപ്പിക്കാൻ നോക്കുന്നത് അവർക്ക് ആഹാരത്തോടു തന്നെ പേടിയും മടുപ്പും ഉണ്ടാക്കും. അതുകൊണ്ടു തന്നെ സ്മൂത്തി ഡയറ്റ് പരീക്ഷിക്കാവുന്നതാണ്. കുഴമ്പു രൂപത്തിലുള്ള ആഹാരം കഴിക്കാൻ വളരെ എളുപ്പമാണെന്നത് തന്നെ കാര്യം. പക്ഷെ ഈ രീതി ഒരുപാടു നാൾ തുടരുന്നത് അവരെ കൂടുതൽ മടിയന്മാർ ആക്കുകയെ ഉള്ളൂ.!

ആഹാരത്തിന്റെ രുചിയേക്കാൾ കുഞ്ഞുങ്ങളെ ആകർഷിക്കുന്നത് അവയുടെ നിറവും വലിപ്പവുമൊക്കെയാണ്. അതിനാൽ തന്നെ അവർക്കു സ്വയം എടുത്തു കഴിക്കാൻ പാകത്തിൽ ചെറുതായി മുറിച്ചു ആഹാരസാധനങ്ങൾ വേവിച്ചു കൊടുക്കാം. ഉദാഹരണത്തിന് കാരറ്റ്, ബീൻസ് തുടങ്ങിയ പച്ചക്കറികൾ ചെറുതായി മുറിച്ചു ഇടകലർത്തി കൊടുക്കുക.

കുറച്ചുകൂടി മുതിർന്ന കുട്ടികൾ ആണെങ്കിൽ ദോശ, ഇഡ്ഡലി തുടങ്ങിയവയുടെ മാവിൽ ബീറ്റ്റൂട്ട്, കാരറ്റ്, പുതിന, മല്ലിയില തുടങ്ങിയവ അരച്ച് ചേർത്ത് കളർഫുൾ ദോശയും ഇഡലിയുമൊക്കെ നൽകാം. ഒപ്പം അവർക്കിഷ്ടമുള്ള കാർട്ടൂൺ രൂപത്തിലോ മറ്റോ ഇവ ഒരുക്കുകയും ചെയ്യുക. സിനിമയിൽ കാണുന്ന പോലെ ബ്രെഡ്, ബുൾസൈ തുടങ്ങിയവയുടെ മുകളിൽ സോസ് ഒഴിച്ച് നൽകുന്ന പരിപാടി പാടെ നിർത്തുക. ഭംഗിയോടൊപ്പം ആരോഗ്യവും പ്രധാനമാണല്ലോ..

പ്രഭാത ഭക്ഷണം- ഉച്ചയൂണ്- അത്താഴം എന്നിങ്ങനെയുള്ള ആഹാര ക്രമം ഒരിക്കലും കുഞ്ഞുങ്ങൾ പിന്തുടരില്ല എന്നറിയാമല്ലോ, എന്ന് കരുതി എപ്പോഴും ആഹാരം കൊടുക്കുകയുമരുത്. പ്രത്യേകിച്ച് ഫുഡ് സപ്ലിമെന്റുകളും ബിസ്കറ്റുകളും മറ്റും. അവ വളർച്ചയെ സഹായിക്കില്ല എന്ന് മാത്രമല്ല, അവരുടെ വിശപ്പ് കെടുത്തുകയും ചെയ്യും. ഓരോ സമയത്തും നൽകുന്ന ആഹാരത്തിന്റെ അളവിൽ വ്യത്യാസം വരുത്തി വേണം ആഹാര ക്രമത്തിലേക്ക് കൊണ്ടുവരാൻ. അതായത് മൂന്നു നേരവും നൽകുന്ന ആഹാരത്തിൽ നിർബന്ധമായും ധാന്യങ്ങൾ ഉണ്ടായിരിക്കണം. ഇടനേരത്തു നൽകുന്നതിനെ അപേക്ഷിച്ചു ഇവയുടെ അളവും കൂടുതൽ ആയിരിക്കണം. ദഹനക്കേട് ഉണ്ടാക്കുന്നവയൊഴികെ വീട്ടിൽ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണവും നൽകി ശീലിപ്പിക്കുകയും വേണം. ഇതിനെല്ലാമുപരി വിശക്കാനുള്ള ഇടവേളയും അവർക്കു നൽകേണ്ടതുണ്ട്.

പുതിയതായി കുഞ്ഞിന് കൊടുക്കുന്ന ഓരോ ഭക്ഷണവും അവർക്കു ഇഷ്ടമുള്ള ആഹാരത്തോടൊപ്പം ചേർത്ത് കൊടുക്കാൻ ശ്രമിക്കുക. അങ്ങനെ വരുമ്പോൾ അരുചി മാറിക്കിട്ടും.അവർ പുതിയ ആഹാരം കഴിച്ചു തുടങ്ങുകയും ചെയ്യും. 

കുഞ്ഞിന് മാത്രമായി ഭക്ഷണം കൊടുക്കുന്നതിനേക്കാൾ നല്ലത് അമ്മയും അതിനോടൊപ്പം കഴിക്കുക എന്നതാണ്. നമ്മൾ കഴിക്കുന്നത് കാണുമ്പോൾ അവർക്കും കഴിക്കാൻ തോന്നും. ഇക്കാര്യത്തിൽ മത്സരം പോലുമാകാം. ഇടയ്ക്ക് കളിയും ചിരിയുമായി ഭക്ഷണം കഴിക്കുന്നത് തന്നെ അവർ അറിയുന്നുണ്ടാവില്ല. ഒപ്പം മുകളിൽ പറഞ്ഞതുപോലെ തന്നെ കാക്കയെയും പൂച്ചയേയും ഒക്കെ കാണിച്ചു കഥ പറയുന്നതും ആഹാരം കഴിക്കുന്നതിനോടൊപ്പം തന്നെ അവരുടെ ബുദ്ധിവികാസത്തിനും നിരീക്ഷണ ബാധിയ്ക്കും ഗുണം ചെയ്യും

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon