Link copied!
Sign in / Sign up
7
Shares

കുഞ്ഞിന് ബുദ്ധി കുവാണെന്നു പരാതിപ്പെടാൻ വരട്ടെ...,

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഓണപ്പരീക്ഷ കഴിഞ്ഞു പി ടി എ മീറ്റിങ് നടക്കുകയാണ്. അത്ര വല്യ പഠിപ്പി അല്ലാത്തതിനാൽ ടീച്ചർമാരുടെ അത്യാവശ്യം ഉപദേശമൊക്കെ കേട്ട് സ്റ്റാഫ് റൂമിൽ നിന്നിറങ്ങി വരുമ്പോഴുണ്ട്  ഞങ്ങളുടെ ക്ലാസ്സിലെ പഠിപ്പി പാൽക്കുപ്പി എന്നൊക്കെ ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന രഞ്ജിത്തിന്റെ അമ്മ കണക്കുമാഷിനോട് പരാതി പറയുന്നത് കേൾക്കുന്നത്. അവൻ രാവിലെ താമസിച്ചാണത്രെ എഴുന്നേൽക്കുന്നത്. എപ്പോഴാണെന്നല്ലേ പുലർച്ചെ അഞ്ചുമണിക്ക് . ബ്രാഹ്മമുഹൂർത്തത്തിൽ പഠിച്ചാൽ ബുദ്ധിവികസിക്കുമെന്ന് പറഞ്ഞു അവനെ എന്നും മൂന്നരയ്ക്ക് വിളിക്കാറുണ്ടത്രെ ആ അമ്മ. ഇതുകേട്ട എന്റെ അമ്മ എന്നെയൊരു നോട്ടം! ഏതോ സിനിമയിൽ ആരോ പറഞ്ഞത് പോലെ ഞാനങ്ങട്‌ ഇല്ലാണ്ടായ് പോയഡോ!

ഒരിക്കൽ അച്ഛൻ വാങ്ങിക്കൊണ്ടു വന്ന ബ്ലാക്ക് ഹൽവ അനിയൻ കഴിക്കാതിരിക്കാൻ രാവിലെ അലാറം വച്ച് എണീറ്റപ്പോഴാണ് അതിനു മുൻപ് ഞാൻ അഞ്ചു മണി കാണുന്നത്. ഹൽവയെകുറിച്ചോർത്ത് പോകുന്ന വഴിക്ക് ഹൽവ വാങ്ങി തരണമെന്ന് അമ്മയോട് പറയാൻ തുടങ്ങുമ്പോഴാണ് മ്മടെ ചങ്കത്തി അശ്വതിയും അമ്മയും അങ്ങോട്ട് വന്നത്. 

"കൊച്ചിന്റെ റിസൾട്ട് എങ്ങനെയുണ്ട്?" ആന്റി ചോദിച്ചു.

"കുഴപ്പമില്ല ആന്റി" എന്ന് ഞാൻ.

"എന്തൊക്കെ പറഞ്ഞാലും നമ്മടെ ബുദ്ധിയല്ലേ അവർക്ക് കിട്ടുന്നത്. തല്ലിയിട്ട് എന്താ കാര്യം?" അമ്മയുടെ ഡയലോഗ്.

പകച്ചു പോയീ എന്റെ ബാല്യം! അമ്മയാണമ്മേ ശെരിക്കും അമ്മ! അമ്മ മുത്താണ്!

പറയാൻ വന്നത് കുട്ടികളുടെ ബുദ്ധിശക്തിയെപ്പറ്റി ആണ്. ബുദ്ധി കുറവായതിനു അവരെ അടിച്ചിട്ടോ വഴക്കു പറഞ്ഞിട്ടോ മുഴുവൻ നേരവും പുസ്തകങ്ങളുടെ നടുവിൽ ഇരുത്തിയിട്ടോ കാര്യമില്ലെന്നർത്ഥം. പഠനത്തിൽ ബുദ്ധിയെക്കാൾ കൂടുതൽ ഏകാഗ്രതയും ഓർമശക്തിയുമാണ് പ്രധാനം. അതിനുള്ള പരിശീലനം ഗർഭകാലത്തു തുടങ്ങിയാലോ? കതിരിൽ കൊണ്ടു വളം വച്ചിട്ടെന്താ പ്രയോജനം? അതിനുള്ള സ്മാർട്ട് വഴികളാണ് ഇനി പറയുന്നത്.

രാത്രി ഉറങ്ങുന്നതിനു മുൻപ് കഥ പറഞ്ഞു കൊടുക്കുക.

മൂന്നാം ട്രൈമെസ്റ്റർ   മുതൽ അമ്മയുടെ ചലനങ്ങളും പുറം ലോകത്തു സംഭവിക്കുന്ന കാര്യങ്ങളും കുഞ്ഞു അറിയാൻ തുടങ്ങും. അതുകൊണ്ട് തന്നെ കുഞ്ഞിനോട് ഇടയ്ക്കിടെ സംസാരിയ്ക്കാം. പ്രത്യേകിച്ചും രാത്രിയിൽ കഥകൾ പറഞ്ഞുകൊടുക്കുകയും പാട്ടു പാടുകയും ചെയ്യാം.

എപ്പോഴും ആക്റ്റീവ് ആയിരിക്കുക

ഗർഭകാലത്ത് വളരെ സജീവമായിരിക്കുന്ന അമ്മമാരുടെ കുട്ടികൾ പൊതുവെ കൂടുതൽ ബുദ്ധിമാന്മാർ ആയി കാണപ്പെടാറുണ്ട്. മനസിന്‌ സന്തോഷം നൽകുന്ന പ്രവർത്തികളിൽ ഏർപ്പെടാൻ എപ്പോഴും ശ്രദ്ധിക്കുക. മിതമായ വ്യായാമങ്ങളും യോഗയുമെല്ലാം  ഇതിനു വളരെയധികം സഹായിക്കും. ഒപ്പം ശരീരത്തിലെ രക്ത ചംക്രമണം ക്രമമാക്കാനും സഹായിക്കും..

സൂര്യപ്രകാശം കൊള്ളുക

വിറ്റാമിൻ ഡി യുടെ പ്രാധാന്യത്തെക്കുറിച്ചു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിന്റെ അഭാവം കുട്ടികളിൽ ഓട്ടിസത്തിന് വരെ കരണമാകാമെന്നു കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ദിവസവും അല്പം ഇളം വെയിൽ കൊള്ളാൻ പരമാവധി ശ്രദ്ധിക്കുക.

വയറിൽ സ്പർശിക്കുക

ഗർഭാശയത്തിന് ഉള്ളിലാണെങ്കിൽ പോലും വയറിനു പുറത്തുകൂടിയുള്ള അമ്മയുടെയും അച്ഛന്റെയും സ്പർശനവും സംസാരവും വളരെയേറെ ഗുണമുള്ളതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ട് തന്നെ ഇനി വയറിൽ തൊടാനും ആൽമണ്ട് ഓയിൽ, ഒലിവ് ഓയിൽ തുടങ്ങിയവ ഉപയോഗിച്ച്  ചെറുതായി മസ്സാജ് ചെയ്യാനും ഒട്ടും മടിക്കേണ്ട.

പല തരത്തിലുള്ള ആഹാരം കഴിക്കുക

ഗർഭസ്ഥ ശിശുവിന് പന്ത്രണ്ട് ആഴ്ച പ്രായമാകുമ്പോഴേക്കും നാവിലെ രസമുകുളങ്ങൾ രൂപം കൊള്ളുമത്രെ. ഗർഭകാലത്ത് സ്ഥിരമായി കാരറ്റ് ജ്യൂസ് കുടിക്കുമായിരുന്ന ഒരു സ്ത്രീയുടെ കുഞ്ഞ് ജനനശേഷം ഏറ്റവും കൂടുതൽ ഇഷ്ടം കാണിച്ചിരുന്നത് കാരറ്റിനോടായിരുന്നത്രെ. ഈ സമയത്ത് പൊതുവെ എല്ലവരുടെയും രുചികളും ഇഷ്ടങ്ങളും മാറുമെന്നുള്ളത് സത്യമാണ്. എങ്കിലും ദിവസവും പല രുചികളിലുള്ള ആഹാരം കഴിക്കാൻ ശ്രമിക്കുന്നത് വളരെയധികം ഗുണം ചെയ്യും.

നഴ്‌സറി കവിതകളും കഥകളും വായിക്കുക

ഗർഭകാലത്ത് നഴ്‌സറി കവിതകളും കഥകളും വായിക്കുന്നത് കുട്ടികളുടെ ഗ്രഹണശേഷി വർധിപ്പിക്കുന്നു. പിന്നീട് ഇവ കേൾക്കുമ്പോൾ വേഗം മനസിലാക്കാനും സഹായിക്കുന്നു.

ഇതിനെല്ലാം ഒപ്പം തന്നെ ശാന്തമായ പതിഞ്ഞ സംഗീതം കേൾക്കുന്നതും വളരെയേറെ സഹായകമാണ്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon