താടി ഏതൊരു ആണിന്റെയും സ്വകാര്യ അഹങ്കാരമാണ്. ചീകിയൊതുക്കിയ താടി ആത്മവിശ്വാസത്തിന്റെയും പുരുഷ്വത്വത്തിന്റെയും പ്രതീകമാണ്. ഹിന്ദി നടൻമാരെ പോലെ മീശയും താടിയും വടിച്ചുകളയുന്ന കാലം എന്നേ മണ്മറഞ്ഞു. ഇന്ന് താടിയും മുടിയും നീട്ടി വളർത്തുന്ന ഫ്രീക്കൻമാരുടെ ലോകമാണ്.
നിങ്ങളുടെ താടി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കണോ? ഇതാ ചില പൊടികൈകൾ!!
1. അസ്വസ്ഥത നേരിടാൻ തയ്യാറാവുക.
താടി വളർത്തുന്ന ഏതൊരാളും ആദ്യ കാലങ്ങളിൽ നേരിടുന്ന ഒരു പ്രശ്നമാണ് ഇടക്കിടെയുള്ള ചൊറിച്ചിലും അസ്വസ്ഥതയും. എത്രയും പെട്ടെന്നു താടി കളയാനുള്ള ഒരു മനഃസ്ഥിതിയും ഉണ്ടായെന്നു വരാം. ഈ കാലഘട്ടം തളരാതെ പിടിച്ചു നിൽക്കുക തന്നെ വേണം.
2. ഉചിതമായ ഉപകരണം ഉപയോഗിക്കുക.
താടിയുടെ മോടി കൂട്ടാൻ ശ്രമിക്കുമ്പോൾ വേണ്ട ഉപകരണങ്ങൾ കൈയിലുണ്ടെന്നു ഉറപ്പു വരുത്തണം. ബ്രിസ്റ്റിൽ ബ്രഷ് ഉപയോഗിച്ച് കെട്ടുപിണഞ്ഞ രോമങ്ങൾ നേരെയാക്കുക. ചെറിയ ചെറിയ രോമങ്ങൾ പിഴുത് കളയുന്നതും നന്നായിരിക്കും.
3. ഷാംപൂ ഉപയോഗിക്കുക.
തലമുടി കഴുകുന്ന ഷാംപൂ ഉപയോഗിക്കാതെ താടിക്കു വേണ്ടി പ്രത്യേകം ഷാംപൂ വാങ്ങിയിട്ടുണ്ടാകണം. ലളിതമായ ഷാംപൂ ആയിരിക്കും കൂടുതൽ നല്ലത്. കൂടെ, കട്ടിയുള്ള കണ്ടീഷണറും ഉപയോഗിക്കുക. ഇത് മുടി കെട്ടുപിണയാതിരിക്കാൻ സഹായിക്കും. കണ്ടീഷണർ തേച്ചു കഴിഞ്ഞാൽ കഴുകുന്നതിനു മുൻപ് അല്പനേരം കാത്തിരിക്കുവാൻ മറക്കരുത്.
4. താടി വൃത്തിയായി സൂക്ഷിക്കാം.
താടിരോമങ്ങൾക്കിടയിലെ ചർമ്മം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇത് രോമ വളർച്ച കൂട്ടാൻ സഹായിക്കും. ഉരിഞ്ഞു പോരുന്ന ചർമ്മം നീക്കിയ ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകുക. താടിയിൽ രോമവും ഭക്ഷണാവശിഷ്ടങ്ങളും പറ്റിപ്പിടിക്കാതിരിക്കാൻ ഇതു സഹായിക്കും.
5. ബിയർഡ് ഓയിൽ ഉപയോഗിക്കുക.
തിളക്കമേറിയ താടിരോമങ്ങൾക്ക് ബിയർഡ് ഓയിൽ പുരട്ടുക. വെളിച്ചെണ്ണയോ ജോജോബ എണ്ണയോ ഉപയോഗിക്കാവുന്നതാണ്. മുഖം കഴുകിയതിനു ശേഷം മാത്രം എണ്ണ പുരട്ടുക. നിങ്ങളുടെ മുഖം എണ്ണമയം നിറഞ്ഞതാണെങ്കിൽ പുരട്ടുന്ന അളവിൽ ശ്രദ്ധ ചെലുത്താൻ സൂക്ഷിക്കുക.
6. മീശയിലും കാര്യമുണ്ട്!
മൂക്കിനു താഴെയുള്ള ഭാഗമെല്ലാം വൃത്തിയായി വെട്ടിയൊതുക്കുന്നത് നന്നായിരിക്കും. അതുപോലെ, ഒരു പ്രത്യേക രീതിയിൽ മീശ വെക്കുവാനോ പിരിക്കുവാനോ ആഗ്രഹമുള്ളവർക്ക് മാർക്കറ്റിൽ നിന്നും മീശയിൽ പുരട്ടാനുള്ള വാക്സ് വാങ്ങി ഉപയോഗിക്കാം.
7. മുഖം മസ്സാജ് ചെയ്യുക.
ഇടക്കിടെ മസ്സാജ് ചെയ്യുന്നത് മുഖത്തെ രക്തയോട്ടം കൂടുതൽ സുഗമമാക്കും. ഇത് താടിരോമ വളർച്ചയെ ഉത്തേജിപ്പിക്കും. ഏറ്റവും കുറഞ്ഞ സമയത്തിൽ കുറഞ്ഞ ചിലവിൽ താടി വളർത്താനുള്ള ഏക വിദ്യ മുഖം മസ്സാജ് ചെയ്യുക എന്നത് തന്നെയാണ്.
8. ഭക്ഷണവും ശ്രദ്ധിക്കണം.
നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പോലെതന്നെ താടിയേയും ബാധിക്കും. താടിരോമവളർച്ചക്ക് ജീവകങ്ങളും ധാതുക്കളും അത്യാവശ്യമാണ്. വിറ്റാമിൻ ബി രോമങ്ങൾ ബലമുള്ളതും ആരോഗ്യമുള്ളതുമാകാൻ സഹായിക്കുന്നു. അതുപോലെ തന്നെ, മാംസ്യം അടങ്ങിയിട്ടുള്ള ആഹാര പദാർത്ഥങ്ങളും കഴിക്കേണ്ടതുണ്ട്.
9. ആരോഗ്യം സംരക്ഷിക്കുക.
കൃത്യമായ വ്യായാമം നിങ്ങളുടെ ഹോർമോൺ ഉത്പാദനം വർധിപ്പിക്കും. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്ററോൺ താടി വളർച്ചയെ നിയന്ത്രിക്കുന്ന അവിഭാജ്യ ഘടകമാണ്. അതുപോലെ തന്നെ പ്രധാനപെട്ട ഒന്നാണ് ശരിയായ ഉറക്കം. ചിട്ടയായ വ്യായാമവും ദിനചര്യകളും പിന്നെ ആവശ്യത്തിന് ഉറക്കവുമുണ്ടെങ്കിൽ താടി തഴച്ചു വളരുക തന്നെ ചെയ്യും!
