Link copied!
Sign in / Sign up
26
Shares

കുഞ്ഞു കുട്ടികളെ വീട്ടിലും മറ്റുമാക്കി ജോലിയ്ക്ക് പോകുന്ന അമ്മമാരെ കുറിച്ചു ചിന്തിക്കാറുണ്ടോ?

ആറാം മാസത്തിൽ മോളെയിട്ടിട്ട് എനിക്ക് ജോലിയ്ക്ക് പോകേണ്ടി വന്നു. അമ്മിഞ്ഞ താനേ ചുരന്ന് വസ്ത്രത്തിലാകുമ്പോഴും, പാലു നിറഞ്ഞു മാറിടം വേദനിക്കുമ്പോഴും, അവളുടെ ഓർമ്മകൾ ജോലി സ്ഥലത്തു എന്നിൽ നിറഞ്ഞു തുളുമ്പും.

അവൾ വല്ലതും കുടിച്ചോ, അതോ ഉറങ്ങുകയാണോ, "അമ്മേ" എന്നുറക്കെ വിളിച്ചു എന്നെ തേടി അവൾ കരയുകയാണോ എന്നീ ചിന്തകൾ എന്നെ അലട്ടും.

എന്റെ മാറിലെ ചൂടിൽ എന്നെ പറ്റി കിടന്നു ഉറങ്ങുന്ന അവൾ, പുതപ്പിനുള്ളിൽ എന്നെ തേടുകയായിരിക്കുമോ?

വീട്ടിൽ നിന്ന് കാറിൽ കയറുമ്പോൾ "അമ്മേ" എന്നുറക്കെ അവൾ കരയും. എന്റെ നെഞ്ചിൽ പൊള്ളുന്ന ആ കണ്ണീരും പേറി എനിക്ക് പോയേ പറ്റു. കാരണം, അത് എന്റെ കർത്തവ്യമാണ്. ജോലിയാണ്. ജീവിതമാർഗ്ഗമാണ്.

അവൾ വലുതായതിന് ശേഷം,അവൾ കാണാതെ പാത്തും പതുങ്ങിയും ജോലിയ്ക്ക് പോകും. അല്ലെങ്കിൽ ആ ചുരിദാറിന്റെ ഷാളിൽ തൂങ്ങി കിടന്നു അവൾ കരയും. ആ കാഴ്ച്ച കണ്ടു ജോലിയ്ക്ക് പോകുവാൻ എനിക്ക് വയ്യ. അതിനാൽ അവൾ കാണാതെ പോകുവാനാണെനിയ്ക്ക് ഇഷ്ട്ടം.

June 11, അവൾക്ക് 3 വയസ്സ് തികയും. ഇപ്പോൾ അവളെ പ്ലേ സ്കൂളിൽ രാവിലെ ആക്കിയിട്ടാണ് ഞാൻ ജോലിയ്ക്ക് പോകുന്നത്. കാറിൽ ബേബി കാർ സീറ്റിലിരുന്ന് അവൾ എന്റെയൊപ്പം പ്ലെ സ്കൂളിലേക്ക് പോകും.

പണ്ട് അവളുടെ കരഞ്ഞു തേങ്ങിയ മുഖവും കണ്ടു ഞാൻ ജോലിയ്ക്ക് പോയി. പക്ഷെ ഇന്നവൾ പ്ലെ സ്കൂളിൽ ചിരിച്ചു ടാറ്റ തന്നു എന്നെ ജോലിയ്ക്കായി യാത്ര അയക്കും.

അവളുടെ ഏറ്റവും പ്രിയപ്പെട്ട "കുഞ്ഞൂട്ടൻ"(1 വയസുള്ള പ്ലെ സ്കൂളിലെ അവളുടെ കൂട്ടുകാരൻ) . കുഞ്ഞൂട്ടന്റെ അമ്മ അവനെ പ്ലേ സ്കൂളിലാക്കി തിരികെ മടങ്ങുമ്പോൾ അവന്റെ കരച്ചിൽ അവിടെ ഉറക്കെ കേൾക്കാം.

അപ്പോൾ 2 വർഷങ്ങൾക്ക് മുൻപ് എന്റെ മകൾ കരഞ്ഞത് എനിക്ക് ഓർമ്മ വരും.

ജോലിക്ക് പോകുന്ന അമ്മമാരുടെ ഉള്ള് പിടയുന്നുണ്ടാവും. എങ്കിലും പോയേ പറ്റു. അവരുടെ ജീവിതമാർഗ്ഗമാണ്. കർത്തവ്യമാണ്. കുടുംബം പോറ്റുവാൻ ഇന്നത്തെ കാലത്ത് ഒരാളുടെ വരുമാനം കൊണ്ട് ബുദ്ധിമുട്ടാണ്. സാധാരണക്കാർക്ക് വരവും ചിലവും ഒത്തുകൊണ്ടുപോകുവാൻ, കുഞ്ഞിനെയും വീട്ടിലാക്കി ജോലിയ്ക്ക് പോയേ മതിവായു. അതാണ് ജീവിതം.

ആഗ്രഹങ്ങളും, വികാരങ്ങളും പലപ്പോഴും ജീവിതം എന്ന യാഥാർഥ്യത്തിന് മുൻപിൽ അടിയറവ് വെക്കേണ്ടി വരും.

Dr Shinu Syamalan 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon