Link copied!
Sign in / Sign up
2
Shares

പയം പുയുങ്ങിയ കഥ!

"പഴം പുഴുങ്ങീ......,"

"പഴം പുഴുങ്ങി അന്റെ ഉപ്പുപ്പ..!"

ഓഫിസിലേക്ക് കാലെടുത്തു വച്ചതേയുള്ളു.. ഇതിപ്പോ നാലാമത്തെ വിളിയാണ്! ദേഷ്യവും ചമ്മലും കാലിന്റെ പെരുവിരൽ മുതൽ അരിച്ചു കയറി.. സംഗതി അവർ ചുമ്മാ വിളിക്കുന്നതല്ലെങ്കിലും ഇങ്ങനൊക്കെ പബ്ളിക്കായി വിളിക്കാൻ പാടുണ്ടോ? മത്തങ്ങാമോറന്മാർ! സത്യത്തിൽ ഞാനൊരു നിരപരാധിയാണ്... സംഭവം ഞാൻ പറയാം.. നിങ്ങൾ തന്നെ പറ ഞാൻ പറയുന്നത് ശെരിയല്ലേന്ന്...

ബാംഗ്ലൂരിലെ പൊടിയും പുകയും നിറഞ്ഞ ട്രെയിനിങ് കാലഘട്ടത്തിന് ശേഷം ശ്യാമളകോമളമായ മൈസൂരിലേക്ക് ജീവിതം പറിച്ചു നട്ട കാലം. ഇപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റ്. അതിരാവിലെയുള്ള മഞ്ഞ്. നമ്മൾ നാട്ടിൽ നിന്ന് ടൂർ പോകുമ്പോൾ കാണുന്ന പാലസും സൂവും വൃന്ദാവൻ ഗാർഡനും മാത്രമല്ല മൈസൂർ എന്ന് തിരിച്ചറിഞ്ഞ സമയം. പിന്നെ ട്രിപ്പോട് ട്രിപ്പായിരുന്നു. തിരക്ക് നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും പെട്ടെന്നുള്ള മാറ്റം മനസിനെ പോലെ ശരീരത്തിന് ഉൾക്കൊള്ളാനായില്ല. നല്ല അടിപൊളി പനി പിടിച്ചു..

സീൻ 1:

പനിയുടെ അഞ്ചാം ദിവസം. മ്മടെ റൂമിന്റെ ഹാൾ. ഞാനും ചങ്കനും ചങ്കത്തിയും കൂടിയുള്ള കത്തിവയ്ക്കൽ ഏതാണ്ട് അവസാന ലാപ്പിലേക്ക് കടന്നു..

ചങ്കൻ: "ഡീ നീയാകെ മെലിഞ്ഞു പോയിട്ടോ...! ഇങ്ങനെ പോയാൽ വൈകാതെ ഭിത്തിയിൽ പടമാകും!"

ഞാൻ: "ആണോ? ഇനീപ്പോ എന്നാ ചെയ്യും?"

ചങ്കത്തി: "നന്നായി ആഹാരം കഴിക്ക്. വേറെ എന്നാ ചെയ്യാനാ"

ഞാൻ: "വല്ലതും ഉണ്ടാക്കാൻ അറിയണ്ടേ?? അമ്മ പറഞ്ഞപ്പോ മര്യാദക്ക് അടുക്കളേൽ കേറിയാ മതിയാരുന്നു. പുല്ല്!"

ചങ്കൻ: "എന്നും പാലും മുട്ടയും കഴിച്ചാ മതി. പെട്ടെന്ന് വണ്ണം വയ്ക്കും."

ഞാൻ: "എന്നാ പിന്നെ ഏത്തപ്പഴം കൂടെ കഴിച്ചാലോ?"

ചങ്കൻ: "ഏത്തപ്പഴം നൈസാണ്... അത് പൊളിക്കും! "

ചങ്കത്തി: "എന്നാ പിന്നെ ഇന്ന് തന്നെ പോയി മേടിച്ചേക്കാം!"

അങ്ങനെ ഞാനും ചങ്കനും ചങ്കത്തിയും കൂടി പഴം വാങ്ങാനിറങ്ങി. നാട്ടിൽ വച്ചാകുമ്പോൾ സോഡാ വരെ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന നമ്മൾ നാട് വിട്ടു കഴിഞ്ഞാൽ പിന്നെ എല്ലാം വഴിയരികിൽ നിന്നാണല്ലോ വാങ്ങുക! ഇനീപ്പോ ആ നിയമം നമ്മളായിട്ട് തെറ്റിക്കണ്ടാന്നു വിചാരിച്ചു നേരെ ലോക്കൽ മാർക്കറ്റിലേക്ക് വച്ച് പിടിച്ചു.

സീൻ 2:

മാർക്കറ്റിലേക്കുള്ള വഴി. റോഡിന്റെ രണ്ടു വശത്തും വഴിക്കച്ചവടക്കാർ. പച്ചക്കറി, പഴങ്ങൾ, പൂക്കൾ തുടങ്ങി സകല സാധനങ്ങളും നിരത്തി വച്ചിരിക്കുന്നു. അതിന്റെ ഇടയിൽ നോക്കുമ്പോഴുണ്ട് ഒരു പത്തടി നീളത്തിൽ വിവിധതരം വാഴപ്പഴങ്ങൾ ചിരിച്ചോണ്ടിരിക്കുന്നു. അതിൽ ആകെക്കൂടെ നമ്മൾക്ക് തിരിഞ്ഞത് ഞാലിപ്പൂവനും പൂവൻ പഴവും മാത്രമാണ്.

ഞാനും ചങ്കത്തിയും ചങ്കനും കൂടി ഒരേ സ്വരത്തിൽ ചോദിച്ചു: "അണ്ണാ ബനാന ഇതിയാ?"

"ഇവു എല്ലാ ബനാനാസ് സാർ"

ഛെ! ചമ്മി. ഇനിയിപ്പോ ഏത്തപ്പഴത്തിനു എന്താണാവോ കന്നടയിൽ പറയുക! 

"അണ്ണാ..., ഏത്തപ്പഴം, കേരളാ ബനാന" ഞാൻ എന്റെ ഭാഷാപരിജ്ഞാനം പുറത്തെടുത്തു. നമ്മളോടാ കളി!

"ഫുൾ കേരളാ ബനാന മാഡം"

ആയിക്കോട്ടെ..., എഷ്ടു ആയിത്തു?

"കിലോ 30 റുപ്പീസ് മാഡം!"

"എന്നാ എരട്  കിലോ പോരട്ടേ...!"

അങ്ങനെ ശരീരം പുഷ്ടിപ്പെടുത്താനുള്ള ഫസ്റ്റ് സ്റ്റെപ് സക്സസ്. 

സീൻ മൂന്ന്:

പിറ്റേന്ന് രാവിലെ ചങ്കത്തി വിളിച്ചെഴുന്നേല്പിച്ചു.

"ഡീ ഞാൻ കുളിക്കാൻ പോകുവാ.., പഴം മുറിച്ചു അടുപ്പത്ത് വച്ചിട്ടുണ്ട്. നോക്കിക്കോണേ.." 

"ആ ഓക്കേ"

പതുക്കെ എണീറ്റ് നേരെ കിച്ചണിലേക്ക് ചെന്നു. ഭക്ഷണമുണ്ടാക്കാൻ ഇൻഡക്ഷൻ കുക്കറും പ്രഷർ കുക്കറും വാങ്ങിയിട്ടുണ്ടായിരുന്നു. അവൾ പഴം പുഴുങ്ങാൻ വച്ചിട്ടുണ്ട്.

കുക്കറിന്റെ വക വിസിലടിയൊക്കെ കഴിഞ്ഞു തുറന്നു നോക്കിയ എന്റെ ബാല്യവും കൗമാരവും വാർദ്ധക്യവും പരലോകവും വരെ പകച്ചു പോയി!!! സുന്ദരക്കുട്ടപ്പനായി അടുപ്പത്തു വച്ച പഴം ദാ ജ്യൂസ് അടിച്ചതുപോലെ കിടക്കുന്നു!

സംഗതി ചങ്കത്തിയെ വിളിച്ചു കാണിച്ചു... അവൾക്കും അമ്പരപ്പ്‌! എന്താ സംഭവിച്ചതെന്ന്  എത്തും പിടിയും കിട്ടുന്നില്ല. ഇന്നലെ വാങ്ങിയ നല്ല ഫ്രഷ് പഴമാണല്ലോ... കേടായതാവാൻ വഴിയില്ല... കുക്കെറിൽ ഒരൊറ്റ വിസിലടിച്ചാൽ ഈ പരുവമാകുവോ?? ഏയ് ഇല്ല! ഇനിയിപ്പോ കടക്കാരൻ പറ്റിച്ചതാണോ? നമ്മൾ തന്നെയാണല്ലോ സാധനം നോക്കി വാങ്ങിയത്.. ആകെ മൊത്തം ഹലാക്കിന്റെ അവിലുംകഞ്ഞിയായ അവസ്ഥ! വിവരമറിഞ്ഞു ചങ്കനെത്തി... ആ ഇനീപ്പോ പച്ചപ്പഴം തിന്നാം.. കുറച്ചു വണ്ണം വയ്ക്കും. ചങ്കന്റെ ഉപദേശം! ഇനി അതേ വഴിയുള്ളൂ.. വിശന്നിട്ട് കുടൽ അമ്മയ്ക്ക് വിളിക്കാൻ തുടങ്ങി.. അങ്ങനെ പഴം തിന്നപ്പോഴാണ് വില്ലനെ മനസിലായത്... 

അത് ഏത്തപ്പഴം അല്ല! റോബസ്റ്റയായിരുന്നു! ഒന്നാന്തരം റോബസ്റ്റ!!

ഇനി നിങ്ങൾ പറ ആരാണ് ശെരിക്കും പഴം പുഴുങ്ങി???

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon