Link copied!
Sign in / Sign up
48
Shares

"ഡോക്ടറേ..., എന്റെ കൊച്ചു ഒന്നും തിന്നുന്നില്ല...!"

"ഡോക്ടറേ..., എന്റെ കൊച്ചു ഒന്നും തിന്നുന്നില്ല... വിശപ്പ് കൂടാൻ എന്തേലും മരുന്നെഴുതി തരണം." മറ്റാരുമല്ല, എന്റെ അമ്മ തന്നെ പല പ്രാവശ്യം ഡോക്ടറെ കണ്ടു പറഞ്ഞ പരാതിയാണിത്. കാരണം എന്റെ കയ്യിലിരിപ്പ് തന്നെ. അപ്പുറത്തെ വീട്ടിലെ ആന്റിയുടെ മക്കൾ ആവശ്യത്തിലുമധികം ഭക്ഷണം കഴിച്ചു ഉരുണ്ടു ഫുഡ് ബോൾ പോലെ ഇരിക്കുന്നത് കണ്ടിട്ടുമാവണം അത്ര വണ്ണമില്ലാത്ത എന്നെ ഡോക്ടർ നെ കാണിക്കാൻ അമ്മ തീരുമാനിച്ചത്. ചെറുപ്പത്തിൽ നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടിയായതു കൊണ്ട് എന്നെ വളർത്തി വലുതാക്കിയെടുക്കാൻ ചില്ലറയൊന്നുമല്ല അച്ഛനും അമ്മയും കഷ്ടപ്പെട്ടിട്ടുള്ളത്. അന്ന് വീട്ടിൽ ടിവി, കമ്പ്യൂട്ടർ, വീഡിയോ ഗെയിം ഇത്യാദി വസ്തുക്കൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് അമ്മയുടെ ജോലിഭാരം കുറയ്ക്കാൻ അച്ഛൻ എന്നെയും കൊണ്ട് അടുത്തുള്ള കവലയിലേക്ക് പോവുക പതിവായിരുന്നു. കവലയിൽ ഉള്ള ചേട്ടന്മാരുമായി ഞാൻ നല്ല കമ്പനിയുമായി.

പിന്നെ അച്ഛനെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ചു ഒറ്റയ്ക്ക് കവലയിലേക്ക് വച്ച് പിടിക്കാൻ തുടങ്ങി. അന്ന് ഒരു ഒന്നര രണ്ടു വയസു പ്രായമേ ഉള്ളൂ... പിന്നെ ഒട്ടും വികൃതി ഇല്ലാത്തോണ്ട് അടുത്ത വീട്ടിലെ അമ്മച്ചി വെയിലത്ത് ഉണക്കാൻ വച്ചിരിക്കുന്ന ഉപ്പുമാങ്ങ, മഴയത്തു നനഞ്ഞു പോയ തീപ്പെട്ടി കൊള്ളികൾ, തേങ്ങാ, കപ്പ തുടങ്ങിയ ഐറ്റംസ് എടുത്തു മണ്ണിലിടുക, ചുമ്മാ കിണറിന്റെ മതിലിൽ കേറി കിണറ്റിലോട്ട് എത്തി നോക്കുക, തട്ടിന്മേൽ അമ്മ സൂക്ഷിച്ചു വച്ചിരിക്കുന്ന വെളിച്ചെണ്ണ, ഗോതമ്പു പൊടി തുടങ്ങിയവയൊക്കെ തട്ടിന്റെ മണ്ടേൽ വലിഞ്ഞു കയറി താങ്ങിയെടുത്തു കൊണ്ടുവന്നു മണ്ണിലിടുക,മരം കേറുക തുടങ്ങി അദ്ധ്വാനം കൂടുതൽ ഉള്ള പരോപകാരങ്ങൾ ഒക്കെ ചെയ്യുന്നത് കൊണ്ടാവണം നല്ല തക്കുടുമുണ്ടനായിരുന്ന ഞാൻ അനിയൻ ജനിച്ചപ്പോഴേക്കും കുറ്റിപ്പെൻസിലിന്റെ അത്രേം ആയത്. എല്ലാ അമ്മമാരേം പോലെ എന്റെ അമ്മയും "കൊച്ചൊണങ്ങി വരുന്നത് നിങ്ങക്ക് കാണാൻമേലെ മനുഷ്യാ" എന്ന് അച്ഛനോട് പരാതി പറഞ്ഞപ്പോ അച്ഛൻ 'അലമാര' യിലെ രഞ്ജി പണിക്കരെ പോലെ ചുമ്മാ അങ്ങ് പുച്ഛിച്ചു തള്ളി. അവള് വിശക്കുമ്പോ കഴിച്ചോളും എന്ന് കൂടെയൊരു ഡയലോഗും.

അച്ഛന്റെ ആ പിള്ളേരെ വളർത്തൽ തന്ത്രം കൊണ്ടായിരിക്കും പത്തിരുപത്തിനാല് വയസ്സായിട്ടും രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ മുണ്ടി നീര് വന്നതല്ലാതെ മറ്റൊരു അസുഖവും വന്നിട്ടില്ലാത്തത്.(പിന്നെ വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം എന്റെ കയ്യിലിരുപ്പ് കൊണ്ട് ജലദോഷം വരാറുണ്ട്. അതുമാത്രം. സത്യം!! ) പിന്നെ ബേക്കറിയിൽ പലഹാരങ്ങളും മിട്ടായികളും എല്ലാം വാശി പിടിക്കുമ്പോ വാങ്ങി താരാറേയില്ല! അതൊക്കെ കഴിച്ചാൽ അപ്പൊ വയറുവേദനിക്കുമെന്നായിരുന്നു അച്ഛൻ പറഞ്ഞു പേടിപ്പിച്ചിരുന്നത്. എന്ന് കരുതി തീരെയില്ല എന്നല്ല കേട്ടോ. അക്കാലത്തു അതൊക്കെ മരുഭൂമിയിലെ മഴ പോലെ ആയിരുന്നെങ്കിലും അതാണ് ശെരിയെന്നു ഇപ്പൊ മനസിലായി...

വേറൊന്നുമല്ല അപ്പുറത്തെ വീട്ടിലെ ആന്റിയുടെ മക്കൾ വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കുകയാണിപ്പോ.. ഒരുമാസം ഒരിക്കൽ എങ്കിലും പനിയും  ചുമയും ശ്വാസം മുട്ടലും ഒക്കെയായിട്ട് ആശുപത്രിയിലും കുറെ കാശ് പൊടിക്കും. അപ്പൊ പറഞ്ഞു വന്നത്, കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഇത്തിരി  ശ്രദ്ധിക്കണം എന്നാണ്. പിള്ളേരൊന്നും കഴിക്കുന്നില്ലെന്ന് പരാതി പറയുന്ന അമ്മമാരോട്, അവർക്കെങ്ങനെ വിശന്നിരിക്കാൻ ഒന്നും പറ്റില്ലെന്നേ... എത്ര വാശിക്കാരാണേലും നല്ല വിശപ്പ് വന്നാൽ തനിയെ വന്നു ഭക്ഷണം ചോദിച്ചോളും. അപ്പോൾ വീട്ടിലുണ്ടാക്കിയ നല്ല ഒന്നാന്തരം ചോറും കറിയും ഒക്കെ കുഴച്ചുരുട്ടി ഉരുളയാക്കി വായിൽ വച്ച് കൊടുക്കുക എന്നതാണ്. സ്പൂൺ ഫീഡിങ് ഒട്ടും വേണ്ട. കൈകൊണ്ടു കൊടുക്കുമ്പോൾ അവിടെ ഒരു വൈകാരിക ബന്ധവും ഉണ്ടാകുന്നു.. പിന്നെ നമ്മൾ ഒക്കെ പറയുംപോലെ അവർക്കും വലുതാകുമ്പോൾ പറയാൻ അമ്മ തന്ന ചോറുരുളയുടെ കഥയൊക്കെ വേണ്ടേ?? പിന്നെ ഇടക്കിടക്ക് വിശന്നിലെങ്കിലും ചുമ്മാ രണ്ടു ബിസ്കറ്റും ബേക്കറി പലഹാരങ്ങളും കയ്യിൽ കൊടുക്കുന്ന പതിവും നിർത്തുകയാണ് നല്ലത്. കുട്ടികളുടെ വിശപ്പില്ലായ്മയ്ക്കും അതൊരു കാരണമാകും. പിന്നെ മാക്കാച്ചി പിടിക്കാൻ വരും, പ്രേതം വരും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുകയും ഒന്നും ഫലിച്ചില്ലെങ്കിൽ അടിച്ചു കഴിപ്പിക്കുകയും ചെയ്യുന്നത് കുട്ടികൾക്ക് ആഹാരത്തോടുള്ള പേടി വരെ ഉണ്ടാക്കിയേക്കാം. അവരോട് പറയാൻ ഈ ലോകത്ത് വേറെ എന്തെല്ലാം നല്ല കാര്യങ്ങളും കഥകളും കിടക്കുന്നു.. ഒറ്റ വാക്കിൽ പറഞ്ഞാൽ കാര്യം ഇത്രേയുള്ളൂ... പാല് വേണമെങ്കിൽ കുഞ്ഞു കരഞ്ഞോളും.. 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon