Link copied!
Sign in / Sign up
42
Shares

പ്രസവവും സിസേറിയനും:ഇവയറിയുക!

ഗർഭകാലം  ഒരു മഴവില്ലു പോലെയാണ്. സന്തോഷവും ആകാംക്ഷയും അല്പം ഉത്കണ്ഠയും എല്ലാം നിറഞ്ഞ കാലം. ഇത്രയും കാലം നെഞ്ചിലേറ്റി നടന്ന പൊന്നോമനയെ കയ്യിൽ കിട്ടുന്ന ആ നിമിഷം ഏതൊരമ്മയ്ക്കും മറക്കാനാവില്ല. ആ ഒമ്പതു മാസത്തെ ഓരോ നിമിഷവും വിലപ്പെട്ടതാണെങ്കിലും ഏറ്റവും നിർണായകം പ്രസവദിവസമാണ്. ഡോക്ടർ അടക്കമുള്ളവർ ഓർത്തു ടെൻഷൻ അടിക്കുന്നത് സാധാരണ പ്രസവം സാധ്യമാണോ അഥവാ ഓപ്പറേഷൻ വേണ്ടിവരുമോ എന്നതിനെ പറ്റി ആയിരിക്കും. ചില സ്ത്രീകൾക്ക് ഓപ്പറേഷൻ മാത്രം മതി എന്ന ചിന്താഗതിയായിരിക്കും. ചിലർക്ക് പ്രകൃതിയുടെ രീതി തന്നെ മതിയെന്നാവും. താല്പര്യമുണ്ടെങ്കിലും സുഖപ്രസവം സാധ്യമാവാതെ സിസേറിയൻ വേണ്ടിവരുന്നവരും കുറവല്ല. ഏതു രീതിയാണ് തനിക്കു നല്ലതു എന്നോർത്ത് ടെൻഷൻ ഉണ്ടോ? വായിച്ചു നോക്കൂ...

സാധാരണ പ്രസവം

ഗുണങ്ങൾ 

"വെറുതെ അല്ല ഭാര്യ" എന്ന സിനിമയിൽ ജയറാം പറഞ്ഞത് പോലെ പ്രസവം വളരെ സ്വാഭാവികവും എളുപ്പമുള്ളതുമായ സംഗതിയായിട്ടാണ് പണ്ടുള്ളവർ കണക്കാക്കിയിരുന്നത്. ഇന്നും സാദാ പ്രസവം മതി തനിക്കു എന്ന് ആഗ്രഹിക്കുന്നവർ ഒരുപാടാണ്. കൃത്രിമമായ മുറിവുകളും ഒന്നും ഉണ്ടാകാത്തതിനാൽ സിസേറിയനെ അപേക്ഷിച്ചു പെട്ടെന്ന് സുഖം പ്രാപിക്കാൻ സാധിക്കും. മറ്റു സങ്കീർണതകൾ ഒന്നുമില്ലെങ്കിൽ ആശുപത്രിയിൽ അധികദിവസം ചിലവഴിക്കേണ്ടി വരില്ലെന്നർത്ഥം. അമേരിക്കൻ പ്രെഗ്നൻസി അസ്സോസ്സിയേഷൻ എന്ന സംഘടന നടത്തിയ പഠനത്തിൽ സാധാരണ പ്രസവം തിരഞ്ഞെടുക്കുന്ന അമ്മമാരിൽ അപകടസാധ്യത വളരെ കുറവാണെന്നു തെളിഞ്ഞിട്ടുണ്ട്.

പ്രസവമരണനിരക്കും ഇവിടെ വളരെ കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്. സമയമാകുമ്പോൾ ഗർഭസ്ഥശിശു സ്വയം പുറത്തുവരാനുള്ള തയാറെടുപ്പുകൾ തുടങ്ങുന്നു. യോനീനാളത്തിലൂടെ കുഞ്ഞു ചലിക്കാൻ തുടങ്ങുമ്പോൾ അതിന്റെ ശ്വാസകോശത്തിലും പരിസരങ്ങളിലുമായി കാണപ്പെടുന്ന അമ്നിയോട്ടിക്ക് ദ്രവം പുറത്തുവിടാൻ തുടങ്ങുന്നു. ഒപ്പം പ്രതിരോധശേഷി കൂട്ടുന്ന ചില സുരക്ഷാ ബാക്ടീരിയകളുടെയും സാന്നിധ്യം ശരീരത്തിൽ കാണപ്പെടുന്നു. നോർമൽ പ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് താരതമ്യേന അലര്ജി,ആസ്ത്മ,മറ്റു ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ കുറവായിരിക്കും.

ദോഷങ്ങൾ 

സുഖപ്രസവം എന്നാണ് പറയുന്നതെങ്കിലും അതത്ര സുഖം ഉള്ള ഏർപ്പാടല്ലെന്നു അനുഭവിച്ചവർക്കറിയാം. വേദന തുടങ്ങിയാലും അത് എത്ര നേരം നീണ്ടു നിൽക്കുമെന്ന് പറയാനാവില്ല. ചിലർക്ക് അത് കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ തന്നെ തീരുമെങ്കിൽ ചിലർക്ക് വേദന ദിവസങ്ങൾ നീണ്ടു നിൽക്കാം. ഇത് പ്രസവം എന്ന പ്രക്രിയയ്ക്കായി ശരീരം എത്രത്തോളം റെഡി ആണെന്നതിനെ അനുസരിച്ചിരിക്കും.

സിസേറിയൻ 

ഗുണങ്ങൾ 

പൊതുവെ എളുപ്പമുള്ള ഒരു വഴി ആയിട്ടാണ് എല്ലാവരും  സിസേറിയനെ കാണുന്നത്. ഈ രീതി അമ്മയ്ക്ക് നേരത്തെ കുഞ്ഞിന് ജന്മം നൽകേണ്ട തീയതി ത്രീരുമാനിക്കാനുള്ള അവസരം നൽകുന്നു. ശസ്ത്രക്രിയ വഴി കടന്നുപോകാനുള്ള മാനസികബലം അമ്മയ്ക്കുണ്ടായാൽ മാത്രം മതി. സാധാരണ പ്രസവത്തെ അപേക്ഷിച്ചു പ്രസവശേഷം ആ ഭാഗത്തെ പേശികൾക്കുണ്ടാവുന്ന അയവ്, മറ്റു ഡിസ്ചാർജുകൾ തുടങ്ങിയവ ഈ രീതിയിൽ ഉണ്ടാവില്ല.

ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഈ രീതി വളരെ ഉപകാര പ്രദമാണെന്നാണ് പറയുന്നത്. കൂടാതെ ഇവിടെ കുഞ്ഞിന് സ്വാഭാവികമായി ജനിക്കുമ്പോൾ ചെലുത്തേണ്ടി വരുന്ന സമ്മർദ്ദം മൂലം ഉണ്ടായേയ്ക്കാവുന്ന കോശങ്ങളുടെയും ആന്തരികാവയവങ്ങളുടെയും നാശവും ഉണ്ടാവില്ല.

ദോഷങ്ങൾ

ഓപ്പറേഷനിലൂടെ കടന്നു പോവേണ്ടി വരുന്നവർക്ക് കൂടുതൽ ദിവസം ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരും. സാധാരണ പ്രസവത്തെ അപേക്ഷിച്ചു അമ്മയ്ക്ക് സുഖപ്രദമാകാൻ കൂടുതൽ സമയം വേണ്ടി വരുന്നു. വളരെ അപൂർവമായി മറ്റെല്ലാ ശസ്ത്രക്രിയ പോലെയും മെഡിക്കൽ പിഴവുകൾ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പ്രധാനപ്പെട്ട മറ്റൊരു കാര്യം കുഞ്ഞു ജനിച്ചു ആദ്യത്തെ 28 ദിവസങ്ങൾക്കുള്ളിൽ മരിക്കുന്ന പ്രവണത സിസേറിയനിൽ കൂടുതലാണ്  എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഇത്തരം കുഞ്ഞുങ്ങളിൽ കൂടുതലായിരിക്കും. പ്രസവസമയത്ത് അമ്മയ്ക്ക് നൽകുന്ന അനസ്തേഷ്യ കുഞ്ഞിനേയും ബാധിക്കുന്നതാവാം കാരണം.

എല്ലാറ്റിനുമുപരി തനിക്കു വേണ്ടത് ഏതാണെന്നു തീരുമാനിക്കേണ്ടത് അമ്മയും ഡോക്ടറും ചേർന്നാണ്. ആരോഗ്യമുള്ള കുഞ്ഞിനെയാണല്ലോ നമുക്കാവശ്യം!!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon