Link copied!
Sign in / Sign up
80
Shares

കിടിലൻ നാലുമണി പലഹാരങ്ങൾ പരിചയപ്പെടാം...!

"അമ്മേ...., ചായ." 

"ദാ ചായ."

"കഴിക്കാനെന്നാ??"

"ദോശയെടുക്കട്ടെ?"

"ദോശയോ??? എനിക്ക് വേണ്ട."

"എന്നാ ഇഡലി ഉണ്ടാക്കി തരട്ടെ?"

"എപ്പോ നോക്കിയാലും ഇഡലി..! എനിക്കെങ്ങും വേണ്ട."

"എന്നാ മോൻ ആ ഷോഡയപ്പൂപ്പന്റെ കടേൽ ചെന്ന് ബിസ്കറ്റ് മേടിച്ചോണ്ടു വാ.."

"ഓഹ്ഹ്ഹ്ഹ് എപ്പോഴുമുണ്ട് ഒരു ബിസ്കറ്റ്!"

"പിന്നെന്താ നിനക്ക് വേണ്ടത്??" (കലിപ്പ്)

"എനിക്കൊന്നും വേണ്ട!!!" (കട്ടക്കലിപ്പ്)

യുദ്ധം തുടങ്ങി. ഇനി രണ്ടു മണിക്കൂർ നോക്കേണ്ട... ഇനി അമ്മയെ അനങ്ങാൻ സമ്മതിക്കില്ല അനിയൻ. ചുമ്മാ അടിയും പിച്ചും അമ്മയെടുക്കുന്ന സാധനങ്ങൾ എല്ലാം എറിയലും ഒക്കെ തന്നെ. എന്റെ കുട്ടിക്കാല നൊസ്റ്റുവിൽ ഒരു വലിയ ഭാഗം അമ്മയും അനിയനും തമ്മിൽ സ്കൂൾ വിട്ടു വന്നാലുള്ള ഈ അടിയായിരുന്നു. പഠിക്കാതിരിക്കാനുള്ള അവന്റെ അടവുകളിൽ ഒന്ന് കൂടിയായിരുന്നു ഇത്. അമ്മ ഉണ്ടാക്കി വയ്ക്കുന്നത് കഴിച്ചാൽ പിന്നെ അടുത്ത സ്റ്റെപ് പഠിക്കാൻ പറഞ്ഞാലോ എന്ന് വിചാരിച്ചപ്പോൾ എന്റെ പുന്നാര അനിയന്റെ തലയിൽ ഉദിച്ച കുരുട്ടു ബുദ്ധിയായിരുന്നു ദിവസവും ഉണ്ടായിരുന്ന ഈ യുദ്ധം.

അതൊക്കെ പോട്ടെ, ന്യൂ ജെൻ അമ്മമാരുടെ അടുത്ത് ഇത് വല്ലതും നടക്കുവോ? ഇമ്മാതിരി കുരുത്തംകെട്ട പിള്ളേരെ കയ്യിലെടുക്കാൻ ഏറ്റവും എളുപ്പമുള്ള വഴിയാണ്  സ്കൂളിൽ നിന്ന് വരുമ്പോഴേക്കും നല്ല കിടിലൻ നാലുമണി പലഹാരങ്ങൾ. അപ്പൊ തുടങ്ങുവല്ലേ??

അവൽ വിളയിച്ചത്

വേണ്ട ചേരുവകൾ

ശർക്കര- ഒരെണ്ണം 

വെള്ളം- അര കപ്പ് 

തേങ്ങാ ചിരകിയത്- ഒരു കപ്പ് 

ഏലക്കാപ്പൊടി- ഒരു ടീസ്പൂൺ 

ചുക്കുപൊടി- ഒരു ടീസ്പൂൺ 

നെയ്യ്- ഒരു ടേബിൾസ്പൂൺ 

അണ്ടിപ്പരിപ്പ് /കിസ്മിസ് - ഒരു പിടി 

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കിയ ശേഷം അല്പം നെയ്യൊഴിച്ചു അണ്ടിപ്പരിപ്പ് /കിസ്മിസ് എന്നിവ വറുത്തു മാറ്റിവയ്ക്കുക. ശേഷം ശർക്കര വെള്ളം ചേർത്ത് തിളപ്പിച്ച് പാനിയാക്കുക. ഇതിലേക്ക് ചിരകി വച്ചിരിക്കുന്ന തേങ്ങ ചേർക്കുക. അല്പം കട്ടിയായി വരുന്നത് വരെ നന്നായി ഇളക്കുക. ഇതിലേക്ക് അവൽ ചേർക്കുക. നന്നായി യോജിച്ച ശേഷം തീയിൽ നിന്ന് ഇറക്കിവയ്ക്കുക. വീണ്ടും നന്നായി ഇളക്കിയ ശേഷം നെയ്യും ഏലക്കാപൊടിയും ചേർക്കുക. ചെറു ചൂടോടെ വിളമ്പാം.

സ്വീറ്റ് പനിയാരം

വേണ്ട ചേരുവകൾ 

ഗോതമ്പ് പൊടി/ആട്ട-ഒരു കപ്പ് 

രണ്ടു ഏത്തപ്പഴം 

അരിപ്പൊടി- 2 ടേബിൾസ്പൂൺ

തേങ്ങാ ചിരകിയത്- 2 ടേബിൾസ്പൂൺ

ശർക്കര/ ചക്കര- അര കപ്പ് 

ബേക്കിംഗ് സോഡാ- ഒരു നുള്ള് 

ഏലക്കപൊടി- രണ്ടു നുള്ള് 

വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരക്കപ്പ് വെള്ളത്തിൽ ശർക്കര ഉരുക്കി പാനിയാക്കി വയ്ക്കുക. ഒരു പാത്രത്തിൽ ഏത്തപ്പഴം നന്നായി അരിഞ്ഞു ഉടച്ചു വയ്ക്കുക. ഇതിലേക്ക് ശർക്കര പാനി ഒഴിക്കുക. ഇതിലേക്ക് തേങ്ങാ, ഗോതമ്പ് പൊടി, അരിപ്പൊടി, ബേക്കിംഗ് സോഡാ എന്നിവ ചേർക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് കോരി ഒഴിക്കാവുന്ന പരുവത്തിൽ മാവുണ്ടാക്കുക. പണിയാരം പാൻ അഥവാ ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രം എടുത്ത് ഇതിലേക്ക് നെയ്യൊഴിക്കുക (എണ്ണയായാലും മതി.). ഓരോ കുഴികളിലേക്കും മുക്കാൽ ഭാഗത്തോളം മാവൊഴിച്ചു വേവിച്ചെടുക്കുക. ഒരു വശം ഗോൾഡൻ ബ്രൗൺ ആകുമ്പോൾ മറിച്ചിട്ടു മറുവശവും വേവിക്കുക. പണിയാരം റെഡി.

മുട്ട- ബ്രഡ് പൊടി 

ഗോതമ്പ് ബ്രഡ്-  എട്ട് എണ്ണം

മുട്ട - 3 

ചീസ്- ഗ്രേറ്റ് ചെയ്തത്-50 gm 

ബട്ടർ - 1 ടേബിൾസ്പൂൺ

ഉപ്പ് /കുരുമുളക് പൊടി - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ മുട്ട, അല്പം ഉപ്പ്, കുരുമുളക് എന്നിവ നന്നായി മിക്സ് ചെയ്യുക. ഒരു പാത്രത്തിൽ അല്പം ബട്ടർ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് മുട്ട ഒഴിച്ച് നന്നായി ഇളക്കുക.ഇളക്കുമ്പോൾ തന്നെ ബ്രഡ് കൈകൊണ്ടു ചെറുതായി മുറിച്ചു കശക്കി ഇടുക. മുഴുവൻ ബ്രെഡും ഇട്ട ശേഷം ഗോൾഡൻ നിറമാകുന്നതു വരെ നന്നായി ഇളക്കുക. ശേഷം ഗ്രേറ്റ് ചെയ്ത ചീസ് ചേർക്കുക. ഉപ്പ്, കുരുമുളക് എന്നിവ അല്പം കൂടി വിതറിയ ശേഷം ചൂടോടെ വിളമ്പാം.

കടല/ചക്കക്കുരു വറുത്തത് 

നിലക്കടല മാത്രമല്ല കറിക്കടലയും കൊറിക്കാവുന്നതേയുള്ളു. അല്പം കടല വെള്ളത്തിൽ നന്നായി കുതിർത്തതിന് ശേഷം ചുവടു കട്ടിയുള്ള പാത്രത്തിൽ നന്നായി വറുത്തെടുക്കാം. അല്പം ചൂടാറിയത്തിനു ശേഷം നന്നായി ഉപ്പു ചേർത്ത് കൈകൾ കൊണ്ട് യോജിപ്പിച്ചെടുക്കുക. ചക്കക്കുരുവും ഇപ്രകാരം വറുത്തെടുക്കാം.

പഴം പൊരിച്ചത്

ഏറ്റവും എളുപ്പമുള്ള ഒരു നാലുമണി പലഹാരമാണിത്. ആവശ്യമുള്ളത്രേം ഏത്തപ്പഴം എടുത്ത് നീളത്തിൽ കനം കുറച്ചു അരിയുക. ദോശക്കല്ലിൽ നെയ്യ് പുരട്ടി അതിന്മേൽ ഓരോ കഷ്ണവും വച്ച് ഒരു വശം വേവിച്ചടുക്കുക. മറുവശവും മറിച്ചിട്ട ശേഷം ആവശ്യമെങ്കിൽ അല്പം പഞ്ചസാര തൂവാം. ഇരു വശവും നന്നായി മൊരിച്ചെടുത്ത ശേഷം ഇളം ചൂടിൽ കഴിക്കാം.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon