Link copied!
Sign in / Sign up
2
Shares

നമ്മൾ ഇത്രയും പരിഷ്കൃതർ ആവണ്ടായിരുന്നു...അല്ലേ?

സ്കൂൾ തുറന്നു.

മഴ തിമിർത്തു പെയ്യുന്നു.

അമ്മ രാവിലെ കുളിപ്പിച്ചു.

കണ്മഷി കൊണ്ട് കണ്ണെഴുതി, കുട്ടിക്കൂറ പൌഡർ ഇടുവിച്ചു. എണ്ണമയം നിറഞ്ഞ മുടി ചീകിയൊതുക്കി. നെറ്റി മുഴുവൻ നിറയുന്ന ചന്ദനക്കുറി വരച്ചു. തലേ ഓണത്തിന് വാങ്ങിയ ഉടുപ്പിടുവിച്ചു (പുത്തനല്ല.).നെയ്യും പപ്പടവും കൂട്ടികുഴച്ചു ഉരുളകളാക്കിയ ചോറ് വായിൽവച്ചു തന്നു.

 അച്ഛൻ നേരത്തെ വാങ്ങി തട്ടിന്മേൽ സൂക്ഷിച്ചിരുന്ന തടി സ്ലേറ്റും കല്ലു പെൻസിലും "ശ്രീലക്ഷ്മി" യുടെ വെളുപ്പിൽ ചുവന്ന വരയുള്ള സഞ്ചിയിലാക്കി തന്നു. നീലയിൽ മഴവിൽ പുള്ളികളുള്ള പോപ്പിക്കുട പിടിച്ചു ഞാൻ മുറ്റത്തേക്ക് ചാടിയിറങ്ങി. 

"അവിടെ പോയി കരയരുത് കേട്ടോ.., ടീച്ചർ പറയുന്നതൊക്കെ കേൾക്കണം!"

അച്ഛന്റെ കൈപിടിച്ചു ഇറങ്ങാൻ നേരം അമ്മ ഓർമിപ്പിച്ചു. ഞാൻ തലയാട്ടി. പോകുന്ന വഴിയിൽ എന്നെപ്പോലെ സ്കൂളിൽ ചേരാൻ പോകുന്ന ഒരുപാട് കുട്ടികളെ കണ്ടു. അനന്തു, സണ്ണി, ശ്രീക്കുട്ടി, മരിയ,ഫിലിപ്പ്, നിർമൽ, മഞ്ചു...(പേരൊക്കെ അന്ന് തന്നെ പഠിച്ചു)

അച്ഛന്റെ സൈക്കിളിന്റെ മുൻപിൽ രാജാവിനെ പോലെ പോകുന്ന അനന്തുവിനോട് എനിക്കസൂയ തോന്നി. മരിയയും നിർമലും കരയുന്നുണ്ടായിരുന്നു. സണ്ണി അവന്റെ പപ്പയുടെയും മമ്മിയുടെയും കയ്യിൽ തൂങ്ങി നടന്നു. അപ്പോഴേയ്ക്കും മഴ കുറഞ്ഞു. റോഡിലൂടെ മഴവെള്ളം തട്ടിത്തെറിപ്പിച്ചു അച്ഛന്റെ വിരലിൽ തൂങ്ങി ഞാൻ നടന്നു. പകുതിയെത്തിയപ്പോൾ റോഡ് നിറയെ വെള്ളം. അച്ഛൻ എന്നെ തോളത്തിരുത്തി സ്കൂൾ വരെ നടന്നു. സ്കൂളിൽ എത്തിയപ്പോൾ അസംബ്ളി തുടങ്ങിയിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം ആൻസമ്മ ടീച്ചർ ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികളുടെ പേര് വായിച്ചു. ഹെഡ്മിസ്ട്രസ് ആയിരുന്ന സോഫിയാമ്മ സിസ്റ്റർ എല്ലാവർക്കും രണ്ട് മാങ്കോ മിട്ടായി വീതം തന്നു. രണ്ടാം ക്ലാസ്സിലേക്ക് ജയിച്ച കുട്ടികൾക്ക് ഒരു മിട്ടായി വീതം നൽകി.

സ്കൂൾ കെട്ടിടത്തിലെ രണ്ടാമത്തെ ക്ലാസ് ആയിരുന്നു ഞങ്ങളുടെ ഒന്നാംക്ളാസ്സ്. ആൻസമ്മ ടീച്ചറും അന്നമ്മ ടീച്ചറും ചേർന്ന് കുട്ടികളെയെല്ലാം ബെഞ്ചുകളിൽ ഇരുത്തി. ശേഷം വാതിൽക്കൽ കാത്തു നിന്ന അച്ഛനമ്മമാരെ പറഞ്ഞു വിട്ടു. വാവിട്ടു കരയുന്ന വിരുതന്മാരെ ആശ്വസിപ്പിക്കാൻ അമ്മമാർക്കു വീണ്ടും വരേണ്ടി വന്നു. "ക്ളാസ്സ് വിടുമ്പോൾ എങ്ങും പോകരുത് കേട്ടോ, അച്ഛൻ വന്നോളാം" എന്ന് പറഞ്ഞു അച്ഛൻ ഗേറ്റിനടുത്തേക്ക് നടന്നു. ഇടക്ക് പിന്തിരിഞ്ഞു നോക്കിയപ്പോൾ നിറയെ ഭിത്തിയിൽ നിറയെ ഡയമണ്ട് ആകൃതിയിൽ ദ്വാരങ്ങളിട്ടു നിർമിച്ച ജനൽ പൊത്തുകളിലൂടെ എത്തിനോക്കുന്ന എന്നെ നോക്കി അച്ഛൻ ചിരിച്ചു. ആ സമയത്തു അച്ഛന്റെ മനസ്സിൽ എന്തായിരുന്നിരിക്കും? അറിയില്ല.

ആൻസമ്മ ടീച്ചർ വന്നു എല്ലാവരുടെയും പേരുകൾ ചോദിച്ചു. പേരുച്ചരിക്കാൻ പാട് പെടുന്നവരെ അവരുടെ പേര് പറഞ്ഞു പഠിപ്പിച്ചു. കറുത്ത ബോർഡിൽ വെള്ള ചോക്ക് കൊണ്ട്  "അ" എന്നു വലുപ്പത്തിലെഴുതി. "അ" യെ നാലായി മുറിച്ചു ഓരോ കഷണവും വരച്ചു പഠിപ്പിച്ചു. ഓരോരുത്തരുടെയും അടുത്തു വന്നു സ്ലേറ്റിൽ കൈപിടിച്ച് എഴുതിപ്പിച്ചു. അപ്പോഴേക്കും ഇന്റെർവൽ നു ബെൽ അടിച്ചു. ഇടവേളയ്ക്കു ശേഷം അന്നമ്മ ടീച്ചർ വന്നു "കാക്കേ കാക്കേ കൂടെവിടെ" പാടി പഠിപ്പിച്ചു. പന്ത്രണ്ട് മണിയായപ്പോഴേക്കും ക്ലാസ് കഴിഞ്ഞു. വീണ്ടും അച്ഛന്റെ തോളത്തിരുന്നു വീട്ടിലേക്ക്.

അമ്മയെക്കാണാതെ നിർമൽ കരഞ്ഞതും, എന്റെ മുത്തുമാല കൊടുത്താൽ കൊന്ത ഉണ്ടാക്കി തരാമെന്ന് അൽഫോൻസ പറഞ്ഞതും അടുത്തിരുന്ന കുട്ടിയെ നുള്ളിയതിന് ക്രിസ്റ്റിയെ പെൺകുട്ടികളുടെ ഇടയിൽ കൊണ്ടുപോയി ഇരുത്തിയതും എല്ലാം ചോറുണ്ണുന്നതിനിടയിൽ അമ്മയോട് പറഞ്ഞു.വൈകിട്ടു വീട്ടിൽ വന്ന ചേട്ടച്ഛനെയും ചേച്ചിയമ്മയെയും "കാക്കേ കാക്കേ കൂടെവിടെ" പാടി കേൾപ്പിച്ചു. അനിയനുമായി തല്ലുണ്ടാക്കി. അങ്ങനെ സുന്ദരമായ സ്കൂളിലെ ആദ്യ ദിവസം അങ്ങനെ കടന്നു പോയി.

ഇന്ന് രാവിലെ എടുത്താൽ പൊങ്ങാത്ത ബാഗുമിട്ടു വാട്ടർബോട്ടിലും തൂക്കി കോട്ടും ടൈയ്യുമിട്ടു സ്കൂൾ ബസ്സിൽ കയറിപ്പോകുന്ന കുരുന്നുകളെ കണ്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ. ഹോംവർക്കുകൾ ഇല്ലായിരുന്നു. ടെൻഷനുകൾ ഇല്ലായിരുന്നു.നമ്മൾ ഇത്രയും പരിഷ്കൃതർ ആവണ്ടായിരുന്നു അല്ലേ??

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon