Link copied!
Sign in / Sign up
10
Shares

മുലയൂട്ടലും തലവേദനയും തമ്മിലുള്ള ബന്ധമിതാണ്!

അമ്മയാകുക എന്നതിൻറെ ഏറ്റവും നല്ല വശങ്ങളിൽ ഒന്നാണ് മുലയൂട്ടുക എന്നത്. കുഞ്ഞിന് നൽകുന്ന ആദ്യാമൃത്. മുലയൂട്ടുന്നത് കൊണ്ട് അമ്മയ്ക്കും കുഞ്ഞിനുമുണ്ടാകുന്ന ഗുണങ്ങളെ പറ്റിയും പൊതുവെ എല്ലാവർക്കും അറിയാവുന്നതാണ്. കുഞ്ഞിന് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന രോഗപ്രതിരോധ ശേഷി നല്കാൻ മുലപ്പാലിനു മാത്രമേ കഴിയൂ.. അതുപോലെ തന്നെ പ്രസവശേഷം ശരീരം പൂര്വസ്ഥിതിയിലേക്ക് കൊണ്ടുവരാൻ അമ്മയെയും മുലയൂട്ടൽ സഹായിക്കും. പറയാനെളുപ്പമാണെങ്കിലും സംഗതി അത്ര ഈസിയല്ല എന്ന് അമ്മമാർക്ക് മാത്രമേ അറിയൂ. പ്രസവശേഷമുള്ള ശരീരവേദന, ഉറക്കക്കുറവ്, അതുപോലെ മുലക്കണ്ണുകളിൽ ഉണ്ടാകുന്ന നീർക്കെട്ട് എല്ലാം ചേർന്ന് കുറച്ചു ദിവസത്തേക്കെങ്കിലും ദുരിതപൂർണമായിരിക്കും മിക്കവരുടെയും അവസ്ഥ.. പണ്ടത്തെ അമ്മൂമ്മമാർ  നെല്ല് കുത്തുന്നതിനിടയിൽ ഒരു വേദന, പെട്ടെന്ന് അടുത്ത മുറിയിൽ പോയി പ്രസവിച്ചു, വീണ്ടും വന്നു ബാക്കി നെല്ല് കുത്തി തീർത്തു എന്നൊക്കെ വീമ്പ് പറയുന്നത് കണ്ണും മിഴിച്ചിരുന്നു കേട്ടിരിക്കാനേ ഇന്നത്തെ തലമുറയ്ക്ക് സാധിക്കുകയുള്ളൂ... കുഞ്ഞുണ്ടായി ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും കാഴ്ചവസ്തുവായി ഇരിക്കുന്നതിനിടയിൽ അസ്വസ്ഥതകൾ പ്രകടിപ്പിക്കാനും കഴിയാതെ വീർപ്പുമുട്ടുന്നവരുമുണ്ട്... കടിഞ്ഞൂൽ പ്രസവമാണെങ്കിൽ പറയുകയും വേണ്ട. ഇതിന്റെയൊക്കെ കൂടെ തലവേദനയും വന്നാലോ? നല്ല രസമായിരിക്കും... ഇടിവെട്ടിയവന്റെ തലയിൽ കല്ലുമഴ പെയ്തപോലെ... ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നവർ ശ്രദ്ധിക്കുക, 'ലാക്ടേഷൻ തലവേദന' എന്ന അവസ്ഥയാകാമിത്..

തലവേദനയുടെ കാരണങ്ങൾ
 
 
 

സ്തനവീക്കം: സ്തനങ്ങളിലെ കോശകലകളിൽ അമിതമായി പാൽ നിറയുന്നത് മൂലമോ അണുബാധ മൂലമോ ഇത് സംഭവിക്കാം.  കുഞ്ഞിന് ആവശ്യമായ അളവിൽ പാൽ ചുരത്താതെ വരുന്നത് ആദ്യ ദിവസങ്ങളിൽ സാധാരണമാണ്. ഇതുമൂലം മുലയൂട്ടലും കൃത്യമായ ഇടവേളകളിൽ നടക്കണമെന്നില്ല. പിന്നീട് ക്രമമല്ലാത്ത അളവിൽ പാൽ ഉല്പാദിപ്പിക്കപ്പെടുമ്പോൾ സ്തനങ്ങളിൽ ഇവ കെട്ടിക്കിടക്കുകയും വീർക്കുകയും ചെയ്യുന്നു. രണ്ടുമൂന്നു ദിവസം പാലൂട്ടി കഴിയുമ്പോഴേക്കും ഈ അവസ്ഥ മാറിക്കിട്ടും. അണുബാധ മൂലം സംഭവിക്കുന്നതാണെങ്കിൽ ഡോക്ടറുടെ നിർദേശങ്ങൾ തേടേണ്ടതുണ്ട്. മുലക്കണ്ണിനു ചുറ്റുമുള്ള ചർമം കട്ടിയാകുക, സ്തനങ്ങൾ വീർക്കുക, തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

ചെന്നിക്കുത്ത്: ഹോർമോൺ മാറ്റങ്ങൾ, സ്ട്രെസ്, ജീവിതരീതി, മാനസികാവസ്ഥ, ഉറക്കക്കുറവ്, ജനിതകപരമായ കാരണങ്ങൾ എന്നിവ മൂലം ചെന്നിക്കുത്ത് അനുഭവപ്പെടാം.

പ്രസവശേഷമുള്ള ബുദ്ധിമുട്ടുകൾ: പ്രസവത്തിനു ശേഷമുള്ള ആദ്യത്തെ ആഴ്ചയിലാണ് ഇത് സംഭവിക്കുക. കുഞ്ഞിന് ജന്മം നൽകി കഴിയുമ്പോൾ മുതൽ അമ്മയുടെ ശരീരത്തിലെ ഈസ്ട്രജൻ അളവ് കുറയാൻ തുടങ്ങുന്നു. ഇത് വിഷാദത്തിനും തലവേദനയ്ക്കും കാരണമാകുന്നു. 

നിർജലീകരണം: മുലപ്പാലിന്റെ 88 ശതമാനവും ജലമാണ്. മുലയൂട്ടാൻ തുടങ്ങുമ്പോൾ അതിനനുസരിച്ചു കൂടുതൽ വെള്ളം ശരീരത്തിന് ആവശ്യമായി വരും. അതുകൊണ്ടു തന്നെ സാധാരണയെക്കാൾ കൂടുതൽ വെള്ളം കുടിക്കേണ്ടതുണ്ട്. ശരീരത്തിലെ ജലാംശം കുറയുന്നത് പതിയെ നിർജലീകരണത്തിലേക്ക് നയിക്കുന്നു. ഇതിന്റെ ആദ്യ ലക്ഷണമായാണ് തലവേദന പ്രത്യക്ഷപ്പെടുക.

 
 
 

മരുന്നുകളുടെ പ്രതിപ്രവർത്തനം: വിറ്റാമിൻ B6 ഗുളിക പോലെയുള്ള ചില മരുന്നുകളുടെ പാർശ്വഫലമായി തലവേദന ഉണ്ടാകാം. ഉയർന്ന ഡോസിലുള്ള മരുന്നുകൾക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്വയം ചികിത്സയും ഇതിനൊരു കാരണമാകുന്നുണ്ട്. 

തെറ്റായ പൊസിഷൻ: മുലയൂട്ടുമ്പോൾ കൂടുതൽ വളഞ്ഞിരിക്കുന്നതും തുടർച്ചയായി കൂടുതൽ നേരം താഴേക്ക് നോക്കുന്നതും മൂലം കഴുത്തിലെയും മുതുകിലെയും പേശികൾക്ക് മർദം അനുഭവപ്പെടുന്നു. ഇത് തലവേദനയിലേക്ക് നയിക്കാം. 

ചികിത്സ എങ്ങനെ?

മറ്റേതു രോഗവുമെന്നത് പോലെ ചികിത്സയ്ക്കു മുൻപ് കാരണം കണ്ടു പിടിക്കുകയാണ് വേണ്ടത്. എങ്കിൽ മാത്രമേ ചികിത്സയും ഫലപ്രദമാകുകയുള്ളു. ആദ്യപടിയായി തണുത്ത തുണി നെറ്റിയിൽ വയ്ക്കുകയോ ഐസ് ക്യൂബുകൾ തുണിയിൽ പൊതിഞ്ഞു അൽപനേരം വയ്ക്കുകയോ ആവാം. 

കുഞ്ഞിനെ പരിചരിക്കുന്നതിനോടൊപ്പം തന്നെ സ്വയം വിശ്രമിക്കാനും സമയം കണ്ടെത്തുക.

കൃത്യമായി ആഹാരം കഴിക്കുക. മുലയൂട്ടലിലൂടെയാണ് കുഞ്ഞിന് വേണ്ട പോഷകങ്ങൾ ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു കാരണവശാലും ആഹാരം ഒഴിവാക്കാതിരിക്കുക.

പ്രസവശേഷമുള്ള കുറച്ചു നാൾ ലാപ്ടോപ്പ്, മൊബൈൽഫോൺ തുടങ്ങി റേഡിയേഷനു കാരണമാകുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്‌ക്കേണ്ടതുണ്ട്. കൂടാതെ വെളിച്ചം കുറവുള്ളപ്പോഴും ഇവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

നന്നായി ഉറങ്ങേണ്ടതും അത്യാവശ്യമാണ്. കുഞ്ഞിനെ പരിചരിക്കുന്നതിനിടയിൽ മിക്കവർക്കും നന്നായി ഉറങ്ങാൻ സമയം കിട്ടാറില്ല എങ്കിലും കുഞ്ഞിനൊപ്പം ഉറങ്ങുന്നത് ഇവയെല്ലാം കൃത്യമായി മാനേജ് ചെയ്യാൻ സഹായിക്കും.

 
 
 

നന്നായി മുലയൂട്ടുന്നതും തലവേദന കുറയ്ക്കാൻ സഹായകമാണ്.

 

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon