ഏതു നിറമായാലും പാടുകളും ചുളിവുകളുമില്ലാതെ തിളങ്ങുന്ന മുഖം എല്ലാവരുടെയും സ്വപ്നമാണ്.. എന്നാൽ പൊടിയും പുകയും ജീവിതശൈലികളുമൊക്കെ കാരണം മിക്കവർക്കും അതൊരു സ്വപ്നമായി തന്നെയാണ് അവശേഷിക്കാറ്. എങ്കിലും വലിയ വില നൽകി രാസവസ്തുക്കൾ അടങ്ങിയ ഫേസ്പാക്കുകൾ വാങ്ങുന്നവരും ബ്യൂട്ടി പാർലറുകളിൽ സമയം മെനക്കെടുത്തുന്നവരും തീരെ കുറവല്ല. വീട്ടിലുള്ള വസ്തുക്കൾ മാത്രമുപയോഗിച്ചു ഇനി സൗന്ദര്യം വീണ്ടെടുക്കുന്നത് എങ്ങനെയെന്ന് നോക്കാം..
മഞ്ഞൾ ഫേസ് പാക്ക്
പണ്ട് കാലം മുതൽക്കു തന്നെ സൗന്ദര്യ സംരക്ഷണത്തിൽ പ്രഥമ സ്ഥാനമാണ് മഞ്ഞളിനുള്ളത്. മുഖത്തിന്റെയും ദേഹത്തിന്റെയും നിറം വർധിപ്പിക്കാനും തിളക്കം കൂട്ടാനും മഞ്ഞളിന് സാധിക്കും..
വേണ്ട ചേരുവകൾ: മഞ്ഞൾ, നാരങ്ങാനീര്, കടലമാവ്, പാൽ
തയ്യാറാക്കുന്ന വിധം: അരസ്പൂൺ മഞ്ഞൾപ്പൊടി (വീട്ടിൽ തയ്യാറാക്കിയത് ഏറ്റവും നല്ലത് ), രണ്ടു സ്പൂൺ പാൽ, രണ്ടു സ്പൂൺ കടലമാവ്, അരസ്പൂൺ നാരങ്ങാനീര് എന്നിവ മിക്സ് ചെയ്തു മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിലൊരിക്കൽ ഇതാവർത്തിക്കുക.
തക്കാളി ഫേസ്പാക്ക്
വേണ്ട ചേരുവകൾ: തക്കാളി, പഞ്ചസാര
തയ്യാറാക്കുന്ന വിധം: തക്കാളിയിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ നിറം കൂട്ടാൻ വളരെയേറെ സഹായിക്കും. ഇരുണ്ട നിറം വെളുപ്പിക്കുന്നതിനും ഇവയ്ക്ക് കഴിവുണ്ട്. ഒപ്പം പഞ്ചസാര ത്വക്കിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കിനെ കളയാൻ സഹായിക്കുന്നു. തക്കാളി ചെറുതായരിഞ്ഞു അതിലേക്ക് ഒരു സ്പൂൺ പഞ്ചസാര ചേർക്കുക. ശേഷം നീരെടുത്ത് മുഖത്ത് പുരട്ടുക. നന്നായി മസ്സാജ് ചെയ്തതിനു ശേഷം പത്തു മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
റോസാപ്പൂ ഫേസ് പാക്ക്
വേണ്ട ചേരുവകൾ: റോസാപ്പൂ ഇതളുകൾ, ചന്ദനം, പാൽ
തയ്യാറാക്കുന്ന വിധം: രണ്ടു പിടി റോസ് ഇതളുകൾ, രണ്ടു സ്പൂൺ നിറയെ ചന്ദനപ്പൊടി അഥവാ ചന്ദനം അരച്ചത്, രണ്ടു സ്പൂൺ പാൽ എന്നിവ ചേർത്ത് നന്നായി അരയ്ക്കുക. മുഖത്തും കഴുത്തിലും ഈ മിശ്രിതം നന്നായി പുരട്ടുക. നന്നായി ഉണങ്ങിയതിനു ശേഷം കഴുകി കളയാം. മൂന്നു ദിവസം ഇത് തുടർച്ചയായി പുരട്ടിയാൽ തിളങ്ങുന്ന മുഖം സ്വന്തം!
