Link copied!
Sign in / Sign up
64
Shares

മുഖക്കുരുവിനോട്‌ പൊരുതാന്‍ കറ്റാര്‍വാഴ

നമുക്കെല്ലാവര്‍ക്കും കേട്ട് പരിചയമുള്ള ഒരു ഔഷധ സസ്യമാണ് ഇംഗ്ലീഷില്‍ അലോ വെര എന്ന് പറയുന്ന കറ്റാര്‍വാഴ.

ആയുര്‍വേദത്തിലും ഹോമിയോപതിയിലുമൊക്കെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കറ്റാര്‍വാഴ ത്വക്ക് രോഗങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ്.മോയിസ്ച്ചറൈസര്‍, ഫേസ് വാഷ്, സോപ്പ്, സണ്‍സ്ക്രീന്‍ ലോഷനുകള്‍ തുടങ്ങിയവയിലൊക്കെ ഒരു പ്രധാന ഘടകമായ കറ്റാര്‍ വാഴയ്ക്ക് സൗന്ദര്യവര്‍ദ്ധക വസ്തു എന്ന നിലയിലുള്ള മൂല്യം നൂറ്റാണ്ടുകളായി ലോകം പരീക്ഷിച്ചറിഞ്ഞിട്ടുള്ളതാണ്. ഈജിപ്ത്തിലെ ക്ലിയോപാട്ര രാജ്ഞി കറ്റാര്‍വാഴയുടെ ജെല്ല്, സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിച്ചിരുന്നുവത്രെ.

കറ്റാര്‍വാഴ (അലോ വെര) മുഖക്കുരു നേരിടുന്നതിനു എത്രത്തോളം ഫലവത്താണെന്നൊരു ചോദ്യം നിങ്ങളുടെ എല്ലാവരുടെയും മനസ്സില്‍ കാണും. അണുനശീകരണ വിശേഷതകളുള്ള കറ്റാര്‍ വാഴയുടെ ജെല്‍ മുഖക്കുരുവിന്റെ ചികിത്സിക്ക് വളരെയേറെ ഗുണപ്രദവും മുഖക്കുരു കാരണം വരുന്ന ചുവപ്പും കുറയ്ക്കാന്‍ സഹായിക്കുന്നു. കുരു വന്ന ഇടത്ത് അണുബാധയും ഫന്‍ഗസും തടയാന്‍ സഹായിക്കുന്ന കറ്റാര്‍ വാഴ, വെളുത്ത ദ്രവം നിറഞ്ഞ പരുക്കളെ ഭേദമാക്കുന്നതിന് അത്യുത്തമമാണ്. കറ്റാര്‍ വാഴയുടെ ജെല്ലില്‍ ഉള്ള മഗ്നീഷിയം ലാക്റ്റേറ്റ് മുഖകുരു കാരണമുള്ള ചൊറിച്ചല്‍ ഒഴിവാക്കാന്‍ സഹായിക്കും. ചര്‍മ്മത്തില്‍ അധികമുള്ള എണ്ണമയവും അഴുക്കും നീക്കി സങ്കോചിപ്പിച്ച് മുഖക്കുരു പൊട്ടുന്നത് തടയാനുള്ള കഴിവും കറ്റാര്‍ വാഴയ്ക്കുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന പാടുകള്‍ മായ്ക്കാനും ചര്മ്മതിന്റെ പുനരുജ്ജീവനത്തിനും കഴിവുള്ള കറ്റാര്‍ വാഴയിലുള്ള ആന്‍ത്രാക്വിണോണെന്ന ഘടകം നിങ്ങളെ തിളക്കമാര്‍ന്ന ചര്‍മ്മത്തിനുടമയാക്കും. ചര്‍മ്മത്തിന്റെ പി.എച്. സന്തുലനം നിലനിര്‍ത്തുന്നതിനും കറ്റാര്‍ വാഴ സഹായകരമാണ്.

ഇനി നമുക്ക് ഈ പറഞ്ഞ കറ്റാര്‍ വാഴയെ എങ്ങിനെ മുഖകുരുവിനൊരു പ്രതിവിധിയായി ഉപയോഗിക്കാമെന്ന് നോക്കാം. ഇതിനു പല മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖത്ത് പരിക്ഷിച്ചു നോക്കുന്നതിനു മുന്പ് ചര്‍മ്മത്തില്‍ എവിടെയെങ്കിലും ഒരു പാറ്റ്ച്ച് ടെസ്റ്റ്‌ ചെയ്യുന്നത് നല്ലതാണ്. അലര്‍ജി വരാന്‍ സാധ്യത ഉണ്ടോയെന്ന് അറിയാന്‍ ഇത് ഉപകരിക്കും.

1. തേനും കറ്റാര്‍ വാഴയുടെ ജെല്ലും. 

ഒരു ടേബിള്‍സ്പൂണ്‍ അലോവെര ജെല്‍ (കറ്റാര്‍ വാഴയുടെ ജെല്‍), 1 ടേബിള്‍സ്പൂണ്‍ തേനും, 1-2 ടീസ്പൂണ്‍ പനിനീരും നന്നായി കലര്‍ത്തി ഒരു മിശ്രിതം ഉണ്ടാക്കുക. വേണമെങ്കില്‍ ഒരു നുള്ള് മഞ്ഞളും മുഖത്തു നിറം വെയ്ക്കുന്നതിന് വേണ്ടി ഈ മിശ്രിതത്തില്‍ ചേര്‍ക്കാം. മുഖക്കുരു വരാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ പുരട്ടി, ഇരുപത് മിനുട്ട് വെച്ച ശേഷം കഴുകി കളയുക. ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്‌താല്‍ മുഖക്കുരു മാറി കിട്ടും.

2. കറ്റാര്‍വാഴയും നാരങ്ങാനീരും 

കുറച്ച് നാരങ്ങാനീര് 1-2 ടേബിള്‍സ്പൂണ്‍ അലോ വെര ജെല്ലില്‍ കലര്‍ത്തി നല്ലൊരു മിശ്രിതം ഉണ്ടാക്കുക. ഈ മാസ്ക് മുഖത്തും കഴുത്തിനും പുരട്ടി രാത്രി മുഴുവന്‍ അതു പോലെ വെക്കുക. മുഖത്ത് ഇത് പറ്റിപ്പിടിചിരിക്കുന്നത് ഇഷ്ടമല്ലാത്തവര്‍ കുറഞ്ഞത്‌ ഒരു മണിക്കുറെങ്കിലും ഇത് മുഖത്ത് പുരട്ടി വെച്ച ശേഷം കഴുകി കളയുക. മുഖക്കുരു ഭേദമാകുന്നത് വരെ എല്ലാ രാത്രിയിലും ഇത് തുടരാം. സെന്‍സിറ്റീവായ ചര്‍മ്മമുള്ളവര്‍ നാരങ്ങാനീരിനു പകരം തക്കാളി നീര് ഉപയോഗിക്കുന്നതായിരിക്കും ഉത്തമം.

3. കറ്റാര്‍വാഴയും മഞ്ഞളും 

1-2 ടീസ്പൂണ്‍ കറ്റാര്‍ വാഴയുടെ ജെല്ലും, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും, 1 ടീസ്പൂണ്‍ കടലപ്പൊടിയും ചേര്‍ത്തൊരു മിശ്രിതം ഉണ്ടാക്കുക. മിശ്രിതം വളരെ കട്ടിയായ് തോന്നുണ്ടെങ്കില്‍ ഒരല്പം വെള്ളം ചേര്‍ക്കാവുന്നതാണ്. മുഖത്ത് പുരട്ടി 15-20 മിനുട്ട് ഉണങ്ങാന്‍ വെയ്ക്കുക. പിന്നീട് കഴുകികളയുക. ആഴ്ച്ചയില്‍ രണ്ടു തവണ ആവര്‍ത്തിക്കുക. മുഖത്തു നിന്നും മഞ്ഞള്‍ക്കറ പോകുന്നില്ലെങ്കില്‍ ഒരല്‍പ്പം നാരങ്ങാനീര് വെച്ച് മൃദുവായി ഉരച്ചു കളയുക.

4. ബേബി ഓയിലും കറ്റാര്‍വാഴയുടെ ജെല്ലും 

1-2 ടീസ്പൂണ്‍ അലോ വെര ജെല്ലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് തേക്കാന്‍ ഉപയോഗിക്കുന്ന ബേബി ഓയിലിന്റെ കുറച്ച് തുള്ളികളും ചേര്‍ത്തുണ്ടാകിയ മിശ്രിതം ഇറ്റിറ്റു വീഴാതെ ശ്രദ്ധിച്ച് മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ ഒരു മണിക്കുറോളം പുരട്ടി വെയ്ക്കുക. പിന്നീട് ഇളം ചൂടു വെള്ളത്തില്‍ കഴുകി കളയുക. ദിവസവും ഒരു തവണ ആവര്‍ത്തിക്കുക. വിറ്റാമിന്‍ ഇ –യുള്ള ബേബി ഓയില്‍ പുരട്ടുന്നത് വഴി ചര്‍മ്മത്തിന് ആവശ്യമായ എണ്ണമയം ലഭിക്കുന്നതിനാല്‍ മുഖുക്കുരു വരുത്തുന്ന അമിതമായ എണ്ണ ഉത്പാദനം നിയന്ത്രിക്കാന്‍ സാധിക്കും. ഇതാണ് ഇതിനു പിന്നിലുള്ള രഹസ്യം. 

5. കറ്റാര്‍വാഴ ജെല്ലും വിറ്റാമിന്‍ ഇ-യും 

ഒരു വിറ്റാമിന്‍ ഇ ക്യാപ്സൂള്‍ ഗുളിക പൊളിച്ച് അതിനുള്ളിലെ എണ്ണ ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ (അലോ വെര) ജെല്ലില്‍ കലര്‍ത്തി നന്നായി മിശ്രണം ചെയ്യുക. മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടി ഉണങ്ങാന്‍ വെയ്ക്കുക, ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുകയോ അല്ലെങ്കില്‍ രാത്രി മുഴുവന്‍ വെച്ച ശേഷം കഴുകി കളയുകയോ ചെയ്യാവുന്നതാണ്. മുഖക്കുരു ഭേദമാകുന്നത് വരെ ഇത് കുറച്ച് ദിവസങ്ങളോളം തുടരാം.

6. ആപില്‍ സൈഡര്‍ വിനിഗറും കറ്റാര്‍ വാഴയും. 

ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴയുടെ ജെല്ലും , അര ടീസ്പൂണ്‍ ആപില്‍ സൈഡര്‍ വിനിഗറും, അര ടീസ്പൂണ്‍ വെള്ളവും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം വിരലുകളോ പഞ്ഞിത്തുണ്ടോ ഉപയോഗിച്ച് മുഖത്ത് മുഴുവന്‍ പുരട്ടുക. 15-20 മിനിറ്റ് ഉങ്ങങ്ങാന്‍ വെച്ച ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആപ്പിള്‍ സൈഡര്‍ വിനാഗിരി അണുക്കളെ ഉന്‍മൂലനം ചെയ്യുകയും, ത്വക്കിന്റെ പി.എച്ച്. സന്തുലനം നിലനിര്‍ത്തുന്നതിനോടൊപ്പം നിര്‍ജ്ജീവമായ കോശങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്യുകയും ചെയ്യുന്നു. സെന്‍സിറ്റിവായ ചര്‍മ്മത്തിനു ആപില്‍ സൈഡര്‍ വിനിഗര്‍ ചേരണമെന്നില്ല, അതുകൊണ്ട് ഇത്തരക്കാര്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കാതിരിക്കുകയാണ് നല്ലത്.

7. കറ്റാര്‍വഴ - പാല്‍ - പഞ്ചസാര മാസ്ക് 

ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാര അര ടേബിള്‍സ്പൂണ്‍ പാലില്‍ നന്നായി അലിയിച്ച് ചേര്‍ക്കുക. ഇതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്ല് ചേര്‍ത്ത് നന്നായി മിശ്രണം ചെയ്യുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റു വെച്ച ശേഷം ഇളം ചൂടു വെള്ളത്തില്‍ കഴുകി കളയുക. ഇത് ദിവസേന ആവര്‍ത്തിക്കുക. പഞ്ചസാരയും പാലും ത്വക്കിന്റെ നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കും. പാലിനോട് അലര്‍ജി ഉള്ളവര്‍ ഈ പ്രതിവിധി പരീക്ഷിച്ച് നോക്കാന്‍ ശ്രമിക്കരുത്.

8. കറ്റാര്‍ വാഴ (അലോ വെര) സോപ്പ് 

ഗ്ലിസറിന്‍ അടങ്ങിയിട്ടുള്ള ജൈവ അലോ വെര സോപ്പ് ദിവസവും രണ്ടു നേരം ഉപയോഗിക്കുകയാണെങ്കില്‍ മുഖക്കുരു കുറയ്ക്കാന്‍ സാധിക്കും. ചര്‍മ്മം വരണ്ടു പോകാതിരിക്കാന്‍ നിങ്ങള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന അലോ വെര സോപ്പില്‍ ഗ്ലിസറിന്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക.

അലോ വെര മുഖക്കുരു പൂര്‍ണമായി ഭേദമാക്കുകയില്ലെങ്കിലും അതുകാരണം ഉണ്ടാകുന്ന അണുബാധയേയും, ഉരുണ്ടു പൊങ്ങലിനേയും, ചുവന്ന പാടുകളേയും കുറയ്ക്കാന്‍ ഏറെ സഹായിക്കും. മുഖക്കുരുകാരണം ഉണ്ടായ പാടും പുണ്ണും പെട്ടെന്ന് തന്നെ ഭേദമാവുകയും ചെയ്യും. പതിവായി കറ്റാര്‍വാഴ ഉപയോഗിച്ചാല്‍ ഭാവിയില്‍ മുഖക്കുരു വരാനുള്ള സാധ്യതകള്‍ കുറയും. തിളങ്ങുന്ന ചര്‍മ്മക്കാന്തി നല്‍കുന്ന കറ്റാര്‍ വാഴയെ നിങ്ങളുടെ സുഹൃത്താക്കാന്‍ മറക്കണ്ട!

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon