Link copied!
Sign in / Sign up
4
Shares

മാതൃത്വം എന്നത് അഭിമാനിക്കേണ്ട ഒന്നാണ്, ലജ്ജികേണ്ട ഒന്നല്ല!

 

 

 

‘അവള്‍ ദേ ഇത്രേം പേര് നോക്കി നില്‍ക്കെ പരിസരം പോലും നോകാതെയിരുന്ന് മുലയൂട്ടുന്നു... ഇവള്‍ക്കെന്താ ഒരു നാണവുമില്ലാത്തത്?’

കുഞ്ഞിനെ മുലയൂട്ടുക എന്നത് തികച്ചും പ്രകൃതിസഹജമായ ഒന്നാണ്. തന്നില്‍ നിന്നും വിരിഞ്ഞ ആ ജീവനെ പരിപാലിക്കുവാനും സംരക്ഷിക്കാനും വേണ്ടി സ്ത്രീക്ക് മാത്രം കിട്ടിയ ഒരു അനുഗ്രഹമാണ് ഇത്. എന്നാലാകട്ടെ പൊതുസ്ഥലങ്ങളില്‍ മുത്രമൊഴിക്കുന്നതിന് വിലക്കില്ലാത്ത നാട്ടില്‍ മറയില്ലാതെ മുലയൂട്ടുന്നത് ഒരു വലിയ പ്രശ്നവും. പൊതുസ്ഥലത്ത് ഇരുന്ന് കുഞ്ഞിനെ മുലയൂട്ടാന്‍ പല അമ്മമാര്‍ മടിക്കുന്നതും മുലയൂട്ടലിനെ ഇത്തരത്തില്‍ ലൈംഗിക തൃഷ്ണയോട് കൂടി നോക്കി കാണുന്ന ഒരു സമൂഹത്തിന് നടുവില്‍ ജീവിക്കേണ്ടി വരുന്നത് കൊണ്ടാണ്. മറയില്ലാതെ മുലയൂട്ടുന്നതിനെ നഗ്നത പ്രദര്‍ശനമെന്ന് എന്ന് പോലും മുദ്ര കുത്തുന്ന ഒരു സമൂഹമാണല്ലോ നമ്മുടെത്. പാടില്ല പാടില്ല എന്ന് കേട്ട് മാത്രം ശീലിച്ച നമ്മുടെ അമ്മമാര്‍ക്കും മുത്തശിമാര്‍ക്കും ഒരു സ്ത്രീയായിട്ടുപ്പോലും ചിലപ്പോള്‍ ഇതിനൊരു മാറ്റം വേണമെന്ന വാദം ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ലെന്നും വരാം. എങ്കിലും വീടിന്റെ നാല് ചുമരുകള്‍കപ്പുറം ചെന്നപ്പോള്‍, മുലയൂട്ടാന്‍ വേണ്ടി അവര്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളുടെ കഥ അന്നും ഇന്നും ഒന്ന് തന്നെയാണ്. അവിടെയാണ് ഇതിന്റെ പ്രസക്തി വെളിവാകുന്നത്. തികച്ചും ജൈവികമായ മുലയൂട്ടുലിനെ ലൈംഗികത കലര്‍ത്തി കാണരുതെന്ന് പറയാന്‍ ഇന്നത്തെ സ്ത്രീ ശ്രമിക്കുന്നതും ഇത് കൊണ്ടാണ്.

നമുക്കെല്ലാം സുപരിചതമായ ഒരു മുഖ്യധാരാ പ്രസിദ്ധികരണമായ മാതൃഭൂമിയുടെ ഗൃഹലക്ഷ്മി എന്ന വനിതാ മാസിക ഇത്തരമൊരു ആശയവുമായ് മുന്നോട്ട് വന്നത് തികച്ചും പ്രശംസനീയമാണ്. ഇതുവരെയായിട്ടും എന്താ കാര്യമെന്ന് പിടികിട്ടാത്തവര്‍ ഉണ്ടെങ്കില്‍ ഇതാ അറിഞ്ഞോളൂ. ഒരു പക്ഷെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കാം മറയില്ലാതെ അഭിമാനത്തോട് കൂടി മുലയൂട്ടുന്ന ഒരമ്മയുടെ ചിത്രം ഒരു മാസികയുടെ കവര്‍ ചിത്രമായ് പ്രത്യക്ഷപ്പെടുന്നത്. കവര്‍ ചിത്രത്തില്‍ ‘കേരളത്തോട് അമ്മമാര്‍: തുറിച്ച് നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം’ എന്നൊരു വാക്യം വിളിച്ചോതുതിക്കൊണ്ട് ഒരു പുത്തന്‍ ക്യാംപെയിന്‍-നു തുടക്കമിടാന്‍ ധൈര്യം കാണിച്ച ഗൃഹലക്ഷ്മിക്ക്  അഭിനന്ദനങ്ങള്‍. മുലയൂട്ടല്‍ എന്ന സ്വാഭാവിക പ്രക്രിയയെ അശ്ലീലമായ് കാണരുതെന്ന ആശയത്തേ അഭിമാനപൂര്‍വ്വം പിന്തുണച്ചുകൊണ്ട് ഇത്തവണത്തെ കവര്‍ ഗേള്‍ ആയി എത്തിയത് നടിയും, മോഡലും, എഴുത്തുകാരിയും എയര്‍ ഹോസ്റ്റ്സുമായ ജിലു ജോസഫാണ്.

ഗ്ലാമറിനെയും മാറുന്ന സൗന്ദര്യ സങ്കല്പങ്ങളെയും പ്രകീര്‍ത്തിക്കുന്ന ചിത്രങ്ങളാണ് നാം കൂടുതലും വനിതാ മാഗസിനുകളുടെ കവര്‍ ചിത്രങ്ങളായി കണ്ടിട്ടുള്ളത്. അതില്‍ നിന്നും വ്യത്യസ്തമായ്, ഒരു വനിതാ മാസിക സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടിയാണ് ശരിക്കും ശബ്ദിക്കേണ്ടത് എന്ന ആശയം കൂടി ഇവിടെ ശക്തമായ് അവതരിപ്പിക്കുകയാണ് ഗൃഹലക്ഷ്മി.

പണ്ടൊരിക്കല്‍ ഫേസ്ബുക്കില്‍ വായിച്ചതാണ്: ടോയലെറ്റിനകത്ത് കേറി നിന്ന് കൊണ്ട് ഭക്ഷണം കഴിക്കാന്‍ അറുപ്പു കാട്ടുന്ന നിങ്ങള്‍ എന്തിനാണ് ഒരു കൈകുഞ്ഞിനെ അവിടെയിരുന്നുണ്ണാന്‍ നിര്‍ബന്ധിതനാക്കുന്നത്? മുലയൂട്ടുന്ന അമ്മമാരോടുള്ള പൊതുജനങ്ങളുടെ തെറ്റായ സമീപനമാണ് വാഷ്റൂമിലും ഫീഡിംഗ് റൂമിലും ചെന്ന് തന്റെ കുഞ്ഞിനെ മുലയൂട്ടാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നത്. കരയുന്ന കുഞ്ഞിനെ മുലയൂട്ടുവാന്‍ വേണ്ടി ആളില്ലാത്ത സ്ഥലങ്ങള്‍ തേടി ബുദ്ധിമുട്ടുന്ന എത്രയെത്ര അമ്മമാരെ നിങ്ങള്‍ പല സന്ദര്‍ഭങ്ങളിലുമായ് കണ്ടിട്ടുണ്ട്. മറയില്ലാതെ മുലയൂട്ടെണ്ടി വരുന്ന അമ്മമാരേ മോശമായ് ചിത്രീകരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നതിന് പകരം മുലയൂട്ടുന്നതില്‍ വരെ ലൈംഗികത കാണുന്ന നിങ്ങളുടെ വികൃതമായ മനസ്സിനെ അല്ലെ ആദ്യം നന്നാക്കേണ്ടത്? 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon