Link copied!
Sign in / Sign up
2
Shares

പഠിക്കരുത്! ദൈവത്തിന്റെ സ്വന്തം നാട് നന്നായാലോ?

കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. അലമുറയിട്ട് കരയുകയാണ് അമ്മയും പെങ്ങളും ഭാര്യയും. ഇതെഴുതുമ്പോഴും കണ്ണ് നിറഞ്ഞൊഴുകുകയാണ്. ആ പെൺകുട്ടിയുടെ കരച്ചിൽ കാണുമ്പോൾ ഹൃദയം പൊട്ടുന്നു. ആ വേദനയിലും അവൾ പറയുന്നത് സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് ഇനി പോവില്ലെന്നാണ്. കെവിൻ ചേട്ടന്റെ അച്ഛനെയും അമ്മയെയും പെങ്ങളേയും താൻ നോക്കുമെന്നാണ്. ജീവിതകാലം മുഴുവൻ കണ്ണീർ കുടിക്കാൻ സ്വന്തം മകളെ എറിഞ്ഞുകൊടുത്തിട്ട് ആ മാതാപിതാക്കളും 'സഹോദരൻ' എന്ന സ്ഥാനത്ത് അബദ്ധവശാൽ ജനിച്ച മൃഗവും എന്ത് നേടി? ദുരഭിമാനത്തേക്കാൾ വലുതാണ് ജീവന്റെ വില എന്ന  കാര്യം നാം മനസിലാക്കേണ്ട കാലം എന്നേ കഴിഞ്ഞു.ദുരഭിമാനത്തിന്റെ പേരിൽ മകളെ കൊന്ന ആതിരയുടെ അച്ഛനും നീനുവിന്റെ ബന്ധുക്കൾക്കും മനസ്സുകൊണ്ടെങ്കിലും പ്രോത്സാഹനം കൊടുക്കുന്നവർ 50 ശതമാനമെങ്കിലും വരും കേരളത്തിൽ. 

പെൺകുട്ടിയുടെ മാതാപിതാക്കൾ കാൽ നൂറ്റാണ്ട് മുൻപ് രണ്ടു വ്യത്യസ്ത മതങ്ങളിൽ നിന്നും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. പ്രത്യേകം ശ്രദ്ധിക്കുക, ജാതിയല്ല, മതങ്ങൾ പോലും വ്യത്യസ്തമായിട്ടും ഇത്രയും കാലം സഹിഷ്ണുതയോടെ അവർ ജീവിച്ചൂ. പെൺകുട്ടിയുടെ സഹോദരനും പ്രേമവിവാഹം ചെയ്തയാളാണ്. എന്നിട്ടും പെൺകുട്ടിയുടെ പ്രണയത്തെ എന്തുകൊണ്ടാണ് അവർ ശക്തമായി എതിർത്തത്? പക്വതയില്ലാത്ത പ്രണയം എങ്ങുമെത്തില്ല എന്ന വിശ്വാസമാവാം കാരണം. എങ്കിലും മാതാപിതാക്കൾ എന്ന നിലയിൽ സമ്പൂർണ പരാജയമാണിവർ. പണ്ടുള്ളതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യവും അടുപ്പവും മക്കളുമായി പുലർത്തുന്നവരാണ്  ഭൂരിപക്ഷം മാതാപിതാക്കളും. അങ്ങനെയല്ലാത്തവർ ഇല്ലെന്നല്ല. യാഥാസ്ഥിതിക ചിന്താഗതികൾ വച്ചുപുലർത്തുന്നവർ ഉണ്ടാവാം. എങ്കിലും പ്രണയവിവാഹം കഴിച്ചു ജീവിച്ചവർ എന്ന നിലയിൽ പ്രണയത്തെ എതിർക്കുന്നതിനേക്കാൾ കുറച്ചുകൂടി ഉത്തരവാദിത്തബോധത്തോടെ മകളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കണമായിരുന്നു.പകരം മറ്റൊരു വിവാഹം ആലോചിക്കുകയല്ലായിരുന്നു വേണ്ടത്. മക്കൾക്ക് നല്ല ഭാവി ഉണ്ടാകണമെന്ന് തന്നെയാണ് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുക.എന്നാൽ ആ ആഗ്രഹം നടപ്പിലാക്കാൻ ക്രൂരവും മനുഷ്യത്വരഹിതവുമായ വഴി തിരഞ്ഞെടുക്കുന്നതാണ് തെറ്റ്. പെൺകുട്ടിയെ പഠിക്കാനും ജോലി നേടാനും അനുവദിക്കുകയും വിവാഹപ്രായം എത്തുമ്പോഴും പ്രണയം നിലനില്ക്കുകയാണെകിൽ അത് നടത്തിക്കൊടുക്കുകയോ ഇഷ്ടപ്രകാരം ജീവിയ്ക്കാൻ അനുവദിക്കുകയോ ആണ് വേണ്ടിയിരുന്നത്. തന്നെ ജീവിക്കാൻ അനുവദിക്കില്ലെന്ന് മാതാപിതാക്കളും സഹോദരനും പറഞ്ഞതായി മാധ്യമങ്ങളോട് വളരെ വ്യക്തമായി അവൾ പറയുന്നുണ്ട്. ഒപ്പം പിതാവ് ആശുപത്രിയിൽ ആണെന്ന കള്ളക്കഥയുണ്ടാക്കി തന്നെ തിരികെ കൊണ്ടുവരാൻ സ്വന്തം അമ്മ ശ്രമിച്ചതായും പറയുന്നു. സിനിമകളിലും സീരിയലുകളിലും മാത്രം കണ്ടു ശീലിച്ച ഇത്തരം സന്ദര്ഭങ്ങളിലേക്ക് ഒരു കാരണവശാലും അവർ എത്തിപ്പെടാൻ പാടില്ലായിരുന്നു.

ആങ്ങള ചത്താലും കുഴപ്പമില്ല, നാത്തൂൻ കരയുന്നത് കാണണം എന്ന ശൈലി പോലെയാണ് പെൺകുട്ടിയുടെ സഹോദരൻ പ്രവർത്തിച്ചിരിക്കുന്നത്. കുഞ്ഞുന്നാൾ മുതൽ കൈപിടിച്ച് നടന്ന പെങ്ങൾ മാതാപിതാക്കളെ ഉപേക്ഷിച്ചു പോയി എന്നത് എല്ലാ സഹോദരന്മാർക്കും വേദന തന്നെയാണ്. എന്നാലിവിടെ പ്രണയത്തെക്കുറിച്ചും അത് നഷ്ടപ്പെട്ടാലുള്ള വേദനയെക്കുറിച്ചും നന്നായി അറിയുന്നവൻ. തൻറെ പ്രണയം നഷ്ടപ്പെടാതിരിക്കാൻ ആണല്ലോ അയാൾ അതേ പെൺകുട്ടിയെ വിവാഹം കഴിച്ചത്. എന്നിട്ടും സഹോദരിയുടെ മനസ് മനസിലാക്കാൻ അയാൾക്ക്‌ കഴിയാതെ പോയി. പെങ്ങളെ പ്രേമിച്ചു വഞ്ചിച്ചവൻ ആയിരുന്നെകിൽ പത്തു ശതമാനം എങ്കിലും ന്യായീകരിക്കാൻ വകുപ്പുണ്ടായിരുന്നു. സ്വന്തം പെങ്ങളുടെ കണ്ണ് നിറയാതെ അവൾ സ്വപ്നം കണ്ട ജീവിതത്തിലേക്ക് കൈപിടിച്ചതിനാണ് പാവപ്പെട്ട ഒരു യുവാവിന് ജീവൻ വെടിയേണ്ടി വന്നത്. പ്രണയത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം പേക്കൂത്തുകളിൽ നമുക്കും നമ്മുടെ നാട്ടുകാർക്കും അയല്വക്കക്കാർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. നിമിഷവും നാട്ടുകാരെ പേടിച്ചു കഴിയുന്നവരാണ് നമ്മൾ ഓരോരുത്തരും. ആയിരം കുടങ്ങളുടെ വായ മൂടിയാലും ഒരാളുടെ വായ മൂടാൻ സാധിക്കില്ല എന്ന് ഈ പേടിയെ നിസാരവൽക്കരിക്കരുത്. ഒരു ഉദാഹരണം പറയാം. പള്സ്ടു കഴിഞ്ഞു ഡിഗ്രി ആണ് തിരഞ്ഞെടുക്കുന്നത് എന്നറിഞ്ഞപ്പോൾ മുതൽ സ്വസ്ഥത നഷ്ടപ്പെട്ട ഒരമ്മച്ചി ഉണ്ടായിരുന്നു അയല്വക്കത്ത്. കോളേജിൽ പോകുന്ന പെണ്പിള്ളേരെല്ലാം പിഴച്ചു പോകുമെന്നായിരുന്നു അവരുടെ കണ്ടെത്തൽ.അതിനെ ന്യായീകരിക്കാൻ മറ്റു രണ്ടുമൂന്ന് പേരുമുണ്ടായിരുന്നു എന്നതാണ് ഭീകരം. നഴ്സിംഗ് ആണെങ്കിൽ പിന്നെ ഭയങ്കര സുരക്ഷയാണ് മറുനാടൻ ഇന്സ്ടിട്യൂട്ടുകൾ നൽകുന്നെന്നായിരുന്നു അവരുടെ ന്യായീകരണം. അയൽവക്കത്തെ പാവപ്പെട്ട കുട്ടി നഴ്സിംഗ് പഠിച്ചു രക്ഷപെട്ടോട്ടെ എന്നല്ല, ബാങ്ക് ലോൺ എടുത്തുപഠിച്ചു നാട്ടിലെ സ്വകാര്യ ആശുപത്രികളിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തു ലോൺ തിരിചടക്കാനാവാതെ നരകിക്കുന്നത് കാണണം എന്നാണവരുടെ മനസ്സിലിരിപ്പ് എന്ന് പിന്നീടറിയാൻ കഴിഞ്ഞു (നഴ്സിംഗ്  നെയും മാലാഖമായെയും പുച്ഛിച്ചതോ കളിയാക്കിയതോ അല്ല, അവർ ചെയ്യുന്ന സേവനങ്ങളോടും ത്യാഗങ്ങളോടുമുള്ള എല്ലാ ബഹുമാനത്തോടും കൂടിയാണ് പറയുന്നത്. നാട്ടിലിറങ്ങി ഒന്നന്വേഷിച്ചാൽ ഇത്തരത്തിൽ നരകിക്കുന്ന ഒരുപാടു പേരെ കാണാൻ കഴിയും).ഡിഗ്രിക്ക് ശേഷം മെട്രോ നഗരത്തിൽ ക്യാമ്പസ് സെലെക്ഷൻ വഴി ജോലി ലഭിച്ചു എന്നറിഞ്ഞപ്പോൾ ഇതേ അമ്മച്ചി പറഞ്ഞത് അവിടെ പോകുന്നവർ ഒന്നും നന്നാവില്ല, വിവാഹമാർക്കറ്റിൽ വിലയിടിയും എന്നായിരുന്നു. നാട്ടുമ്പുറങ്ങളിൽ നിർദോഷമായ പരദൂഷണം എന്ന് നമ്മൾ പുച്ഛിച്ചു തള്ളുന്ന അഭിപ്രായങ്ങളെ ആണ് ഓരോ മലയാളിയും ഉള്ളിന്റെയുള്ളിൽ പേടിക്കുന്നത്. ഇത് തന്നെയാണ് പൊതുവെ മാതാപിതാക്കൾ പ്രണയത്തെ എതിർക്കുന്നതിന് കാരണവും. സ്വന്തം കുഞ്ഞു ഒന്ന് നിലത്തുവീണു കരഞ്ഞാൽ കൂടെ കരഞ്ഞിരുന്ന അച്ഛനും അമ്മയുമാണ്  ഇത്തരം ദുരഭിമാനം സംരക്ഷിക്കാൻ മക്കളുടെ മനസ് കാണാതെ പോകുന്നത്. പ്രണയം മൂലം പതിനെട്ടാം വയസിൽ മുപ്പതുകാരനെ വിവാഹം കഴിക്കേണ്ടി വന്ന പെൺകുട്ടിയെ അറിയാം. വിവാഹം കഴിഞ്ഞ നിമിഷം അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് കണ്ട ആശ്വാസം! ഇനിയിപ്പോ അവൾ എന്തുചെയ്താലും കെട്ടിയോൻ നോക്കിക്കോളുമല്ലോ, നമ്മുടെ തലയിൽ വരില്ലല്ലോ എന്ന് അവളുടെ അമ്മ സംസാരത്തിനിടയിൽ ന്യായീകരിച്ചത് ഇപ്പോഴും ആശങ്കയുണ്ടാക്കുന്നു. കഷ്ടപ്പാടിന്റെ കാലത്തും പട്ടിണി കിടക്കുമ്പോഴും സഹായിക്കാൻ വരാത്ത നാട്ടുകാർ വിവാഹ കാര്യത്തിൽ മാത്രം പറയുന്ന അഭിപ്രായങ്ങൾക്ക് എന്തിനാണിത്ര  പ്രാധാന്യം കൊടുക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഇതുപോലെ തന്നെ  അവഗണിക്കേണ്ട കൂട്ടരാണ് സൈബർ ആങ്ങളമാർ. നാടിനെ നടുക്കിയ സംഭവത്തെ കുറിച്ച് വന്ന ഓരോ വാർത്തകൾക്കും താഴെ പെൺകുട്ടിക്കെതിരെയുള്ള കമന്റുകൾ വായിച്ചു അക്ഷരാർത്ഥത്തിൽ ഞെട്ടി. മാട്രിമോണിയൽ സൈറ്റുകൾ,ഇവന്റ് മാനേജ്‌മന്റ് കമ്പനികൾ, സ്വര്ണക്കടക്കാർ എന്നിവർക്കെല്ലാം വേണ്ടി വിവാഹം കഴിക്കുകയും കഴിപ്പിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ മലയാളിയുടെ അഭിമാനം. നമ്മൾ മാറേണ്ടിയിരിക്കുന്നു. ഭക്ഷണത്തിലും സംസ്കാരത്തിലും എടുപ്പിലും നടപ്പിലും എല്ലാം ഒരുപാട് മാറേണ്ടിയിരിക്കുന്നു.

കെവിന്റെ സംസ്കാര ചടങ്ങുകൾ തുടങ്ങിക്കഴിഞ്ഞു.നീനുവിന്റെ പിതാവും സഹോദരനും പൊലീസിന് കീഴടങ്ങി. പോലീസ് അറസ്റ്റു ചെയ്തില്ലെങ്കിൽ സമൂഹത്തിനു മുൻപിൽ ഒറ്റപ്പെടാൻ പോകുന്ന മാതാവും സഹോദരന്റെ ഭാര്യയും അനാഥർ. ഒരു നിമിഷം കൊണ്ട് രണ്ടു കുടുംബങ്ങൾ ഇല്ലാതാക്കിയ ദുരഭിമാനവും വർണവെറിയും തലയുയർത്തി നിൽക്കുന്നു. നാം പഠിക്കരുത്! ദൈവത്തിന്റെ സ്വന്തം നാട് നന്നായാലോ?

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon