Link copied!
Sign in / Sign up
184
Shares

ഗർഭകാലം: ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

ഓരോ പെൺകുട്ടിയുടെയും ജീവിതത്തിലെ ഏറ്റവും നിർണായകമായ സമയമാണ് ഗർഭകാലം.തന്റെ ഉള്ളിൽ ഒരു ജീവൻ തുടിക്കുന്നുണ്ടെന്നു അറിയുമ്പോൾ മുതൽ ഓരോ സ്ത്രീയുടെയും ജീവിതം തന്നെ മാറിമറിയും.ഗർഭകാലത്തെ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവങ്ങളാണ് ഓരോ അമ്മയെയും പാകപ്പെടുത്തിയെടുക്കുന്നത്.കുഞ്ഞു വളരുന്നതിന്റെ ഓരോ ഘട്ടങ്ങളിലും എന്തൊക്കെ മുകരുതലുകളാണ് എടുക്കേണ്ടതെന്നുള്ള കാര്യത്തിൽ പലർക്കും പല അഭിപ്രായമായിരിക്കും.എന്തൊക്കെ ഭക്ഷണം കഴിക്കാം, എന്തൊക്കെ കഴിക്കാൻ പാടില്ല,എങ്ങനെ കിടക്കണം,എന്തൊക്കെ മരുന്നുകൾ കഴിക്കാം തുടങ്ങി നൂറു നൂറു സംശയങ്ങൾ ആയിരിക്കും എല്ലാ ഗർഭിണികൾക്കും.തന്റെ ശരീരത്തിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്താണെന്നറിഞ്ഞാലേ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നുള്ളത് അറിയാൻ സാധിക്കൂ. കുഞ്ഞിന്റെ ഓരോ വളർച്ചാ ഘട്ടങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

 • ഗർഭിണിയാണെന്നതിന്റെ ലക്ഷണങ്ങൾ
 • ഒന്നാം മാസം 
 • രണ്ടാം മാസം
 • മൂന്നാം മാസം 
 • നാലാം മാസം 
 • അഞ്ചാം മാസം 
 • ആറാം മാസം 
 • ഏഴാം മാസം 
 • എട്ടാം മാസം
 • ഒമ്പതാം മാസം 

ഗർഭിണിയാണെന്നതിന്റെ ലക്ഷണങ്ങൾ (pregnancy symptoms)

ആർത്തവം നിൽക്കുന്നു

നിങ്ങൾ ഗർഭിണിയാണ് എന്നുള്ളതിന്റെ ഏറ്റവും ആദ്യത്തെ ലക്ഷണമാണ് ആർത്തവം നിൽക്കുക എന്നത്. ആർത്തവത്തിന്റെ രണ്ടാം ആഴ്ചയിൽ നടക്കുന്ന അണ്ഡവിസർജനത്തിലൂടെ പുതിയ അണ്ഡം അണ്ഡാശയത്തിൽ നിന്ന് വേർപെടുകയും ചെയ്യുന്നു.ഒരു അണ്ഡത്തിന്റെ ആയുസ് 12-24 മണിക്കൂർ മാത്രമാണ്.  ഈ സമയത്തു ബീജസങ്കലനം നടക്കാതിരുന്നാൽ മാത്രമാണ് അടുത്ത പ്രാവശ്യത്തെ ആർത്തവം സംഭവിക്കുന്നത്.ബീജസങ്കലനം നടന്നു കഴിഞ്ഞാൽ പ്രോജെസ്റ്റീറോൺ എന്ന ഹോർമോൺ ശരീരം ഉത്പാദിപ്പിക്കുകയും ഇത് തടയുകയും ചെയ്യുന്നു.

സ്‌പോട്ടിങ്  (spotting)

വയറിലുണ്ടാകുന്ന ചെറിയ കൊളുത്തിപ്പിടിക്കലും യോനിയിൽ ചെറിയ രക്തത്തുള്ളികൾ കാണപ്പെടുകയും ചെയ്യുന്നത് ഗർഭിണിയാണെന്നതിന്റെ മറ്റൊരു ലക്ഷണമാണ്.ഫെല്ലോപിയൻ ട്യൂബിൽ രൂപം കൊണ്ട ഭ്രൂണം ഗർഭപാത്രത്തിൽ പറ്റിപ്പിടിക്കാൻ തുടങ്ങുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

മൂഡ് മാറ്റങ്ങൾ

ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചു മാനസികാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാകാം.ആർത്തവകാലത്തു ഇത് സർവസാധാരണമാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പെട്ടെന്ന് ദേഷ്യം,കരച്ചിൽ,സന്തോഷം എന്നിവയെല്ലാം അനുഭവപ്പെടുന്നത് ഇക്കാലത്തെ ഹോർമോൺ മാറ്റങ്ങൾ കൊണ്ടാകാം.

സ്തനങ്ങൾക്കുണ്ടാകുന്ന വേദന

സ്തനങ്ങളുടെ ആകൃതി നഷ്ടപ്പെടാൻ തുടങ്ങുന്നതും വേദന തോന്നുന്നതും ഗർഭത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്.നിപ്പിൾസ് കൂടുതൽ ഇരുണ്ടതാവുകയും ചുറ്റുമുള്ള ഭാഗത്തു കൂടുതൽ തടിപ്പ് തോന്നുകയും ചെയ്യുന്നു.ചിലരിൽ സ്തനങ്ങൾക്കു മുകളിലെ ഞരമ്പുകൾ തെളിഞ്ഞു കാണപ്പെടാറുമുണ്ട്.

ഇടയ്ക്കിടെയുള്ള മൂത്രശങ്ക

പ്രോജെസ്റ്റീറോണിന്റെ ഉത്പാദനത്തിൽ ഉണ്ടാകുന്ന വർദ്ധനവ് ഗർഭാശയത്തിലേക്കുള്ള രക്തയോട്ടം കൂട്ടുകയും ഗർഭപാത്രത്തിന്റെ അകത്തെ ആവരണത്തിന്റെ കട്ടി കൂട്ടുകയും ചെയ്യുന്നു. ഇതുകൊണ്ടു തന്നെ വൃക്കകളുടെ പ്രവർത്തനം വർധിക്കുകയും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാക്കുകയും ചെയ്യുന്നു.

പ്രഭാതച്ചൊരുക്ക്

ഗർഭകാലത്തിന്റെ ആദ്യത്തെ മൂന്നാഴ്ചയാണ് പ്രഭാതച്ചൊരുക്ക് അനുഭവപ്പെടാനുള്ള സാധ്യത കൂടുതൽ. ഇടക്കിടെയുള്ള തലവേദന,ഛർദി, ആഹാരത്തോടുള്ള മടുപ്പ് എന്നിവയാണിവ.പ്രഭാതച്ചൊരുക്ക് എന്നാണ് പേരെങ്കിലും എപ്പോൾ വേണമെങ്കിലും ഇതനുഭവപ്പെടാം.

പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയാൽ ആദ്യം വേണ്ടത് ഒരു മെഡിക്കൽ പരിശോധനയിലൂടെ ഗർഭിണിയാണെന്ന് ഉറപ്പിക്കുകയാണ്.

ഒന്നാം മാസം 

ആർത്തവത്തിന്റെ പതിനാലാം ദിവസമാണ് അണ്ഡവിസർജനം അഥവാ ഓവുലേഷൻ നടക്കുന്നത്.ചില സ്ത്രീകളിൽ ഈ ദിവസക്കണക്കിൽ ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം വരാം.ഓവുലേഷൻ നടന്നതിന്റെ തലേന്നോ പിറ്റേന്നോ നടക്കുന്ന സംഭോഗം വഴിയാണ് ഗർഭധാരണത്തിനുള്ള സാധ്യത തെളിയുന്നത്. ശരീരത്തിലെത്തുന്ന അനേകലക്ഷം ബീജാണുക്കളിൽ നിന്ന് ഒരെണ്ണത്തിനു മാത്രമേ അണ്ഡത്തിൽ പ്രവേശിക്കാൻ കഴിയൂ.ബീജസംയോജനം നടന്നതിന് ശേഷം അണ്ഡത്തിലെ കോശങ്ങൾ വിഘടിക്കാൻ തുടങ്ങുകയും രണ്ടാഴചയ്ക്കുള്ളിൽ ഫെല്ലോപിയൻ ട്യൂബ് വഴി സഞ്ചരിച്ചു ഗർഭപാത്രത്തിൽ എത്തുകയും ചെയ്യുന്നു.ഈ സമയത്തു കുഞ്ഞിന് ഒരു പയർ മണിയുടെ വലിപ്പം മാത്രമേ ഉണ്ടാവുകയുള്ളു.. നാലാമത്തെ ആഴ്ചയാകുമ്പോഴേക്കും അണ്ഡം വിഘടിച്ചുണ്ടായ കോശസമൂഹം രണ്ടായി  പിരിഞ്ഞു ഭ്രൂണവും മറുപിള്ളയുമായി മാറുന്നു.ഈ സമയം മുതൽ ഗർഭസ്ഥ ശിശുവിന്റെ അവയവങ്ങൾ രൂപം കൊള്ളാൻ തുടങ്ങുന്നു. ഈ സമയത്താണ് അമ്മയുടെ ശരീരത്തിൽ ഗർഭത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. ക്ഷീണം,മനംപുരട്ടൽ തുടങ്ങിയവ അനുഭവപ്പെടാൻ തുടങ്ങുന്നു.

ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയാൽ ആദ്യം വേണ്ടത് ഒരു മെഡിക്കൽ പരിശോധനയിലൂടെ ഗർഭിണിയാണെന്ന് ഉറപ്പിക്കുകയാണ്.ഡോക്ടറുടെ നിർദേശപ്രകാരം ചെറിയ വ്യായാമങ്ങൾ ഒക്കെ ചെയ്തു തുടങ്ങാം.ഏറ്റവും നല്ലത്‌ എന്നും രാവിലെ അൽപനേരം നടക്കുകയാണ്.അമ്മമാർക്കായി നടത്തുന്ന യോഗ ക്ളാസുകളിൽ പങ്കെടുക്കുന്നതും വളരെയധികം ഗുണം ചെയ്യും.

കഴിക്കേണ്ടതെന്തൊക്കെ?

ഡോക്ടർ കുറിച്ച് തരുന്ന ഫോളിക് ആസിഡ് ടാബ്ലെറ്റുകൾക്കൊപ്പം കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമുള്ള ഭക്ഷണങ്ങളും കഴിച്ചു തുടങ്ങേണ്ടതുണ്ട്.ഫോളിക് ആസിഡ് കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുക്കളും ആഹാരത്തിൽ ഉൾപ്പെടുത്താം.ഒപ്പം അയൺ കൂടുതലായി അടങ്ങിയ ഭക്ഷണവും കഴിക്കണം.

പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ:ഓട്സ്,കോൺഫ്ലേക്സ്,ഗോതമ്പ് ബ്രെഡ്

ഇലക്കറികൾ:മുള്ളങ്കി ഇലകൾ,പാലക് ചീര,മല്ലിയില,പുതിനയില,ഉലുവ ഇല എന്നിവയിൽ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

പച്ചക്കറികൾ:കോളിഫ്‌ളവർ,ബ്രൊക്കാളി,ബീൻസ്,കാബ്ബേജ്,കാപ്സിക്കം,കാരറ്റ്,പാവക്ക,ബീറ്റ്റൂട്ട്

പഴങ്ങൾ:ഓറഞ്ച്,പേരക്ക

നട്സ്:കടല,ബദാം,വാൾനട്ട്

മീറ്റ്‌സ്:ചിക്കൻ കരൾ,ബീഫ്,മട്ടൺ എന്നിവ ഇരുമ്പിന്റെ കലവറയാണ്.ഗർഭിണികൾ കരൾ കഴിക്കരുതെന്നാണ് പണ്ടുള്ളവർ പറഞ്ഞിരുന്നത്.കൂടുതലായി ഇറച്ചി കഴിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്.

മുകളിൽ പറഞ്ഞവ കൂടാതെ വിറ്റാമിൻ സി അടങ്ങിയ ആഹാരം കഴിക്കേണ്ടതും അത്യാവശ്യമാണ്.അയൺ ആഗിരണം ചെയ്യാൻ വിറ്റാമിൻ സി കൂടിയേ തീരൂ.

ആദ്യ മാസത്തിൽ ഏറ്റവും ഏറ്റവും പ്രധാനം വിറ്റാമിൻ B6 ന്റെ ലഭ്യതയാണ്.ഗർഭകാലത്തിന്റെ തുടക്കത്തിൽ മിക്കവാറും എല്ലാവരിലും കണ്ടുവരുന്ന ഓക്കാനവും ഛർദിയും കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കും.ചൂര മീൻ,സോയ എന്നിവയിൽ വിറ്റാമിൻ B6 കൂടുതലായി അടങ്ങിയിട്ടുണ്ട്.80% സ്ത്രീകളിലും കാണപ്പെടുന്ന പ്രശ്നമാണ് മലബന്ധം.പഴങ്ങൾ കൂടുതലായ അളവിൽ കഴിക്കുന്നത് ഇതിനു പരിഹാരമാകും.ദിവസം ഒരു നേരമെങ്കിലും പഴങ്ങൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കാം.പപ്പായ അബോർഷന് കാരണമാകുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ആധുനിക ശാസ്ത്രം ഇതിനെ എതിർക്കുന്നുണ്ട്.എങ്കിലും നന്നായി പഴുത്ത പപ്പായ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല.പാലും പാലുൽപ്പന്നങ്ങളും കഴിക്കുന്നത് കാല്സ്യത്തിന്റെയും മറ്റു മിനെറൽസിന്റെയും അളവ് ആവശ്യത്തിന് ലഭിക്കാൻ സഹായകമാകും. ഒപ്പം നന്നായി വേവിച്ച മുട്ടയും ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ഒഴിവാക്കേണ്ടതെന്തൊക്കെ?

ചീസ്: ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുമെന്നതിനാൽ ചീസ് ഒഴിവാക്കാം.

മധുരപലഹാരങ്ങൾ:ഗർഭിണി ആണെന്നറിഞ്ഞെത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളും കൊണ്ടുവന്നു തരുന്ന പ്രധാന ഇനമാണ് മധുരപലഹാരങ്ങൾ. പക്ഷേ ഇവയുടെ അളവ് നന്നേ കുറയ്ക്കുന്നതാവും കുഞ്ഞിന്റെ ആരോഗ്യത്തിനു നല്ലത്. ഒപ്പം അമിതവണ്ണം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

പച്ച പപ്പായ,പൈനാപ്പിൾ എന്നിവ.

വലിയ മീനുകൾ: ഇവയിൽ മെർക്കറിയുടെ അംശം കൂടിയ അളവിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

ജങ്ക് ഫുഡ്:പാക്കറ്റിൽ കിട്ടുന്ന കറുമുറെ പലഹാരങ്ങൾ നിർബന്ധമായും ഒഴിവാക്കണം. സോഫ്റ്റ് ഡ്രിങ്കുകളും നല്ലതല്ല.

ചായ,കാപ്പി:ചായയുടെയും കാപ്പിയുടെയും അളവ് കുറയ്ക്കുക.ഇവയിലടങ്ങിയിരിക്കുന്ന കഫീൻ കുഞ്ഞിന് ദോഷം ചെയ്യും.

പുകവലിയും മദ്യപാനവും പൂർണമായി ഒഴിവാക്കുക.

ഇതൊക്കെയാണെങ്കിലും ഓരോ സ്ത്രീകളുടെയും ശരീരപ്രകൃതി വ്യത്യസ്തമായതിനാൽ ഡോക്ടറുടെ നിർദേശം അനുസരിച്ചു വേണം മുൻപോട്ടു പോകാൻ.

രണ്ടാം മാസം

അഞ്ചാം ആഴ്ച മുതലാണ് രക്ത പര്യയന വ്യവസ്ഥയും ഹൃദയവും രൂപം കൊള്ളുന്നത്.ഈ സമയത്തു അമ്മയുടെ ശരീരത്തിൽ HGC എന്ന ഹോർമോണിന്റെ അളവ് വളരെയധികം കൂടുതലായിരിക്കും.വീട്ടിൽ വച്ചുള്ള പരിശോധനയിലൂടെ ഗർഭം സ്ഥിരീകരിക്കാൻ ഇതാണ് സഹായിക്കുന്നത്.അതിനു ശേഷം ഗർഭസ്ഥ ശിശുവിന്റെ മുഖത്തെ സവിശേഷതകൾ വികാസം പ്രാപിക്കാൻ തുടങ്ങും.കൂടാതെ അമ്മയ്ക്ക് ഇടയ്ക്കിടെ മൂത്രശങ്കയും ഉണ്ടാകാൻ സാധ്യതയുണ്ട്.കൂടാതെ അമ്മയുടെ സ്തനങ്ങൾ വലുതാകാനും തുടങ്ങുന്നു.രണ്ടാം മാസത്തിന്റെ അവസാനത്തോടെ കൺപോള,ചെവികൾ,മൂക്ക്,കൈകാലുകൾ എന്നിവ രൂപം പ്രാപിക്കുന്നു.

അറുപത് ശതമാനം സ്ത്രീകളും രണ്ടാം മാസമാകുമ്പോഴായിരിക്കും താൻ ഗർഭിണിയാണെന്ന് തിരിച്ചറിയുക.ആദ്യ മാസത്തിൽ കുഞ്ഞിന് കിട്ടാതെ പോയ പോഷകങ്ങൾ ലഭ്യമാക്കേണ്ട സമയമാണിത്. ഫോളിക് ആസിഡ്, അയൺ,കാൽസ്യം,പ്രോടീൻ എന്നിവയുടെ അളവ് ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്.

അയൺ കൂടുതലായി അടങ്ങിയിട്ടുള്ള കരൾ പലരും നിർദേശിക്കാറുണ്ട്. എങ്കിലും ഇവ ഒഴിവാക്കുന്നതാണ് അഭികാമ്യം.കരളിൽ അടങ്ങിയിട്ടുള്ള റെറ്റിനോൾ ഗർഭം അലസാൻ കാരണമായേക്കാം.പാൽ, മുട്ട,മൽസ്യം,മാംസം എന്നിവ നന്നായി വേവിച്ചു മാത്രം കഴിക്കുക. കൃത്യമായി സംസ്കരിക്കാത്ത പാലിൽ സാൽമൊണെല്ല ബാക്റ്റീരിയയുടെ സാന്നിധ്യം ഉണ്ടായേക്കാം.ഇത് അത്യന്തം അപകടകരമാണ്. അതുപോലെ തന്നെ കടയിൽ നിന്ന് വാങ്ങുന്ന മാംസം പൂർണമായി ഒഴിവാക്കുക.പ്രോസസ്സ് ചെയ്ത മാംസത്തിലും ശരീരത്തിന് ഹാനികരമായ ബാക്റ്റീരിയകൾ അടങ്ങിയേക്കാം.സ്റ്റഫ് ചെയ്ത ചിക്കൻ വിഭവങ്ങൾ ഒഴിവാക്കുക.അഥവാ 180 ഡിഗ്രി ചൂടിൽ താഴെ പാചകം ചെയ്യുന്ന വിഭവങ്ങൾ ഒഴിവാക്കുക.

രണ്ടാം മാസം ഏറ്റവും ശ്രദ്ധിക്കേണ്ടത് പുതിയ പഴങ്ങളും പച്ചക്കറികളും കഴിക്കാനാണ്. കുഞ്ഞിന്റെ പേശികൾ രൂപപ്പെടുന്നതിനാൽ പ്രോടീൻ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക.കലോറി കൂടുതലുള്ള ഭക്ഷണത്തേക്കാൾ അന്നജം കൂടുതലുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്.ഛർദിയും മനം പുരട്ടലും ഈ സമയത്താണ് കൂടുതലായി കാണപ്പെടുന്നത്. അന്നജത്തിന്റെ അളവ്ഉ കൂട്ടുന്നത് ഇതൊരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കും.ഉപ്പ്,പഞ്ചസാര,മസാല എന്നിവയുടെ അളവ് കുറയ്ക്കാനും ശ്രദ്ധിക്കുക.

 

മൂന്നാം മാസം 

മൂന്നു മാസമാകുമ്പോഴേക്ക് ഭ്രൂണത്തിന് രണ്ടിഞ്ച് വലിപ്പമുണ്ടാകും.ഒപ്പം ചലിക്കാനും ആരംഭിക്കുന്നു.കൈവിരലുകളും കാൽപാദങ്ങളും ഈ സമയത്തു വികസിക്കുന്നു. ഡോപ്ലർ അൾട്രാസൗണ്ട് വഴി ഭ്രൂണത്തിന്റെ ഹൃദയമിടിപ്പും പരിശോധിക്കാൻ കഴിയും.വയറിന്റെ വലിപ്പ വ്യത്യാസവും മൂന്നാം മാസം തൊട്ടാണ് അറിയാൻ സാധിക്കുക. കാലിനു നീരുവയ്ക്കൽ,വേദന എന്നിവയും ചിലപ്പോൾ അനുഭവപ്പെടാം.പൊട്ടാസ്യത്തിന്റെയും അയണിന്റെയും കുറവാണു ഇതിനു കാരണം.ഒപ്പം വയറുവേദന,നടുവേദന എന്നിവയും തുടങ്ങിയേക്കാം.

ഹോർമോൺ അളവിലുണ്ടാകുന്ന വ്യത്യാസം മലബന്ധം,മോണയിലെ നീർക്കെട്ട്,രക്തസ്രാവം എന്നിവയ്ക്ക് കാരണമാകാം. ഇക്കാലത്തു ദന്ത ശുചിത്വം നിര്ബന്ധമാക്കേണ്ടതുണ്ട്.

ഗർഭപാത്രം വലുതാകുന്നത് കൊണ്ട് മറ്റുള്ള ആന്തരികാവയവങ്ങൾക്കു മേൽ കൂടുതൽ മർദ്ദമുണ്ടാകുന്നു.പ്രത്യകിച്ച് ആമാശയത്തിന്.അതുകൊണ്ട് തന്നെ ആമാശയത്തിലെ ആസിഡുകൾ മുകളിലേക്ക് വരികയും നെഞ്ചെരിച്ചിലിനും വയറെരിച്ചിലിനും കാരണമാവുകയും ചെയ്യുന്നു. ആഹാരം ഒറ്റയടിക്ക് കഴിക്കാതെ കുറഞ്ഞ അളവിൽ നാലോ അഞ്ചോ തവണ കഴിക്കുന്നതാണ്  ഇതിനുള്ള പരിഹാരം.

സാധാരണ ഗർഭ ലക്ഷണങ്ങളായ ഓക്കാനവും ഭക്ഷണത്തോടുള്ള അനിഷ്ടവും ഈ സമയത്തു വളരെ കൂടുതലായി കാണപ്പെടുന്നു.മൂന്നാം മാസം മുതൽ പൊതുവായി കാണപ്പെടുന്ന ചില ലക്ഷണങ്ങൾ ഇതാ..

 • മുലകൾ കൂടുതൽ വലുപ്പം വയ്ക്കുകയും ഭാരമുള്ളതാവുകയും ചെയ്യുന്നു.മുലക്കണ്ണിന്റെ ഭാഗവും കൂടുതൽ വലുതായി ഇരുണ്ടതാവുന്നു.
 • ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും ചർമം വരണ്ടത്താവുകയും ചെയ്യുന്നു. ഗ്ളിസറിൻ അടങ്ങിയ സോപ്പുപയോഗിക്കുകയോ മറ്റു ലോഷനുകൾ ഉപയോഗിക്കുകയോ ആകാം.
 • അടിവയറിലും മുലകളിലും സ്ട്രെച്ച് മാർക്കുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു.

ഒന്നാം ട്രൈമെസ്റെർ (first trimester) ന്റെ അവസാനത്തോടെ ഗർഭാരിഷ്ടതകൾ മാറുകയാണ് പതിവ്. ആവശ്യത്തിന് വിശ്രമവും ഭക്ഷണവും ഇനി കഴിച്ചു തുടങ്ങാം. ചിലരിൽ ചില ഭക്ഷണത്തോടുള്ള അനിഷ്ടം നിലനിൽക്കുമെങ്കിലും പോഷകമൂല്യമുള്ള ആഹാരം കഴിക്കുന്നതിൽ മടി കാണിക്കരുത്.

നാലാം മാസം 

ഈ സമയത്താണ് ഭ്രൂണത്തിന് ഒരു കുഞ്ഞിന്റെ രൂപം വരുന്നത്.ഏകദേശം നാലു ഇഞ്ചോളം നീളം വരുന്ന കുഞ്ഞു കണ്ണുകൾ ചിമ്മാൻ തുടങ്ങുന്നു.ഈ സമയത്തു ഹൃദയമിടിപ്പ് വേഗത്തിൽ അളക്കാൻ സാധിക്കും.കൂടാതെ മൂക്ക്,വായ,താടി,ചെവി എന്നിവ പൂർണമായി വികാസം പ്രാപിക്കുന്നു.ഒപ്പം ദേഹത്തെ രോമവും മുടിയും വളരാൻ തുടങ്ങുന്നു.

നാലാം മാസം മുതൽ ഫൈബർ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ധാന്യങ്ങൾ, പച്ച നിറമുള്ള പച്ചക്കറികൾ,വാഴപ്പിണ്ടി തുടങ്ങിയവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

ശുദ്ധജല മൽസ്യങ്ങൾ, മത്തി,അയല തുടങ്ങിയ കടൽ മൽസ്യങ്ങൾ, ഒലിവ് എണ്ണ എന്നിവ ധാരാളമായി കഴിക്കുന്നത് ഒമേഗ 3 ഫാറ്റി ആസിഡുകൾ ശരീരത്തിലെത്താൻ സഹായിക്കും. ആവശ്യമായ അമ്ളങ്ങളുടെ കുറവ് കുഞ്ഞിന്റെ ഭാരക്കുറവിനും ബുദ്ധിമാന്ദ്യത്തിനും കാരണമാകുന്നു.

കാൽസ്യം: കുഞ്ഞിന്റെ എല്ലുകളുടെ വളർച്ചയ്ക്ക് കാൽസ്യം വളരെ ആവശ്യമുള്ള ഒന്നാണ്. വൈറ്റമിൻ D, കാൽസ്യം ഗുളികകൾ എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുന്നതും ഗുണം ചെയ്യും.

ഇതോടൊപ്പം ധാരാളം സീസണൽ ഫലങ്ങളും പരിപ്പ്,മുട്ട, കശുവണ്ടി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഏറ്റവും സൂക്ഷിക്കേണ്ട ആദ്യ മൂന്നുമാസക്കാലം കഴിഞ്ഞെങ്കിലും ആഹാരത്തിന്റെ കാര്യത്തിൽ നിയന്ത്രണങ്ങൾ വരുത്തുന്നത് ഗുണം ചെയ്യും. ചീസ്,മൈദാ, വലിയ കടൽ മൽസ്യങ്ങൾ, വഴിയോര ഭക്ഷണങ്ങൾ, കറുവപ്പട്ടയുടെ അമിതമായ ഉപയോഗം എന്നിവ ഒഴിവാക്കേണ്ടതുണ്ട്.

അഞ്ചാം മാസം 

ഈ സമയത്തു കുഞ്ഞ് ആറ് ഇഞ്ച് നീളം വയ്ക്കുന്നു.ഈ സമയം മുതൽ കുഞ്ഞിന്റെ ചലനം അമ്മയ്ക്ക് അറിയാൻ സാധിക്കും.കുഞ്ഞിന് ചിരിക്കാനും വിരൽ കുടിക്കാനും കോട്ടുവായിടാനും തുടങ്ങുന്നു. കോട്ടുവായിടുന്നത് അമ്മയുടെ ശരീരത്തിലൂടെ ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തതുകൊണ്ടാണ്.

അഞ്ചാം മാസം മുതലാണ് വയറിന്റെ വലുപ്പത്തിൽ കാര്യമായ മാറ്റം കാണാൻ സാധിക്കുന്നത്.കുഞ്ഞു വളരുന്നതിനൊപ്പം അമ്മയുടെ നാഡികളിലേക്കുള്ള സമ്മർദവും കൂടുന്നു. ഒപ്പം നടുവേദനയും ആരംഭിക്കുന്നു. ഉറങ്ങുമ്പോൾ കൃത്യമായ പൊസിഷൻ സ്വീകരിക്കുന്നത് ഈ സമ്മർദ്ദം കുറയ്ക്കാൻ സഹായകമാണ്.

ഇവയൊന്നും അരുത്

പെട്ടെന്ന് ഇരിക്കുകയോ എഴുന്നേൽക്കുകയോ ചെയ്യുന്നത് ശരീരത്തിലെ രക്തക്കുഴലുകളിലേക്ക് പെട്ടെന്ന് മര്ദമേല്പ്പിക്കാൻ കാരണമാകും.അതിനാൽ തന്നെ പതിയെ ചെയ്യുന്നതാവും അഭികാമ്യം.

ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയുടെ ഉപയോഗം നിർബന്ധമായും ഒഴിവാക്കേണ്ടതുണ്ട്.പപ്പായ, മാതളനാരങ്ങ, പൈനാപ്പിള്‍ എന്നിവയും ഒഴിവാക്കുക.അതോടൊപ്പം ബർഗർ, പിസ എന്നിവയും ഒഴിവാക്കുക.

ആറാം മാസം

മൂന്നാമത്തെ ട്രൈമെസ്റ്റർ ന്റെ തുടക്കമാണ് ആറാം മാസം. ആറ് മാസം ആകുമ്പോഴേക്കും ആരോഗ്യമുള്ള ഒരു കുഞ്ഞിന്റെ ഭാരം ഏകദേശം അര കിലോഗ്രാം ആയിരിക്കും.ചെവിയിലെ സംവേദന നാഡികൾ രൂപപ്പെടുന്നതിനാൽ കുഞ്ഞിന് തന്റെ സ്ഥാനം മനസിലാക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ സമയത്തു കുഞ്ഞു ചവിട്ടുന്നത് അമ്മയ്ക്ക് നന്നായി മനസിലാക്കാൻ സാധിക്കുന്നു. മുട്ട, ഇറച്ചി എന്നിവ കഴിക്കുന്നത് ആവശ്യത്തിന് പ്രോടീൻ പ്രദാനം ചെയ്യും. ഒപ്പം അന്നജമടങ്ങിയ ഭക്ഷണങ്ങൾ ഉദാ: ഉരുളക്കിഴങ്ങ്, പാസ്ത, ചോളം,നട്സ്,ഓട്സ്  എന്നിവയും കഴിക്കേണ്ടതുണ്ട്.

പച്ചക്കറികൾ: ബീറ്റ്റൂട്ട്, കാബേജ്,കാരറ്റ്,മത്തങ്ങാ,വഴുതന,തക്കാളി,ഗ്രീൻ പീസ്,മുള്ളങ്കി,ഇലക്കറികൾ

പഴങ്ങൾ:ഏത്തപ്പഴം,കിവി,ആപ്പിൾ,പിയർ,ഓറഞ്ച് ഇവയ്ക്കൊപ്പം വീട്ടിൽ തയാറാക്കിയ പഴച്ചാറുകളും കഴിക്കാം.

പാലുൽപ്പന്നങ്ങൾ:നന്നായി വേവിച്ച പാൽ, ശുദ്ധമായി തയ്യാറാക്കിയ തൈര്.

നന്നായി വേവിക്കാത്ത കടൽ മത്സ്യങ്ങളും വിഭവങ്ങളും മാംസവും പാടെ ഒഴിവാക്കുക.ഒപ്പം കൂടുതൽ എരിവും പുളിയുമുള്ള ഭക്ഷണങ്ങളും മാറ്റിനിർത്തുന്നതാണ് നല്ലത്.

ഏഴാം മാസം 

ഏഴു മാസമാകുമ്പോൾ കുഞ്ഞിന് ഒരു കിലോയ്ക്കടുത്തു ഭാരമുണ്ടാകുന്നു. ഈ സമയത്തു മാസം തികയാതെ പ്രസവിക്കുകയാണെങ്കിൽ കൂടി മതിയായ ചികിത്സ ലഭ്യമാക്കിയാൽ കുഞ്ഞിന് അതിജീവിക്കാൻ സാധിക്കും.

ഈ സമയത്ത് പ്രോടീൻ,കാൽസ്യം എന്നിവയ്ക്ക് പുറമെ മഗ്നീഷ്യം,DHA, ഫോളിക് ആസിഡ് എന്നിവയാൽ സമ്പന്നമായ ആഹാരസാധനങ്ങളും കഴിക്കേണ്ടതുണ്ട്. ആൽമണ്ട്,ബാർലി, മത്തങ്ങാ വിത്തുകൾ എന്നിവ മഗ്നീഷ്യം സമ്പന്നമായവയാണ്.

ചിപ്സ്,ടൊമാറ്റോ സോസ്,ടിന്നിലടച്ച ഭക്ഷണ സാധങ്ങൾ, അച്ചാർ തുടങ്ങി കൂടുതലായി ഉപ്പു കലർന്ന ഭക്ഷണങ്ങൾ ശരീരത്തിൽ സോഡിയം അമിത അളവിൽ എത്തുന്നതിനു കാരണമാകുന്നു.കുഞ്ഞിനെ ഇത് ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.  

എട്ടാം മാസം

ഈ സമയത്തോടെ കുഞ്ഞിന് ഏതാണ്ട് പൂർണവളർച്ച എത്തുന്നു. ചില സ്ത്രീകൾക്ക് സ്തനങ്ങളിൽ നിന്നും മഞ്ഞ നിറത്തിലുള്ള സ്രാവം പ്രത്യക്ഷപ്പെട്ടേക്കാം. കുഞ്ഞിനുവേണ്ടിയുള്ള പാൽ ഉത്പാദിപ്പിക്കാൻ അവ തയ്യാറായിരിക്കുന്നു എന്നാണിതിന്റെ അർഥം.

ഒൻപതാം മാസം

ഒൻപതു മാസമാകുമ്പോഴേക്കും കുഞ്ഞു പുറത്തേക്കു വരാൻ ഏകദേശം തയ്യാറാകുന്നു.ഈ സമയത്തു കുഞ്ഞിന് 18 ഇഞ്ചോളം നീളവും 2.5 kg ഭാരവും ഉണ്ടാകും.ഒൻപതാം മാസത്തിന്റെ അവസാനമാകുമ്പോഴേക്കും കുഞ്ഞിന്റെ സ്ഥാനം മാറി തലകീഴായി വരുന്നു.

 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon