പണ്ടൊക്കെ സിനിമകളിലെ ക്ളീഷേ സീൻ ആയിരുന്നു ഗർഭിണിയാണെന്ന് അറിയുമ്പോൾ ഉള്ള ഭാര്യയുടെ ഡയലോഗ്. അതേയ്., വൈകിട്ട് വരുമ്പോൾ മസാല ദോശ വാങ്ങിക്കൊണ്ടു വരുമോ?? നായികയുടെ നാണം, നായകന്റെ ചിരി.. ഒക്കെക്കൂടി മസാല ദോശ ഗർഭിണികളുടെ സ്ഥിരം ഐറ്റം ആണെന്നായിരുന്നു കുട്ടിക്കാലത്ത് വിചാരിച്ചിരുന്നത്. ഗർഭകാലത്ത് ചില പ്രത്യേക ഭക്ഷണങ്ങളോട് ഉണ്ടാകുന്ന താല്പര്യം കണക്കിലെടുത്താവാം മസാലദോശയെ സംവിധായകർ കൂട്ടുപിടിച്ചത്.. സന്തോഷവും ആകാംക്ഷയും ഉത്കണ്ഠയുമെല്ലാം ഒരുപോലെ നിറഞ്ഞതാണ് ഗർഭകാലം. എന്തിനേക്കാളും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും സുരക്ഷിതത്വവും തന്നെയാകണം ആദ്യം പരിഗണിക്കേണ്ടത്. പ്രതെയ്കിച്ചും ഭക്ഷണ കാര്യത്തിൽ... എത്രയൊക്കെ ഇഷ്ടമുണ്ടായാലും ഇല്ലെങ്കിലും ചില ഭക്ഷണ സാധനങ്ങൾ ഇക്കാലത്തു കഴിക്കേണ്ടതായും ഒഴിവാക്കേണ്ടതായും വരും. ചിലർക്ക് മധുരപലഹാരങ്ങളോടാവും ആർത്തി.. ചിലർക്ക് പുളിരസമുള്ളവയോടും.. ഫലമോ.. കുറച്ചു കഴിയുമ്പോൾ അമിതമായി ശരീരഭാരം കൂടുകയും ചെയ്യും. പിന്നീടിത് വളരെയധികം സങ്കീർണതകിലേക്കായിരിക്കും നയിക്കുക.
ഓരോ സ്ത്രീകളുടെയും ശരീരം വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ ഗർഭകാലത്തു പ്രത്യേകിച്ചും ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. ശരീരഭാരം കൂട്ടാനോ കുറയ്ക്കാനോ കൂടുതൽ ഭക്ഷണം കഴിക്കുന്നതും തീരെ കഴിക്കാതിരിക്കുന്നതും ശെരിയല്ല. ഗർഭകാലത്ത് രണ്ടാളുടെ ഭക്ഷണം കഴിക്കണമെന്നു അതിശയോക്തി പറയുമെങ്കിലും സാധാരണയെക്കാൾ കൂടുതൽ ഭക്ഷണം കഴിക്കേണ്ടതുണ്ട്. അതോടൊപ്പം ആവശ്യമുള്ള വ്യായാമവും ചെയ്യാം. വ്യായാമത്തിന്റെ അഭാവം ഉയർന്ന രക്ത സമ്മർദ്ദം, പ്രമേഹം, അകാലത്തിലുള്ള പ്രസവം, സിസേറിയൻ തുടങ്ങിയവയ്ക്കെല്ലാം കാരണമായേക്കാം.
ഓരോ മാസവും എത്രത്തോളം ഭാരം കൂട്ടാം?
ഓരോ നിമിഷവും വയറ്റിലുള്ള കുഞ്ഞു വളരുന്നത് കൊണ്ടുതന്നെ നിലവിലുള്ള ഭാരത്തിൽ നിന്നും 11 മുതൽ 16 കിലോ വരെ ഭാരം കൂടാം. ഇരട്ടക്കുട്ടികൾ ആണുള്ളതെങ്കിൽ 16- 20 kg വരെ അധികഭാരം ഉണ്ടാകാം. അമ്മയുടെ ശരീരത്തിന്റെ പ്രത്യേകതകൾ, മുൻപ് ഉണ്ടായിരുന്ന ഭാരം, ഗർഭസ്ഥ ശിശുവിന്റെ വളർച്ചാനിരക്ക് എന്നിവയെ ആശ്രയിച്ചായിരിക്കും ഭാരക്കൂടുതൽ ഉണ്ടാകുക.
ആദ്യത്തെ മൂന്നു മാസക്കാലം ഛർദി, പ്രഭാതചൊരുക്ക് എന്നിവ മൂലം ഭാരം കൂടാനുള്ള സാധ്യത നന്നേ കുറവാണ്. അഥവാ വണ്ണം വച്ചാൽ തന്നെ അമിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വരാനിരിക്കുന്ന മാസങ്ങളിൽ ഭാരം കൂടുമെന്നത് തന്നെ കാരണം. ദിവസം ഏതാണ്ട് 2000 കലോറി വീതം ശരീരത്തിന് ലഭിക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. "നല്ല" ശരീര ഭാരം ഭാവിയിൽ മുലപ്പാൽ ഉല്പാദിപ്പിക്കാൻ വളരെയേറെ സഹായകമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുന്നതിനെ മാത്രമല്ല ശരീരഭാരം വർധിക്കുന്നതിന് കാരണമായി പറയുന്നത്. 9 മാസം ആകുമ്പോഴേക്കും കുഞ്ഞിന്റെ ഭാരം ഏതാണ്ട് 3.5 kg ആണെന്നു കരുതുക. ശരീരത്തിലെ അധികഭാരത്തെ താഴെക്കാണുന്നത് പോലെയായിരിക്കും വിഭജിച്ചട്ടുണ്ടാകുക.
ഗർഭപാത്രത്തിന്റെ ഭാരം (0.9 kg)
സ്തനങ്ങളുടെ ഭാരം (0.5 - 1.4 kg)
മറുപിള്ളയുടെ ഭാരം (0.7 kg)
അമ്നിയോട്ടിക് ദ്രവം (0.9 kg)
രക്തോല്പാദനം (1.4 kg to 1.8 kg)
മറ്റു ദ്രവങ്ങൾ (0.9- 1.4 kg)
അധികമുള്ള കൊഴുപ്പ് ( 2.7 kg - 3.6 kg)
മുകളിൽ പറഞ്ഞത് ഒരു ഏകദേശ കണക്കാണ്. ഓരോ സ്ത്രീകളുടേയും ശരീര പ്രകൃതി അനുസരിച്ചു ഇവയിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. ഡോക്ടറുടെ നിർദേശ പ്രകാരം കൃത്യമായ ഭാരം മുൻപോട്ട് കൊണ്ടുപോകാൻ ശ്രദ്ധിക്കുക.