Link copied!
Sign in / Sign up
4
Shares

ചായ ഉണ്ടാക്കാനറിയാമോ?

ഡി.., നല്ല തലവേദന. ഒരു ചായ ഇട്ടു തരുവോ?

ഒരു മിനിറ്റേ..., ഇപ്പം കൊണ്ടുവരാം! എനിക്ക് ഭയങ്കര സന്തോഷമായി. കൂട്ടുകാരിക്ക് തലവേദന വന്നതിൽ അല്ല കേട്ടോ... പാചകനൈപുണ്യം പുറത്തെടുക്കാനുള്ള ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു എന്റെയുള്ളിലെ വാചകക്കാരി. സോറി പാചകക്കാരി. അപ്പോൾ തന്നെ ഓഫീസിലെ പാൻട്രിയിലേക്ക് ഓടി. വെൻഡിങ് മെഷീനിൽ നിന്നും പാലെടുത്തു കുറച്ചു ചായപ്പൊടിയും ഇത്തിരി പഞ്ചാരയും കുറെ സ്നേഹവും മിക്സ് ചെയ്ത് ഒന്ന് തിളപ്പിച്ചെടുത്തു സ്നേഹത്തോടെ കൊണ്ടുപോയി കൊടുത്തു. റെസിപ്പി ബുക്ക് നോക്കിയില്ലേലും നല്ല അടിപൊളി ബിരിയാണി വരെ വക്കാൻ അറിയാം എന്ന് അഹങ്കരിച്ചിരുന്ന എനിക്ക് നല്ലൊരു ചായ ഉണ്ടാക്കാൻ അറിയില്ലെന്ന് മനസിലായത് എന്റെ സ്പെഷ്യൽ ചായ കുടിച്ചിട്ട് കഥകളി കളിച്ച  കൂട്ടുകാരിയെ കണ്ടപ്പോഴാണ് (മോഹൻലാൽ അഭിനയിക്കുമോ ഇങ്ങനെ??). വെളുപ്പിനെ മൂന്നു മണി ആയതിനാലും (നൈറ്റ് ഷിഫ്റ്റ് ആയിരുന്നേ..) ഒന്ന് രണ്ടു കൊല്ലമായിട്ടു പരിചയമുള്ളതിനാലും അവളതു എന്റെ തലവഴി ഒഴിച്ചില്ല. ഭാഗ്യം!!

എന്റെയുള്ളിലെ പാചകക്കാരിയെ ഇല്ലാതാക്കാൻ അതുമതിയായിരുന്നു. അതിൽ പിന്നെ ഞാൻ പോലും സ്വന്തമായിട്ട് ചായ ഉണ്ടാക്കി കുടിച്ചിട്ടില്ല. സത്യം! അതിനു മാറ്റം വന്നത് ദാ ഈയിടെ ആണ്. മറ്റൊന്നുമല്ല. പണ്ട് ഹോസ്റ്റലിൽ ഉണ്ടായിരുന്ന റൂംമേറ്റ് നെ കാണാൻ പോയപ്പോൾ പുള്ളിക്കാരി ഉണ്ടാക്കിത്തന്ന ചായ!! ഹൊ! എന്നാ ടേസ്റ്റ് ആരുന്നെന്നറിയോ??പുള്ളിക്കാരിയെ നൈസ് ആയിട്ട് പുകഴ്ത്തിയപ്പോൾ ചായേടെ റെസിപ്പി കിട്ടി. മറ്റെല്ലാം ഉണ്ടാക്കാൻ അറിയാമെങ്കിലും ചായയ്ക്ക് മൈനസ് മാർക്ക് കിട്ടുന്നവർക്കായി ഇതാ ആ ചായ റെസിപ്പി:

വേണ്ട ചേരുവകൾ:

പാല്- ഒരു കപ്പ് 

വെള്ളം- ഒരു കപ്പ് 

ഇഞ്ചി- ഒരു കഷ്ണം 

ഏലക്ക- രണ്ടെണ്ണം

ചായപ്പൊടി- കടുപ്പത്തിന് അനുസരിച്ചു് 

പഞ്ചസാര- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ വെള്ളമൊഴിച്ചു അതിലേക്ക് ചതച്ച ഇഞ്ചിയും ഏലക്കായും ഇട്ടു തിളപ്പിക്കുക. ഇതിലേക്ക് ഒരു ഗ്രാമ്പൂ ചേർക്കുക. വെള്ളം നന്നായി തിളച്ചതിനു ശേഷം പാലൊഴിക്കുക. വീണ്ടും തിളച്ചതിനു  ശേഷം പഞ്ചസാര ചേർത്തിളക്കി ചൂടോടെ കുടിക്കാം. ക്ഷീണം പമ്പ കടക്കുമെന്നുറപ്പ്.

മസാല കട്ടൻ ചായ

വേണ്ട ചേരുവകൾ:

വെള്ളം-രണ്ടു കപ്പ്

ചായപ്പൊടി- കടുപ്പത്തിന് അനുസരിച്ചു് 

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ വെള്ളമൊഴിച്ചു തിളച്ചതിനു ശേഷം തേയിലപ്പൊടി, പഞ്ചസാര എന്നിവ ചേർക്കുക. ഇതിലേക്കു രണ്ടു കറുവപ്പട്ട, രണ്ടു ഗ്രാമ്പൂ എന്നിവ ചേർത്ത് തിളപ്പിക്കുക. മസാല കട്ടൻ ചായ റെഡി.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon