Link copied!
Sign in / Sign up
5
Shares

ആണുങ്ങൾക്ക് മാത്രം കഴിയുന്നത്!

ഇന്ന് വായിച്ച ഫേസ്ബുക് പോസ്റ്റുകളിൽ ഏറ്റവും മനസ്സിൽ തട്ടിയ പോസ്റ്റ് ആണിത്.. പൊരിച്ച മീൻ കിട്ടാത്ത ഫെമിനിസം അല്ല ഇത്.., പല്ലുവേദന വന്നപ്പോൾ ആശുപത്രിയിൽ പോകാൻ അച്ഛന്റെ സമ്മതം കാത്തുനിന്ന അമ്മയെ ഓർമവന്നു. ഞാൻ തീരെ കുട്ടിയായിരിക്കുമ്പോൾ ആയിരുന്നത്.. അച്ഛന്റെയും അച്ഛൻവീട്ടുകാരുടെയും സമയവും സൗകര്യവും നോക്കി മാസങ്ങളോളം അമ്മ ആ വേദന സഹിച്ചു. ഒടുവിൽ ഡോക്ടറുടെ അടുത്ത് ചെന്നപ്പോഴേക്കും പല്ല് എടുത്തുകളയേണ്ട അവസ്ഥ വരെയുണ്ടായി! ഞാനൊരു അച്ഛൻ കുട്ടിയാണ് എന്നാണ് പൊതുവെ വയ്പ്. എങ്കിലും നാളിതുവരെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും സ്വന്തമായ തീരുമാനം എടുക്കാനാവാത്ത കുടുംബത്തിൽ പിറന്ന'വളുടെ വിധേയത്വത്തിന്റെയും അടക്കത്തിന്റെയും ഒതുക്കത്തിന്റെയും പേരിൽ അമ്മ അനുഭവിച്ച വീർപ്പുമുട്ടലുകൾ ഈ പോസ്റ്റ് വായിച്ചപ്പോൾ മുതൽ തികട്ടി വരുന്നു. പ്രതികരിച്ചാൽ അവൾക്കിപ്പോ അഹങ്കാരമായി എന്ന ഒറ്റ ഡയലോഗിൽ ഒതുക്കിക്കളയും സൊ കോൾഡ് കുലസ്ത്രീകൾ! ഇത്രയും കാലം ജീവിച്ച ജീവിതരീതികളുടെയും ചിന്താഗതികളുടെയും ഇടയിൽനിന്ന് കാരണവന്മാരെ മാറ്റിയെടുക്കാൻ ആവില്ലെന്നറിയാം.. ചെറുപ്പത്തിന്റെ ചോരത്തിളപ്പ്, പക്വതയില്ലായ്മ്മ, നീയല്ല ഇവിടത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നിങ്ങനെ ഒരുപാട് എതിർപ്പുകൾ നേരിടേണ്ടിയും വരാം.. മാറ്റം പുതു തലമുറയിൽനിന്നാകട്ടെ... ആൺ സുഹൃത്തുക്കൾക്ക് സമർപ്പിക്കുന്നു..

ഷിംന അസീസിന്റെ പോസ്റ്റ്:

"കഴിഞ്ഞ ദിവസം വന്ന കോളില്‍ അവള്‍ സ്വയം പരിചയപ്പെടുത്തി. ഒരിക്കല്‍ ക്ലാസ്സെടുക്കാന്‍ ചെന്നിടത്തെ ഒരു പ്ലസ്ടുക്കാരിയുടെ ചേച്ചിയാണ്. എനിക്ക് തിരക്കാണോ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്ന് പറഞ്ഞ് ശബ്ദത്തിലെ വിറയലിന് ചെവി കൊടുത്തു. രണ്ട് മാസം മുന്‍പ് അണ്ഡവാഹിനിക്കുഴലിലെ ഗര്‍ഭത്തിന് സര്‍ജറിക്ക് വിധേയയായവളാണ്. ഇപ്പോള്‍ അവള്‍ക്ക് ആ മുറിവിന്റെ ഭാഗത്ത് എന്തോ തടിപ്പോ വേദനയോ മറ്റോ ഉണ്ട്. സഹിക്കാനാവുന്നില്ല, എന്താ ചെയ്യേണ്ടത് എന്നറിയില്ല എന്നൊക്കെയാണ് കോളിന്റെ ഉള്ളടക്കം. ‘എത്രയും പെട്ടെന്ന് പോയി ഡോക്ടറെ കാണൂ’ എന്ന് പറഞ്ഞു. മറുപടി ഇതായിരുന്നു ‘‘അതല്ല ഡോക്ടറെ, നമ്മള്‍ കെട്ടിച്ച വീട്ടില്‍ നില്‍ക്കുമ്പോള്‍ അവര്‍ പറയുന്നത് കേള്‍ക്കാനല്ലേ പറ്റൂ. അവര്‍ പറയുന്നത് എനിക്ക് തോന്നുന്നതാണ് എന്നാ’’. വേദനിക്കുന്നെങ്കില്‍ വേദനിക്കുന്നു എന്ന് ഭര്‍ത്താവിനോട് പറയാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹവും വീട്ടുകാർ പറയുന്നത് തന്നെ പറയുന്നു എന്ന് പറഞ്ഞു.

സ്വന്തം ശരീരത്തിനു വേദനിച്ചാല്‍ ചികിത്സ തേടാനും ഭര്‍തൃവീട്ടുകാര്‍ സമ്മതപത്രത്തില്‍ ഒപ്പിടണോ എന്ന് അതിശയത്തോടെ ആത്മഗതം നടത്തിയെങ്കിലും അവളോട്‌ പറഞ്ഞില്ല. പറയാതെയും അറിയാതെയും അറിയിക്കാതെയും പോകുന്നതിനേക്കാള്‍ ദുരിതമാണല്ലോ അറിയിച്ചിട്ടും അവഗണന നേരിടുന്നത് എന്നാണ് മനസ്സ് പറഞ്ഞത്. കാഷ്വാലിറ്റിയില്‍ സാരമായി മുറിവ് പറ്റിക്കിടക്കുന്ന സ്വന്തം മകന്റെ മുറിവ് തുന്നാന്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന് മിസ്സ്ഡ് കോള്‍ അടിച്ചു കാത്തു നിന്ന ഒരമ്മയുടെ മുഖവും ഓര്‍മ്മ വന്നു. അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ സാധിച്ചത് ഒരു അമ്മയുടെ നെഞ്ചിന്റെ കലക്കത്തിനപ്പുറം ഭയത്തിന്റെയും വിധേയത്വത്തിന്‍റെയും നിറപ്പകര്‍ച്ചയായിരുന്നു. സാരമായ നിലയില്‍ രക്തം നഷ്ടപ്പെട്ട കുഞ്ഞ് അവരുടെ സ്വാതന്ത്ര്യം പോലെ ഞങ്ങളുടെ കൈയില്‍ ആ സമ്മതവിളി വരുന്നത് വരെ കുഴഞ്ഞു കിടന്നു.

തനിക്ക് വളരെ ഗുരുതരമായ ഡിപ്രഷനാണെന്നും ചികിത്സ വൈകിയാൽ ഒരു പക്ഷേ ആത്മഹത്യ ചെയ്തേക്കാനുള്ള സാധ്യത വരെയുണ്ടെന്നും ഭാര്യയും, അത് പോരാഞ്ഞിട്ട് പിന്നീട് ഡോക്ടർ തന്നെ നേരിട്ട് വിദേശത്തുള്ള ഭർത്താവിനെ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടും, ഒരാഴ്ചയോളം അവളെ ഒന്ന് ഫോൺ ചെയ്ത് നോക്കാൻ പോലും തോന്നാതിരുന്നയാളെയും കണ്ടിട്ടുണ്ട്. ആ സമയം കൊണ്ട് അങ്ങ് പോവുകയാണെങ്കിൽ സൗകര്യമായി, ശല്യം തീർന്നല്ലോ എന്നായിരിക്കണം അയാളപ്പോൾ മനസ്സിൽ കരുതിയത്.

ഇതൊക്കെ വിദ്യാഭ്യാസം കുറഞ്ഞവളുടെയോ സാമ്പത്തികസ്വാതന്ത്ര്യം ഇല്ലാത്തവളുടെയോ മാത്രം കഥയല്ല. ഇതെല്ലാം ഉള്ളവരും ജോലി കഴിഞ്ഞു വൈകുന്നേരം വീട്ടില്‍ വന്നു കയറുമ്പോള്‍ പലയിടങ്ങളിലെങ്കിലും ശമ്പളം കൈയോടെ ഏല്‍പ്പിക്കേണ്ടി വരുന്നുണ്ട്, തലമുറകള്‍ പണിതിട്ട ചക്ക് വലിക്കാന്‍ ഇന്നും ജനനം മുതല്‍ മനസ്സിന്റെ തുറുങ്കിലിട്ടവര്‍ തയ്യാറാകുന്നു എന്നത് അവര്‍ തന്നെ തിരിച്ചറിയാതെ പോകുന്നു എന്നത് അത്യന്തം വേദനാജനകമാണ്.

വീടിന്റെ നടത്തിപ്പിലേക്ക് പെണ്ണിന്റെ സാമ്പത്തികമായ സംഭാവനയ്ക്ക് അയിത്തം ഇല്ലെങ്കിലും അവളുടെ തീരുമാനങ്ങള്‍ക്കും അവള്‍ക്കും തന്നെയുള്ള അയിത്തം ഇന്നും ഒരു അപൂര്‍വ്വതയല്ല. അവളുടെ മാനസികവും ശാരീരികവുമായ സകല ആവശ്യങ്ങളും അവഗണിക്കപ്പെടുന്നത് സൗകര്യപൂര്‍വ്വം തന്നെയാണ് എന്ന് നിസ്സംശയം പറയാം. ഭക്ഷണത്തിലും വിശ്രമസമയത്തിലും എന്തിനാണ് പെണ്ണിന് പന്തിയില്‍ പക്ഷഭേദം അനുഭവിക്കേണ്ടി വരുന്നത്? യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് കാര്യങ്ങള്‍ വേണ്ടത്?

ഇളയ പ്രായത്തില്‍ കൗമാരം വന്നുചേരുന്ന പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയെക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ വേണം. ആ പ്രായത്തില്‍ ‘ആണുങ്ങള്‍ ആദ്യം കഴിക്കട്ടെ’ നിയമം നിലനില്ക്കുന്നയിടത്ത്, പ്രത്യേകിച്ച് സാമ്പത്തികസ്ഥിതി താഴ്ന്ന വീടുകളില്‍, മത്സ്യമാംസാദികള്‍ ആയാലും പയര്‍ വര്‍ഗമായാലും, അവള്‍ക്ക് കിട്ടുന്നത് അവന്‍ കഴിച്ചതിന്റെ ബാക്കിയാണ്. വെറുതെ ചോറ് വാരിത്തിന്നുന്നതുകൊണ്ട് ഈ പെണ്‍കുട്ടിക്ക് വേണ്ട യാതൊരു ഗുണവും കിട്ടുകയുമില്ല. ആര്‍ത്തവം തുടങ്ങുന്നിടത്ത്, ആണിനെ അപേക്ഷിച്ച് അവള്‍ക്ക് കൂടുതല് ഇരുമ്പും ധാതുലവണങ്ങളും വേണ്ട കാലത്ത് അവള്‍ക്കു ഇത് നിഷേധിക്കപ്പെടുന്ന സാമൂഹികവ്യവസ്ഥ എന്നാണു തിരുത്തപ്പെടുക? പലപ്പോഴും ശരിയായ അറിവിന്റെ കുറവും ഈ ഒരു വ്യവസ്ഥിതി നിലനിന്നു പോകുന്നതിന്റെ കാരണമാണെന്ന് മനസ്സിലാക്കണം. ആര്‍ത്തവം, പ്രസവം, മുലയൂട്ടല്‍, ആര്‍ത്തവവിരാമം തുടങ്ങി സ്ത്രീശരീരത്തിന്റെ സകല അവസ്ഥകളിലും ആണിനെ അപേക്ഷിച്ച് അവള്‍ക്കു ശാരീരികമായി പോഷകങ്ങളുടെ ആവശ്യകത കൂടുതലാണ്. ഇതനുസരിച്ചു കഴിക്കാന്‍ വീട്ടുജോലികളോ തൊഴിലോ ഒന്നും തന്നെ കാരണമാകാന്‍ പാടില്ല. ഭക്ഷണം, കൃത്യമായ വ്യായാമം, ഉറക്കം എന്നിവ ഒഴിവാക്കുന്നതിനു ഒഴിവുകഴിവുകള്‍ ഉണ്ടാകാന്‍ പാടില്ല.

ആര്‍ത്തവവിരാമത്തിനു ശേഷം ഓസ്റ്റിയോപോറോസിസ് കാരണം എല്ല് പൊട്ടാന്‍ കൂടുതല്‍ സാധ്യതയുള്ള പെണ്ണിന് അത് തടയാന്‍ സാധിക്കും വിധം കാത്സ്യമുള്ള ചെറുമീനുകളും പാലും തൈരുമൊക്കെ ആവശ്യത്തിനു കഴിക്കാന്‍ കിട്ടുന്ന സ്ഥിതി നമുക്ക് ചുറ്റും എത്രത്തോളം ഉണ്ടെന്നു ചിന്തിച്ചു നോക്കണം. വീട്ടിലെ അമ്മമാര്‍ ത്യാഗത്തിന്റെയും ഭൂമിദേവിയോളം ക്ഷമിക്കുന്നതിന്റെയും പ്രതീകമാകുന്നതിന്റെ ഇടയ്ക്കു പ്രമേഹവും അമിതമായ രക്തസമ്മര്‍ദവും ഉണ്ടാക്കി വെക്കുന്നതില്‍ ഈ ഭക്ഷ്യശീലത്തിന് വലിയ പങ്കുണ്ട്. കൂട്ടത്തില്‍ പ്രായം കൂടുംതോറും ഉണ്ടാകുന്ന ഒറ്റപ്പെടലും മാനസികസമ്മര്‍ദവും കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ വഷളാകുന്നു. ഈ വിഷാദാവസ്ഥ ഭക്ഷണത്തിന്റെ അളവ് കുറക്കുന്നു. ഇതൊരു ചക്രമായി നീങ്ങുന്നിടത്ത് അമ്മമാര്‍ ശരിക്കും സ്വന്തം ആരോഗ്യമെന്ന വില കൊടുത്തു കുടുംബം നോക്കുന്ന ഒട്ടും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്‌ നിത്യക്കാഴ്ചയാണ്.

കുട്ടിക്കാലത്ത് കറി വേണ്ടെന്നു പറഞ്ഞ് മറ്റു സൂത്രപ്പണികള്‍ ചെയ്യുന്നത് പതിവായിരിക്കാം. എന്നാല്‍ രാവിലെ ഒറ്റ നില്‍പ്പിന് ഉണ്ടാക്കിയ അപ്പത്തിന്‍റെ കറി യാതൊരു കണക്കുമില്ലാതെ വീട്ടിലെ പുരുഷകേസരികള്‍ കഴിച്ചു തീര്‍ക്കുമ്പോള്‍ ബാക്കിയുള്ളവർ പഞ്ചസാര കൂട്ടി കഴിക്കുന്നതൊക്കെ അദ്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. അത് പോലെ എണ്ണയൊഴിച്ചു ഉപ്പിട്ട് ചോറ് കഴിക്കുന്നതും ‘മറ്റുള്ളവര്‍ കറി ബാക്കിവെയ്ക്കായ്മ’ യുടെ ചിത്രമായി കണ്ടിട്ടുണ്ട്. രണ്ടും പെണ്ണിന് നല്കുന്നത് അധികവണ്ണവും ആരോഗ്യക്ഷയവുമാണ്. ഇതേക്കുറിച്ച് ഒന്നും തന്നെ ചിന്തിക്കാതെ നിറച്ചുണ്ട് കൈ കഴുകി ഏമ്പക്കം വിട്ടു പോകുന്ന നമ്മുടെ ആണ്‍പ്രജകള്‍ പറയുന്ന ന്യായീകരണം ഇത് പലപ്പോഴും അവരെ അറിയിക്കാത്തതാണ് എന്നാണ്. എന്നാൽ തനിക്ക് വച്ച് വിളമ്പിത്തരുന്ന് പെണ്ണിന് തന്നെപ്പോലെ ഭക്ഷണം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ആണിന്റെ കടമയാണ്, അത് ചോദിച്ചും കണ്ടും ഉറപ്പുവരുത്തിയേ മതിയാവൂ, മറ്റ് ന്യായീകരണങ്ങളൊന്നും അവിടെ നിലനിൽക്കുന്നില്ല. പെണ്ണിനേയും അവളുടെ ആവശ്യങ്ങളെയും അവകാശങ്ങളെയും അറിയുന്നത് നാണക്കേട് ആണെന്ന് രക്ഷിതാക്കള്‍ കരുതുമ്പോള്‍ അതിന്റെ തിക്തഫലം അവനുമായി നേരിട്ട് ബന്ധമുള്ള സ്ത്രീകളെല്ലാം തന്നെ അനുഭവിക്കുന്നുണ്ട്.

പെങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടാകുന്നതും അമ്മയ്ക്ക് ആര്‍ത്തവസംബന്ധിയായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതും എന്തേ നമ്മുടെ ആണ്‍കുട്ടികള്‍ അറിയാതെ പോകുന്നു? ആ നേരത്തും ആറടി ഉയരമുള്ളവന്റെ ജീന്‍സ് വെള്ളത്തില്‍ മുക്കിയെടുക്കേണ്ട ഗതികേട് പെണ്ണിന് വരുന്നത് അവരുടെ ബുദ്ധിമുട്ട് അവനെ അറിയിക്കാത്തത് കൊണ്ട് മാത്രമാണ്. ആണ്‍കുട്ടികള്‍ തമ്മില്‍ ഇതേക്കുറിച്ച് കൃത്യമായ ധാരണകള്‍ പങ്ക് വെക്കുന്നത് വളരെ കുറവാണ്. പലയിടത്തും ക്ലാസിനു ചെല്ലുമ്പോള്‍ അവര്‍ക്ക് ‘ആ’ സമയത്ത് ശാരീരികബന്ധം പുലര്‍ത്താന്‍ സാധിക്കില്ല എന്നൊരു ധാരണ മാത്രമാണ് സ്വന്തമായുള്ളത്. മിക്കവര്‍ക്കും ആ രക്തം എന്താണെന്നോ, അതിന്റെ പ്രസക്തിയോ അത് വരുമ്പോള്‍ സ്ത്രീ അനുഭവിക്കുന്ന കഷ്ടതകളെയോ സംബന്ധിച്ചോ യാതൊരു അറിവുമില്ല. ഇതുകൊണ്ടാണ് ശരീരത്തിന്റെ സ്വഭാവികതയായ ആര്‍ത്തവം ആണ്‍കുട്ടികള്‍ക്ക് വൃത്തികേടായി തോന്നുന്നത്. അവന്‍ വിവാഹിതനാകുമ്പോള്‍ അവളുടെ ശരീരത്തെ പരിഗണിക്കാതെ പോകുന്നതും.

അവള്‍ ഗര്‍ഭിണിയാകുന്ന സമയത്ത് അവളുടെ ശരീരം എത്ര മാത്രം മാറ്റങ്ങള്‍ക്കു വിധേയമാകുന്നു എന്നതും ആ സമയത്ത് നല്‍കേണ്ട മാനസികപിന്തുണയും ചിലയിടത്തെങ്കിലും മനോഹരമായ നടക്കാത്ത സ്വപ്നമാണ്. ചില ‘കെട്ടിച്ച വീടുകളില്‍’ എങ്കിലും ഗര്‍ഭവും പ്രസവവും വേദനയും അധ്വാനവുമെല്ലാം പെണ്ണിനും, കുഞ്ഞ് മാത്രം ഭര്‍തൃവീട്ടുകാരുടേതുമാണ്. പ്രസവശുശ്രൂഷാപീഡനം മുതല്‍ കുഞ്ഞിനു പേരിടല്‍ വരെ അവള്‍ക്ക് യാതൊരു ശബ്ദവുമില്ലാത്ത അവസ്ഥ ഇന്നുമുണ്ട്. അത്തരം ഒരു ശബ്ദമില്ലായ്മ തുടര്‍ന്ന് പോരുന്നത് അവളെ മാനസികമായും ഏറെ തളര്‍ത്തുന്നു. ഏത് ആശുപത്രിയില്‍ ഏത് ഡോക്ടറെ കാണണം എന്നത് ഗര്‍ഭിണിക്ക് തീരുമാനിക്കാന്‍ സാധിക്കുന്നില്ല. ഡോക്ടറുടെ മതവും ജാതിയും ജെന്‍ഡറുമൊക്കെ നോക്കി തിരഞ്ഞെടുക്കുന്നത് എന്ത് മാത്രം നീചമാണ് എന്ന് പല തവണ തോന്നിയിട്ടുണ്ട്. അവള്‍ എന്ത് കഴിക്കണം എന്ന് ഭര്‍ത്താവിന്റെ വകയിലെ ബന്ധുവിന്റെ അഭിപ്രായപ്രകാരം ചെയ്യേണ്ടി വരുന്നതെല്ലാം പ്രതികരണശേഷി അത്രയേറെ അടിച്ചമര്‍ത്തി വളര്‍ത്തപ്പെടുന്നതുകൊണ്ട് മാത്രമാണ്. പ്രസവിച്ചു കഴിഞ്ഞുള്ള ഒറ്റയ്ക്ക് കിടത്തവും ഏകാന്തതയും, സംസാരിക്കാന്‍ പാടില്ല, വായിക്കാന്‍ പാടില്ല തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതുമെല്ലാം അമ്മക്ക് പ്രസവശേഷമുള്ള മാനസികരോഗങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.

 ചില പെണ്‍കുട്ടികളാകട്ടെ, ഒന്നു പൊരുതി നോക്കുക പോലും ചെയ്യാതെ നേരെ ഈ ചങ്ങലയെടുത്ത് ആഭരണമാക്കുന്നവരാണ്. ഏതായാലും എന്നെ നേരത്തെ വിവാഹം കഴിപ്പിച്ചുവിടും എന്തിനാണ് പിന്നെ പഠിച്ച് കഷ്ടപ്പെടുന്നത് എന്നാണവരുടെ ചിന്ത. കുത്തിവെക്കപ്പെടുന്ന വിധേയത്വം അവളെ പരിശീലനം ലഭിച്ച പാവ മാത്രമാക്കുന്നതാണ് കണ്ടുവരുന്നത്.

സ്വന്തം ഇഷ്ടങ്ങള്‍ നേടാനും തേടാനും സ്വയം സന്തോഷം കണ്ടെത്താനുമുള്ള നേരങ്ങള്‍ കളഞ്ഞു പോകുന്നതാണ് സ്ത്രീകളിലെ വിഷാദരോഗം വന്നുചേരുന്നതിന്റെ കാരണങ്ങളില്‍ ഒന്ന്. വിവാഹിതരായിക്കഴിഞ്ഞാല്‍ സൗഹൃദങ്ങള്‍ ഇല്ലാതാകുന്നതും സ്വകാര്യത നഷ്ടപ്പെടുന്നതും സന്തോഷങ്ങള്‍ ചരിത്രമാകുന്നതും പുതിയ കഥയല്ല. ‘എന്റെ സന്തോഷം ഇതാണ്, നീയും ഇതിനു സന്തോഷിച്ചാല്‍ മതി’ എന്ന് കല്‍പ്പിക്കുന്ന ഭര്‍ത്താവ് കൂട്ടുകാരുടെ കൂടെ കറങ്ങാന്‍ പോകുന്നതിന് ഒരു കുറവും വരുന്നുമില്ല.

നാളുകളെത്ര കടന്നുപോയാലും, പെണ്‍പന്തി എന്നൊന്ന് ഇല്ലാതാക്കാന്‍ ഇനിയും കാലമെടുക്കും എന്ന് തന്നെയാണ് തോന്നുന്നത്. പെണ്ണിനുവേണ്ടി എന്ത് പറഞ്ഞാലും ‘ഓള് ഒരു ഫെമിനിസ്റ്റ്’ എന്ന് ചില പുരുഷനാമധാരികള്‍ക്ക് പുച്ഛം ചൊരിയാന്‍ വളരെ എളുപ്പമാണ്. പെണ്ണായിരിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടാണ് എന്നത് മനഃപൂര്‍വ്വം കാണാതിരിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയുടെ വികാരം കൊള്ളല്‍ മാത്രമാണത്. അതല്ലെങ്കില്‍, അവളെ കണ്ടറിയുന്നതോടെ സ്വന്തമല്ലാത്ത കാരണത്താല്‍ നേടിയെടുത്ത സൗജന്യങ്ങള്‍ അത് വഴി നഷ്ടപ്പെടുമെന്ന് ഭയക്കുന്നതുമാകാം.

എന്നാല്‍, കൂടെ നിന്ന് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആള്‍ക്ക് ആ പുച്ഛം ഉണ്ടാകില്ല. കാരണം, അവളുടെ വിലയറിയാം എന്നത് തന്നെ. അങ്ങനെയുള്ളവർക്കിടയിലെ പരസ്പര ബഹുമാനത്തോടെയുള്ള ഇടപെടലുകൾ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്. എന്നാൽ ഈ കാഴ്ച അപൂർവതയാകാതിരിക്കുന്നിടത്തോളം നമ്മള്‍ കീ ബോര്‍ഡില്‍ അവളുടെ അംഗപ്രത്യാംഗങ്ങളെക്കുറിച്ച് ആഭാസത്തിന്റെ ഭാഷയില്‍ കുറിക്കും. അവളെ അവഹേളിക്കും. അവള്‍ക്കു വിലയില്ലെന്ന് പൊതുവിടങ്ങളില്‍ പറയാന്‍ ധൈര്യം കാണിക്കും. ശബ്ദമുയര്‍ന്നുവെന്ന് കണ്ടാല്‍ എങ്ങനെയും ഒതുക്കാനുള്ള അടവുകള്‍ പയറ്റും. പക്ഷേ, അവളെ തടുക്കാന്‍ കഴിയുന്ന കാലം ഇനിയുമേറെയില്ലെന്ന് പ്രതീക്ഷിക്കാം. കാരണം, ആകാശമാണ് അതിര് എന്ന് തിരിച്ചറിയുന്ന സ്വപ്നം കാണാന്‍ അറിയുന്ന സ്ത്രീകളുടെ എണ്ണം ഓരോ ദിവസവും ഏറുകയാണ്. ഈ തുരങ്കത്തിനറ്റത്ത് ഉറപ്പായും വെളിച്ചമുണ്ടാകും. ഉണ്ട്."

- Dr. Shimna Azeez

 

കടപ്പാട്: ഡോ. ഷിംന അസീസ്.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon