ശ്വാസമടക്കിപിടിച്ചല്ലാതെ നിങ്ങൾക്കീ കഥ വായിക്കാനാവില്ല.. കഥയല്ല കണ്മുന്നിൽ കണ്ട ജീവിതം.. ജനിച്ച ഉടനെ അമ്മയെ ജീവിതത്തിലേക്ക് തിരികെ വിളിച്ച കുഞ്ഞാണ് അത്ഭുതമായി മാറിയത്. ദൈവത്തിന്റെ കൈകളാണോ ശാസ്ത്രത്തിന്റെ പുരോഗതിയാണോ തന്റെ ജീവിതം തിരികെ തന്നത് എന്ന് പറയാനാവാത്ത നിമിഷങ്ങളിലൂടെയാണ് കോട്ടയം സ്വദേശിനിയായ ബെറ്റിനയും കുടുംബവും കടന്നു പോകുന്നത്. കഴിഞ്ഞ ജനുവരിയിലാണ് അപകടത്തിൽ തലച്ചോറിനേറ്റ ക്ഷതം മൂലം അബോധാവസ്ഥയിലായ നിലയിൽ ബെറ്റിനയെ കോട്ടയം കാരിത്താസിൽ പ്രവേശിപ്പിക്കുന്നത്. കെ എസ് ഇ ബി ജീവനക്കാരനായ ഭർത്താവ് അനൂപും മൂന്നുവയസുകാരനായ കുഞ്ഞും അടങ്ങുന്ന കൊച്ചു കുടുംബത്തിലേക്ക് പുതിയ അതിഥിയെ കൂടി വരവേൽക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബെറ്റിന. അപകട സമയത്ത് മൂന്നുമാസം ഗർഭിണിയായിരുന്നു അവർ.
സ്വന്തമായി ശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ബെറ്റിനയെ നേരെ വെന്റിലേറ്ററിൽ ആണ് പ്രവേശിപ്പിച്ചിരുന്നത്. യാതൊരുവിധ ചലനങ്ങളുമില്ലാതെ ഒന്നരമാസം വെന്റിലേറ്ററിൽ കഴിഞ്ഞതിനു ശേഷം നില അല്പം പുരോഗമിച്ചപ്പോൾ ഐ സി യു വിലേക്ക് മാറ്റി. അതുവരെയ്ക്കും ഗർഭകാലത്ത് നല്കാൻ പാടില്ലാത്ത ഒരുപാടു മരുന്നുകൾ ജീവൻ രക്ഷിക്കാനായി അമ്മയ്ക്ക് നൽകി കഴിഞ്ഞിരുന്നു. സ്വാഭാവികമായ അബോർഷൻ പ്രതീക്ഷിച്ച ഡോക്ടർമാരെ അമ്പരപ്പിച്ചുകൊണ്ടാണ് വയറ്റിലുള്ള കുഞ്ഞുവാവ ചലനങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയത്. അതുവരെയ്ക്കും അമ്മയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ചിന്തയിൽ മരുന്നുകൾ നൽകിയിരുന്നത് നിർത്തി കുഞ്ഞിനെ ബാധിക്കാത്ത തരത്തിലുള്ള മരുന്നുകൾ പിന്നീട് നല്കാൻ തുടങ്ങി.
എമർജൻസി കൺസൾട്ടന്റ് ഡോ. വിവേകും ഗൈനക്കോളജിസ്റ്റ് ഡോ. റെജിയും
പിന്നീട് നടത്തിയ സ്കാനിങ്ങുകളിൽ കുഞ്ഞിന്റെ ചലനവും വളർച്ചയും സ്വാഭാവികമായി കാണപ്പെട്ടു. അപ്പോഴും അമ്മയുടെ നിലയിൽ മാറ്റമൊന്നും ഇല്ലായിരുന്നു. മറ്റു പ്രശനങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ ജൂൺ 14 നു 37 ആഴ്ച പ്രായമുള്ള കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പിന്നീടാണ് ഏറ്റവും വലിയ അത്ഭുതം സംഭവിച്ചത്. പ്രസവശേഷം അമ്മയുടെ അടുത്തു കിടത്തിയ കുഞ്ഞിന്റെ കരച്ചിൽ കേട്ട് ബെറ്റിനയുടെ കൺപീലികൾ ചലിച്ചു! പിന്നീട് കണ്ണീർ ഒഴുകിയിറങ്ങി.. കുഞ്ഞിനെ എടുക്കാനായി കൈകൾ ചലിപ്പിച്ചു.. ആദ്യ ചുംബനം നൽകി.. സിനിമകളിൽ മാത്രം കണ്ടു പുളകം കൊണ്ട നിമിഷങ്ങൾ കണ്മുന്നിൽ അനുഭവിക്കുകയായിരുന്നു ബെറ്റിനയെ ശുശ്രൂഷിച്ച ഡോക്ടർമാരും നഴ്സുമാരുമെല്ലാം. മാതൃത്വമെന്ന വികാരം അമ്മയുടെ ജീവിതം തിരികെത്തന്ന നിമിഷങ്ങളായിരുന്നു പിന്നീടങ്ങോട്ട്..!
എൽവിൻ എന്ന് പേരിട്ട കുഞ്ഞുവാവയ്ക്കൊപ്പം ഇപ്പോൾ വീട്ടിലുണ്ട് ബെറ്റിന. വൈറ്റമിൻ ഗുളികകളും ഫിസിയോതെറാപ്പിയും മാത്രമാണ് ഇപ്പോൾ ചികിത്സയായി ഉള്ളത്.
ബെറ്റിനയുടെ കേസ് മെഡിക്കൽ ചരിത്രത്തിൽ തന്നെ അപൂര്വമാണെന്ന് ചികിത്സക്ക് മേൽനോട്ടം വഹിച്ച ഡോക്ടർമാരായ ഗൈനക്കോളജിസ്റ്റ് ഡോ. റെജിയും എമർജൻസി കൺസൾട്ടന്റ് ഡോ. വിവേകും പറയുന്നു. വിദഗ്ദാഭിപ്രായങ്ങൾ തേടിയപ്പോഴൊക്കെ അബോർഷൻ നടത്തി അമ്മയെ രക്ഷിക്കണമെന്നായിരുന്നു നിർദേശങ്ങൾ. പക്ഷെ അതിനാർക്കും താല്പര്യം ഉണ്ടായിരുന്നില്ല. സ്വാഭാവികമായ അബോർഷൻ നടക്കട്ടെ എന്ന തീരുമാനത്തിലായിരുന്നു എല്ലാവരും. എന്നാൽ അത്യപൂർവമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനായിരുന്നു നിയോഗം..
ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട്: മനോരമ ഓൺലൈൻ
