Link copied!
Sign in / Sign up
0
Shares

ആഘോഷം മാത്രം പോരാ ഈ മഴക്കാലത്ത്!

മഴ തിമിർത്തു പെയ്യുകയാണ്.. ഉരുൾപ്പൊട്ടലും കൃഷിനാശവും വെള്ളപ്പൊക്കവുമൊക്കെയായി മഴക്കെടുതികൾ കൂടിവരുമ്പോൾ അതൊരു ആഘോഷമാക്കുന്നവരും കുറവല്ല. നദികൾ കവിഞ്ഞൊഴുകിയ വെള്ളം റോഡും തോടും ഒരുപോലയാക്കി... ഇതിനിടയിൽ റോഡിലൂടെ തോണിയിറക്കിയും ഇടയ്ക്കിടെ ഫേസ്ബുക്ക് ലൈവ് ഇട്ടുമെല്ലാം കുട്ടികളും മുതിർന്നവരും ആഘോഷമാക്കുകയാണ് മഴക്കാലം. മഴയുത്സവത്തിന്റെ ലേറ്റസ്റ്റ് അപ്ഡേറ്റുകൾക്കായി ന്യൂസ് ഫീഡ് നോക്കിയപ്പോഴാണ് കണ്ണ് നിറയ്ക്കുന്ന കാഴ്ച കണ്ടത്.. മഴയത്ത് വൈദ്യുതി കമ്പി പൊട്ടി വീണു വഴിയരികിൽ മീൻ വിൽക്കുകയായിരുന്ന ഒരു മധ്യവയസ്‌ക മരിച്ചു കിടക്കുന്ന ചിത്രം ആരോ പോസ്റ്റ്ചെയ്തിരിക്കുന്നു. ആഘോഷങ്ങൾക്കിടയിൽ ഇത്തരം അപകടങ്ങൾ ആർക്കും ഏതുനിമിഷവും സംഭവിക്കാം എന്നൊരു ജാഗ്രതയില്ലാതെയാണ് ആളുകൾ മഴക്കാലം ആഘോഷമാക്കുന്നത്. വെള്ളപ്പൊക്കം കഴിഞ്ഞുള്ള രോഗവ്യാപന കാലവും ഇനി നമ്മെ കാത്തിരിക്കുന്നുണ്ട്.. ഇതിനെയൊക്കെ നേരിടാൻ ഒരു ചെറിയ മുൻകരുതൽ ഇപ്പോഴേ എടുക്കുന്നത് നല്ലതല്ലേ? സൂക്ഷിച്ചാൽ ദുഖിക്കേണ്ട!

ചെരുപ്പ് പോലും ധരിക്കാതെയാണ് കൊച്ചുകുട്ടികൾ വരെ റോഡിലും ചെളിവെള്ളത്തിലും ഇറങ്ങി കളിക്കുകയും കുളിക്കുകയുമൊക്കെ ചെയ്യുന്നത്.. മണ്ണിനെ അറിയണം പ്രകൃതിയെ അറിയണം എന്നൊക്കെ പറഞ്ഞു കൊടിപിടിക്കാൻ വരട്ടെ, കൊച്ചുകുട്ടികളാണ്, അവർക്ക് രോഗപ്രതിരോധ ശേഷി കുറവാണ് എന്നകാര്യം മറ്റാരേക്കാളും അറിയാവുന്നത് മാതാപിതാക്കൾ തന്നെയാണ്... അതുകൊണ്ടു തന്നെ ആവശ്യമായ മുൻകരുതൽ എടുക്കുക തന്നെ വേണം. പിന്നെ മുകളിൽ പറഞ്ഞത് പോലെ കാറ്റിലും മഴയിലും പെട്ട് വൈദ്യുത പോസ്റ്റുകളും മറ്റും വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. വെള്ളത്തിലിറങ്ങും മുൻപ് ചുറ്റുവട്ടമൊക്കെ ഒന്ന് നിരീക്ഷിക്കുന്നത് നന്നായിരിക്കും. ഒരു കാൽവെപ്പ് മതി മരണം സംഭവിക്കാൻ എന്നും മറക്കാതിരിക്കുക. ഒപ്പം വഴിയരികിലുള്ള വലിയ മരങ്ങളും ഈ സമയത്ത് അപകടകാരികളാണ്. ഇവയിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കേണ്ടതുണ്ട്. 

രണ്ടു വർഷം മുൻപ് രാജ്യാന്തര ശ്രദ്ധയാകർഷിച്ച ചെന്നൈയിലെ ദുരിതക്കെടുതിയിൽ ഞാനും പെട്ടു പോയിരുന്നു... ചെന്നൈ ഒറ്റപ്പെടുന്നതിന് മുൻപേ വീട്ടിലെത്താൻ കഴിഞ്ഞത് എന്തോ ഭാഗ്യത്തിനാണ്! ജോലി സംബന്ധമായി പോയതായിരുന്നു അവിടെ.. ജീവിതത്തിൽ ആദ്യമായി കാണുന്ന വെള്ളപ്പൊക്കം. താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും ഓഫിസിലേക്ക് അധിക ദൂരം ഇല്ലാതിരുന്നതിനാൽ നടക്കാൻ തീരുമാനിച്ചു. മാത്രമല്ല മുട്ടിനു മുകളിൽ വരെ റോഡിൽ വെള്ളമുണ്ടായിരുന്നതിനാൽ ട്രാഫിക്കിൽ പെട്ട് കിടക്കുന്ന വാഹനങ്ങൾക്കിടയിലൂടെ പതിയെ നടക്കാൻ തുടങ്ങി. എതിരെ വരുന്ന വാഹനങ്ങൾക്ക് അധികം വേഗമില്ലെങ്കിലും വണ്ടര്ലാ കടലിൽ എത്തിയ ഫീൽ.. വലിയ തിരകളിൽ മറിഞ്ഞു വീഴാതിരിക്കാൻ നന്നേ പാടുപെട്ടു.

നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും നന്നായി ആസ്വദിച്ചായിരുന്നു നടപ്പ്... അങ്ങനെ നടന്നു നടന്ന് ഓഫീസ് എത്താറായപ്പോൾ റോഡിലെ വെള്ളം കുറഞ്ഞു വന്നു... തീരെ വെള്ളമില്ലാതായി. അപ്പോഴാണ് മറ്റൊരു സംഭവം കണ്ടത്. ഏതാണ്ട് ഒരു മീറ്ററിലധികം നീളമുള്ള ഒരു പാമ്പ് ചത്ത് ചീഞ്ഞു റോഡിൽ കിടക്കുന്നു... ഇതുപോലെ എത്രയെത്ര ജീവികൾ ചത്തുപൊന്തിയ വെള്ളത്തിലൂടെയാണ് ഈശ്വരാ നടന്നു വന്നതെന്ന് ഓർത്തപ്പോൾ മഞ്ഞപ്പിത്തം പിടിച്ചു ആശുപത്രി വരാന്തയിലൂടെ നടക്കുന്ന സീൻ ആണ് ഓർമവന്നത്.. തിരിച്ചു പോകുന്ന വഴി ഒരു കുപ്പി ഡെറ്റോളും വാങ്ങി. മറ്റൊന്നുമല്ല കാലുകൾക്ക് ചെറുതായി ചൊറിച്ചിൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഏതാ ഈ രാജകുമാരി എന്ന് മനസ്സിൽ തെറി വിളിക്കാൻ തോന്നുന്നുണ്ടോ? സത്യത്തിന്റെ മുഖം വികൃതമാണ് സുഹൃത്തേ.., വെള്ളത്തിലിറങ്ങിയാൽ ഉടനെ ഇതൊക്കെ വരുമെന്നല്ല, എങ്ങാനും വന്നാലോ എന്നൊരു വിദൂര സാധ്യത മുൻകൂട്ടി പറഞ്ഞെന്നെ ഉളളൂ..! 

ഉരുൾപൊട്ടൽ മൂലം ഒഴുകിവരുന്ന വെള്ളമാണ് നാട്ടിലെ മിക്കയിടങ്ങളിലെയും വെള്ളപ്പൊക്കത്തിന് കാരണം. ഇതിലൂടെ ജീവനുള്ള പാമ്പുകളും മറ്റു വിഷാംശമുള്ള ജീവികളും വെള്ളത്തിലുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ട്. അപകടം വന്നതിനു ശേഷം കരഞ്ഞിട്ടു കാര്യമില്ലല്ലോ..

സാധ്യമായ രീതിയിൽ വ്യക്തി ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം പരിസര ശുചിത്വവും. കഴുത്തൊപ്പം വെള്ളം കയറി നിൽക്കുമ്പോൾ എന്ത് പരിസര ശുചിത്വം എന്നാലോചിക്കാൻ വരട്ടെ, വീടുകളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നുമുള്ള വേസ്റ്റുകൾ പഴയപോലെ വലിച്ചെറിയാതെയെങ്കിലും ഇരിക്കാം..

ആഘോഷത്തോടൊപ്പം മുൻകരുതലും നിറഞ്ഞതാകട്ടെ ഈ മഴക്കാലം!

 

ചിത്രങ്ങൾക്ക് കടപ്പാട്: മനോരമ, ഇന്റർനെറ്റ്

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon