Link copied!
Sign in / Sign up
11
Shares

ഇരട്ട കുട്ടികളുടെ അമ്മയാകാൻ പോകുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക!


"ഹോ ഈ രണ്ടെണ്ണത്തിനെക്കൊണ്ട് ഞാൻ മടുത്തു! ഒരു നിമിഷം എനിക്ക് സ്വസ്ഥത തരില്ല! ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ടോടിക്കോളും. എട്ടു മക്കളെ വളർത്തിയെടുക്കാൻ എന്റെ അമ്മയ്ക്ക് ഇത്രയും ബുദ്ധിമുട്ടില്ലായിരുന്നു..!" ചിറ്റയാണ് പറയുന്നത്. ചിറ്റയ്ക്കു ഇരട്ടക്കുട്ടികൾ ആണ്. രണ്ടു വയസ്സേ ആയിട്ടുള്ളൂ ആ സുന്ദരിക്കുട്ടികൾക്ക്. എങ്കിലും നല്ല കുറുമ്പികളാണ് രണ്ടു പേരും. ഇതുകേട്ട് ഞാൻ ചിരിച്ചപ്പോൾ ചിറ്റ പറഞ്ഞു: "ഇപ്പൊ നീ ചിരിച്ചോ..ഇതുപോലെ രണ്ടു പിള്ളേരായി കഴിയുമ്പോൾ മനസിലായിക്കോളും!" " ഈ ചിറ്റയ്ക്ക് അസൂയയാണെന്ന് പറഞ്ഞു അപ്പൊ തടിയൂരിയെങ്കിലും പിന്നീടാലോചിച്ചപ്പോൾ ആണ് മനസിലായത്  ഓരോ അമ്മയുടെയും വേദനയും കഷ്ടപ്പാടും മനസിലാകുന്നതു നമ്മളും ആ സ്ഥാനത്തു എത്തുമ്പോൾ മാത്രമായിരിക്കുമെന്ന്. ഇവരെ മേയ്ക്കാൻ ഇനി രണ്ടു പേരെ കൂടി വേണം എന്നും പറഞ്ഞു തലയ്ക്കു കയ്യുംകൊടുത്തിരിക്കുന്ന ഒരുപാട് യുവതലമുറയിലെ അമ്മമാർ ഇന്ന് നമുക്കുചുറ്റുമില്ലേ!!??

അമ്മയാകാൻ പോകുന്നുവെന്ന് അറിയുന്നത് തന്നെ സന്തോഷം; ഇരട്ടക്കുട്ടികളുടെ അമ്മയാകുന്നുവെന്നറിഞ്ഞാലോ ...? പറയേണ്ടകാര്യമില്ലല്ലോ..!! ആ സന്തോഷം ഇരട്ടി മധുരവും അതിലേറെ സന്തോഷവും നൽകുമെന്ന് തീർച്ച. വളരെ കുറച്ചുപേർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണത് . ഒൻപതു മാസം അവരെ മാത്രം സ്വപ്നം കണ്ടും , അവർക്കുവേണ്ടി കുട്ടിക്കുപ്പായം തുന്നിയും, അവരുടെ മുറി അലങ്കരിച്ചും ആനന്ദം കണ്ടെത്തുന്നവർ ആണ് നമ്മിൽ പലരും. കാരണം ഒരാളല്ലല്ലോ; രണ്ടു അതിഥികൾ ആണല്ലോ നമ്മുടെ കുടുംബജീവിതത്തിനു മാറ്റ് കൂട്ടാൻ വരുന്നത്. എന്നാൽ; ഗർഭിണികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ നമുക്ക് ചുറ്റും നിരവധിയുള്ളതുപോലെ; ഇരട്ട കുട്ടികളെ വരവേൽക്കുന്ന അമ്മമാർ മനസ്സില്ലാക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്.

സാധാരണ ഗർഭധാരണവും കുഞ്ഞിനെ ഒൻപതു മാസം ചുമക്കുന്നതും പോലെയല്ല ഇരട്ടക്കുട്ടികളെ ഗർഭം ധരിക്കുമ്പോൾ... എല്ലാ കാര്യങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ഡോക്ടർ നിങ്ങൾക്ക് പറഞ്ഞുത്തരണം എന്നില്ല. അതിനാൽ; ചില കാര്യങ്ങൾ നിങ്ങൾ നിങ്ങളാൽത്തന്നെ ഇന്റർനെറ്റിലൂടെയും പുസ്തകങ്ങളിലൂടെയും അന്വേഷിച്ചറിയേണ്ടതുണ്ട്.

ഇരട്ട കുട്ടികളുടെ അമ്മയാകാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ:

കുറച്ചു കൂടുതൽ കരുതലാകാം

മറ്റു ഗർഭിണികളെ അപേക്ഷിച്ചു നിങ്ങൾ കുറച്ചു കൂടുതൽ ജാഗരൂകരാകേണ്ടതുണ്ട്. രക്തസമ്മര്‍ദം മൂലം ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവാന്‍ ഇടയുള്ള വിഷമതകള്‍, നേരത്തേയുള്ള പ്രസവം, ഗർഭകാല പ്രമേഹം എന്നിവ ഇരട്ടക്കുട്ടികളെ ഗർഭാവസ്ഥയിലായിരിക്കുന്നവർ നേരിടേണ്ട വെല്ലുവിളികൾ തന്നെയാണ്. ഇതിനാലാണ് ഡോക്ടർമാരും മറ്റു മുതിർന്നവരും നിങ്ങൾക്ക് നൽകുന്ന നിർദ്ദേശങ്ങൾ അപ്പാടെ സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നു പറയുന്നത്.

ശരിയായ പരിചരണം കൊടുക്കുക

നിങ്ങളുടെ ഗർഭത്തിലുള്ളതു ഐഡന്റിക്കൽ ട്വിൻസ് അഥവാ സരൂപ ഇരട്ടകൾ ആണെങ്കിൽ അവർ ഒരേ പ്ലസെൻറ്റയായിരിക്കും ഉപയോഗിക്കുന്നത്; എന്നാൽ ഫ്രറ്റേർണൽ ട്വിൻസ് അഥവാ സാഹോദര്യ ഇരട്ടകളാണെങ്കിൽ രണ്ടു പ്ലസെൻറ്റ അനിവാര്യമാണ്. ചില സാഹചര്യങ്ങളിൽ ഒരു കുഞ്ഞു പ്ലസെൻറ്റയുടെ ഏറ്റവും ചെറിയ അറ്റത്തായിരിക്കും സ്ഥാനംപിടിച്ചിരിക്കുന്നത്. ആ അവസരത്തിൽ കുഞ്ഞിന് തക്കതായ പോഷകാഹാരം നൽകി പരിചരിക്കേണ്ടതു അമ്മയുടെ ഉത്തരവാദിത്തമാണ്. മാത്രമല്ല; സങ്കീർണമായ ഗർഭാവസ്ഥക്കമിതു കാരണമായേക്കാം.

നേരത്തേയുള്ള പ്രസവം

ഇരട്ടക്കുട്ടികളാണെങ്കിൽ നേരത്തെ തന്നെ ഡെലിവറി നടക്കുവാനുള്ള സാദ്ധ്യതക്കൂടുതലാണ്. ഇതിനാൽ തന്നെ ഡോക്ടർമാർ പ്രസവാനന്തരം കുഞ്ഞിന്റെ ആരോഗ്യപരിപാലനത്തിനു മുന്‍കരുതലെടുക്കും. കുഞ്ഞിനെയും നിങ്ങളെയും നോക്കാനുള്ള ആയയെ എത്രയും വേഗത്തിൽ സംഘടിപ്പിച്ചെടുക്കേണ്ടതും നിങ്ങൾ തന്നെയാണ്.

ഡോക്ടറെ കൂടുതൽ തവണ സന്ദർശിക്കേണ്ടതായി വരും

മറ്റു ഗർഭിണികൾ ഡോക്ടറെ സന്ദര്ശിക്കുന്നതിലും കൂടുതൽ പ്രാവശ്യം ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചിരിക്കുന്നവർ ഡോക്ടറെ കണ്ടു കുഞ്ഞുങ്ങളുടെയും അമ്മയുടെയും ആരോഗ്യസ്ഥിതി വിലയിരുത്തണം. സങ്കീര്ണതയും അപകടസാധ്യതകളും ഒഴിവാക്കാനാണിത്.

നിങ്ങളുടെ വലുപ്പം കൂടും

ചില ഗർഭിണികൾ മൂന്നാം മാസത്തിൽ പോലും ഗർഭിണിയാണെന്ന് തോന്നുകയേ ഇല്ല. എങ്കിൽ, ഇരട്ടക്കുട്ടികളുടെ അമ്മമാർ തുടക്കത്തിലേ തന്നെ നല്ലപോലെ വലുപ്പം കൂടും. ഇതിനാൽ, മറ്റേർണിറ്റി വെയർ നിങ്ങൾ മുൻകൂട്ടി തന്നെ കരുതേണ്ടതുണ്ട്‌. നിങ്ങളുടെ ആകാരവടിവിനു അഭംഗി സംഭവിക്കുമ്പോൾ തളരേണ്ടതില്ല. ഇരട്ടി സന്തോഷമല്ലേ വരാൻ പോകുന്നത്!

സാധാരണയിൽ കൂടുതൽ ആഹാരം കഴിക്കുക

പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെയാണ് നമ്മുടെ ഭക്ഷണക്രമം. എന്നാൽ ഗർഭിണികൾ ഇരട്ടി ഭക്ഷണം കഴിക്കണമെന്നാണ് പറയപ്പെടുന്നത്. ഇരട്ടക്കുട്ടികളെ ഗർഭംധരിക്കുന്നവർ മൂന്നിരട്ടി ഭക്ഷണം കഴിക്കണമെന്നതിൽ സംശയമില്ല. അതിലുപരി, ചെറിയ ഇടവേളകളിലായി ഭക്ഷണം കഴിക്കുന്നതാവും കൂടുതൽ നല്ലത്.

ഒരിക്കലും നിലയ്ക്കാത്ത വികാരവിചാരങ്ങൾ

എല്ലാ ഗർഭിണികളും നിലയ്ക്കാത്ത വികാരവിചാരങ്ങൾക്കു അടിമകളാണ്. അപ്പോൾ ഇരട്ടക്കുട്ടികളെ ചുമക്കുന്നവരെക്കുറിച്ചു പറയേണ്ടതില്ലലോ.. സന്തോഷവും ദുഖവും സമ്മിശ്രിതമായ ഒൻപതു മാസങ്ങളായിരിക്കും എന്നതിൽ തർക്കമില്ല. നിങ്ങളുടെ മാനസികവും ശാരീരികവുമായ സന്തോഷത്തിനും സമാധാനത്തിനും മറ്റുള്ളവരെ ആശ്രയിക്കുക.

ഇതൊക്കെവായിച്ചു ഒട്ടും പേടിക്കേണ്ടതില്ല, കൂടുതൽ ജാഗ്രത ദോഷമുണ്ടാക്കില്ലല്ലോ... സുരക്ഷിതമായി ആ കുഞ്ഞുങ്ങളെ ലോകത്തിലേക്ക് കൊണ്ടുവരേണ്ട കടമ നമുക്കേവർക്കുമുണ്ടല്ലോ….എന്നാലല്ലേ, വളർന്നു വരുമ്പോൾ ആ കുഞ്ഞുങ്ങൾ പറയൂ ...ഓർക്കുമ്പോൾ തെളിയുന്ന നന്മയാണ് എന്റെ അമ്മയെന്ന്..!! നിങ്ങളനുഭവിച്ച ശാരീരികവും മാനസികവുമായ കഠിനപീഡകൾ അവരെ ഒന്ന് കേൾപ്പിക്കുകയും വേണം.. മറ്റൊന്നിനുമല്ല, അങ്ങനെയെങ്കിലും ശരണാലയങ്ങൾ നമുക്ക് ചുറ്റും മുളച്ചുപൊങ്ങാതിരുന്നാല്ലോ.. എന്നിട്ടും മാറ്റമൊന്നും സംഭവിക്കുന്നില്ലെങ്കിൽ ലോകമേ തറവാട് എന്ന് വിശ്വസിക്കാമെന്നേ!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon